ദില്ലി: ഗോഹത്യയുടെ പേരില്‍ രാജ്യത്ത് സംഘപരിവാര്‍ ശക്തികളുടെ ആള്‍ക്കൂട്ടക്കൊല തുടരുന്നു.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങിന്റെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ഗോരക്ഷാഗുണ്ടകള്‍ ഒരാളെ തല്ലിക്കൊന്നു. സത്‌ന ജില്ലയിലാണ് നാല്‍പ്പത്തഞ്ചുകാരനായ സിറാജ് ഖാനെ ക്രൂരമായി കൊലപ്പെടുത്തിയത്.

അക്രമത്തില്‍ പരുക്കേറ്റ സിറാജിന്റെ സുഹൃത്ത് ഷക്കീല്‍ മഖ്ബൂലിന്റെ നില ഗുരുതരമാണ്. ആശുപത്രിയില്‍ എത്തിക്കുന്നതിനുമുമ്പുതന്നെ മരിച്ചു. സിറാജിന് മൂന്ന് പെണ്‍കുട്ടികളും ഒരു മകനുമുണ്ട്.

ബദേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാലംഗസംഘമാണ് സിറാജിനെയും ഷക്കീലിനെയും ദണ്ഡുകള്‍കൊണ്ട് ആക്രമിച്ചത്.

കൊല്ലപ്പെട്ട സിറാജിനും മര്‍ദ്ദനമേറ്റ ഷക്കീലിനുമെതിരെ ഗോവധനിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. എന്നാല്‍, ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തത് കാളയുടെ മാംസമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

മധ്യപ്രദേശില്‍ പശുവിനെ കശാപ്പ് ചെയ്യുന്നത് മൂന്നുവര്‍ഷം തടവും അയ്യായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. സംഭവവുമായി ബന്ധപ്പെട്ട് പവന്‍ സിങ്, വിജയ് സിങ്, ഫൂല്‍ സിങ്, നാരായണ്‍ സിങ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥയാണ്. അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ 400 പൊലീസുകാരെ വിന്യസിച്ചു.

മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം വിവിധ സംസ്ഥാനങ്ങളിലായി നാല്‍പ്പതോളംപേരാണ് ‘ഗോസംരക്ഷകരുടെ’ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുമാംസം സൂക്ഷിച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാക്കിനെ വീട്ടില്‍കയറി കൊലപ്പെടുത്തിയശേഷം പശുവിന്റെപേരിലുള്ള കൊലകള്‍ ആവര്‍ത്തിക്കുകയാണ്.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ പ്രധാനമന്ത്രി ശബ്ദിക്കാന്‍ തയ്യാറാകുന്നില്ലെന്ന് വാഷിങ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്രമാധ്യമങ്ങള്‍ വിമര്‍ശിച്ചു. ഗോരക്ഷാഗുണ്ടകളില്‍നിന്ന് കാലിക്കച്ചവടക്കാര്‍ക്ക് സംരക്ഷണം ഒരുക്കണമെന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.