നടി സൗന്ദര്യയുടെ ജീവിതം സിനിമയാകുന്നു; നായികയായി ആരെത്തും?

2004 ല്‍ ഹെലികോപ്ടര്‍ അപകടത്തിലൂടെ അകാലത്തില്‍ സിനിമാ ലോകത്തിന് നഷ്ടമായ നടി സൗന്ദര്യയുടെ ജീവിതം സിനിമയാകുന്നതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സൗന്ദര്യയെ അവതരിപ്പിക്കുന്നത് ആരായിരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

തെലുങ്കിലെ സബപ്പര്‍നായിക സാവിത്രിയുടെ കഥ പറയുന്ന ചിത്രം മഹാനടിക്ക് തീയേറ്ററുകളില്‍ വമ്പന്‍ വരവേല്‍പ്പ് ലഭിച്ചതിനു പിന്നാലെയാണ് സൗന്ദര്യയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രം ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നത്.

പെലി ചൂപുല്ലു എന്ന സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ തന്നെയാകും സൗന്ദര്യയുടെ ജീവിത കഥ പറയുന്ന ചിത്രമൊരുക്കുന്നത് എന്നാണ് സൂചന.

കന്നഡ സിനിമാ ലോകത്തെ പ്രശസ്ത സംവിധായകനും നിര്‍മ്മാതാവുമായ കെപി സത്യനാരായണന്‍റെ മകള്‍ സൗന്ദര്യ ചുരുങ്ങിയ കാലം കൊണ്ടാണ് ആരാധകര്‍ക്ക് പ്രിയങ്കരിയായത്. നിഷ്കളങ്കമായ മുഖവും ആരെയും മയക്കുന്ന വശ്യമായ ചിരിയുമായിരുന്നു സൗന്ദര്യയെ മറ്റു നടിമാരില്‍ നിന്ന് വ്യത്യസ്തയാക്കിയത്.

കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ടാണ് സൗന്ദര്യ സിനിമാരംഗത്ത് ചുവടുറപ്പിച്ചത്. എന്നാല്‍ തെലുങ്ക് സിനിമയാണ് അവര്‍ക്ക് തെന്നിന്ത്യയിലെ പ്രശസ്തരായ നടിമാരുടെ പട്ടികയില്‍ ഇടം നേടിക്കൊടുത്തത്.

തെലുങ്കിനൊപ്പം തമി‍ഴിലും തിളങ്ങിയ സൗന്ദര്യ സൂപ്പര്‍ താരം രജനികാന്തിന്‍റെ സൂപ്പര്‍ ഹിറ്റുകളായ പടയപ്പാ, അരുണാചലം തുടങ്ങിയ ചിത്രങ്ങളിലും നായികയായി.

കിളിച്ചുണ്ടന്‍ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സൗന്ദര്യ പരിചിതയാണ്. അകാലത്തില്‍ പൊലിഞ്ഞുപോയ ആ സൗന്ദര്യ സമ്പത്തിന് അഭ്രപാളിയില്‍ ആര് ജന്മം നല്‍കും എന്നാണ് ഇന്ന് ആരാധകര്‍ ഉറ്റു നോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here