ബയേണിന്‍റെ വമ്പൊടിച്ച് ഐൻട്രാക്റ്റ് ജര്‍മ്മന്‍ കപ്പില്‍ മുത്തമിട്ടു; ബയേണിന്‍റെ പരിശീലകന്‍ പുറത്ത്; ഐൻട്രാക്റ്റിന്‍റെ പരിശീലകന്‍ ബയേണിനെ നയിക്കും

ബെർലിൻ: ജർമൻ കപ്പിൽ ബയേൺ മ്യൂണിക്കിനെ അട്ടിമറിച്ച് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിന് കിരീടം. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ഐൻട്രാക്റ്റിന്റെ ജയം. റഫറിയുടെ തീരുമാനങ്ങൾ മത്സരത്തിൽ വിവാദമായി. ഈ മത്സരത്തോടെ ജൂപ് ഹെയ്ൻക്സ് ബയേൺ പരിശീലക സ്ഥാനത്തുനിന്നുമൊഴിഞ്ഞു. ഐൻട്രാക്റ്റ് കോച്ച് നിക്കോ കൊവാച്ചിനായിരിക്കും ബയേണിന്റെ അടുത്ത ചുമതല.

ആന്റെ റെബിച്ചിന്റെ ഇരട്ടഗോളിലാണ് ബയേണിനെ ഐൻട്രാക്റ്റ് ഞെട്ടിച്ചത്. മിയാത് ഗാസിനോവിച്ച് മൂന്നാം ഗോൾ നേടി. ബയേണിനായി റോബർട്ട് ലെവൻഡോവ്സ്കി ഒരെണ്ണം തിരിച്ചടിച്ചു. കളിയുടെ അവസാനഘട്ടത്തിലാണ് റഫറിയുടെ വിവാദ തീരുമാനമുണ്ടായത്. ബയേൺ ഒരു ഗോളിന് പിന്നിട്ടുനിൽക്കുകയായിരുന്നു.

ബോക്സിനുള്ളിൽ കടന്ന ഹാവി മാർട്ടിനെസിനെ ഐൻട്രാക്റ്റ്താരം കെവിൻ പ്രിൻസ് ബോട്ടെങ് വീഴ്ത്തി. ബയേൺ പെനൽറ്റിക്കായി വാദിച്ചു. റഫറി ഫെലിക്സ് സ്വായെർ അനുവദിച്ചില്ല. തീരുമാനം വീഡിയോ പരിശോധനയ്ക്കുവിട്ടു. ഇതിൽ ബോട്ടെങ് ഫൗൾ ചെയ്തതായി തെളിഞ്ഞെങ്കിലും റഫറി തീരുമാനം മാറ്റിയില്ല.

ബയേണിന്റെ തുടക്കം മികച്ചതായിരുന്നു. ആക്രമിച്ചുകളിച്ചു. ജർമൻ ലീഗിൽ 35 പോയിന്റ് പിന്നിലുള്ള ഐൻട്രാക്റ്റിനെതിരെ പൂർണ മേധാവിത്തം നേടി. ലെവൻഡോവ്സ്കിയുടെ ഫ്രീകിക്ക് ക്രോസ്ബാറിൽ തട്ടിത്തെറിച്ചു. പക്ഷേ, കളിഗതിക്കെതിരായി ഐൻട്രാക്റ്റ് ഗോളടിച്ചു. ജെയിംസ് റോഡ്രിഗസിൽനിന്ന് തട്ടിയെടുത്ത പന്തുമായി റെബിച്ച് മുന്നേറി. ഗോൾ കീപ്പർ സ്വെൻ ഉൾറിച്ചിനും തടയാനായില്ല. ഇടവേളയ്ക്കുശേഷം ജോഷ്വ കിമ്മിച്ചിന്റെ നീക്കത്തിൽ ലെവൻഡോവ്സ്കി ബയേണിന്റെ സമനില പിടിച്ചു.

അവസാന 15 മിനിറ്റിൽ വിജയഗോളിനായി ബയേൺ ആഞ്ഞുശ്രമിച്ചു. പക്ഷേ, ഗോളടിച്ചത് ഐൻട്രാക്റ്റ്. റെബിച്ചും വീണ്ടും ലക്ഷ്യം കണ്ടു. പരിക്കുസമയത്ത് ഗാസിനോവിച്ച് പട്ടിക പൂർത്തിയാക്കി. ഈ സീസണിൽ ഒരു കിരീടം മാത്രമാണ് ബയേണിന് കിട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here