ചെങ്ങന്നൂരില്‍ കൈകോര്‍ത്ത് ആര്‍എസ്എസും കോണ്‍ഗ്രസും; ബിജെപി വോട്ടു മറിക്കാന്‍ ആര്‍എസ്എസുകാരനെ കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയാക്കി ചെന്നിത്തല

ബിജെപിയുടെ വോട്ടുപിടിക്കാന്‍ ആര്‍എസ്എസുകാരനെ കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയാക്കി. ആര്‍എസ്എസിന്റെ സജിവ പ്രവര്‍ത്തകന്‍ ആലാ പഞ്ചായത്തിലെ നെടുവരംകോട് നടയുടെ വടക്കേതില്‍ വീട്ടില്‍ എന്‍ സി രഞ്ജിത്തിനെയാണ് ചെങ്ങന്നൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായി നിയോഗിച്ച് ഖദര്‍ അണിയിച്ചത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സ്ഥാനാര്‍ഥി നിര്‍ണയത്തിന് തൊട്ടുമുമ്പായിരുന്നു രഞ്ജിത്തിനെ ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹിയാക്കിയത്. ചെങ്ങന്നൂര്‍ ബ്ലോക്കിലെ ഒട്ടേറെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രദേശിക നേതാക്കളെ തഴഞ്ഞായിരുന്നു ആര്‍എസ്എസുകാരനായ രഞ്ജിത്തിന് കോണ്‍ഗ്രസിന്റെ ബ്ലോക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെട്ടാണ് ആര്‍എസുഎസുകാരനെ കോണ്‍ഗ്രസിന്റെ ഭാരവാഹിയാക്കിയതെന്നാണ് എ ഗ്രൂപ്പുകാരുടെ ആരോപണം. പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍എസുഎസുമായിട്ടുള്ളവര്‍ പാര്‍ടിയില്‍ ഒട്ടേറെപേരുണ്ടെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് ഉദ്ദേശിച്ചതെങ്കില്‍ ചെങ്ങന്നൂരില്‍ ആര്‍എസുഎസുകാരന് കോണ്‍ഗ്രസ് നേതൃസ്ഥാനംതന്നെ നല്‍കിയിരിക്കുകയാണ്.

ആലാ പഞ്ചായത്തിലെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് രഞ്ജിത്ത്. പ്രദേശത്ത് ആര്‍എസ്എസ് യൂണിഫോം അണിഞ്ഞ് പഥസഞ്ചലനത്തില്‍ വര്‍ഷങ്ങളായി പങ്കെടുക്കുന്നുണ്ട്. ആലായിലെ നെടുവരംകോട് മമഹാദവ ക്ഷേത്രം ജനകീയ കമ്മിറ്റിയില്‍നിന്ന് പിടിച്ചെടുത്ത് ആര്‍എസിഎസിന്റെ ക്ഷേത്രസംരക്ഷണ സമിതിക്ക് നല്‍കുന്നതില്‍ പ്രധാനപങ്കുവച്ചയാളുമാണ് രഞ്ജിത്ത്.

ചെങ്ങന്നൂരില്‍ ആര്‍എസ്എസ് കോണ്‍ഗ്രസ് ബന്ധത്തിന്റെ പാലമായി വര്‍ത്തിക്കുന്നതും രഞ്ജിത്താണ്. സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള ആലാ സര്‍വീസ് സഹകരണ ബാങ്ക് പടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ബിജെപിമുന്നണി രൂപീകരിക്കുന്നതിന് ചരടുവലിച്ചതും രഞ്ജിത്തായിരുന്നു.

പല പ്രമുഖരെയും തഴഞ്ഞ് ആര്‍എസുഎസുമായി അടുപ്പമുള്ള ഡി വിജയകുമാറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയതോടെയാണ് രഞ്ജിത്തിനെ കോണ്‍ഗ്രസ് നേതാവാക്കാനും തീരുമാനമെടുത്തതത്. ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായാണ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയിട്ടുള്ളത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് സഹായം പ്രതീക്ഷിച്ച് സംഘപരിവാറുകാരനെ കോണ്‍ഗ്രസ് നേതാവാക്കിയതിനെതിരെ കോണ്‍ഗ്രസില്‍തന്നെ മുറുമുറപ്പ് ഉയര്‍ന്നിട്ടുണ്ട്.

രഞ്ജിത്തിന്റെ കുടുംബാംഗങ്ങളും വര്‍ഷങ്ങളായി ആര്‍എസ്എസുകാരാണ്. അച്ഛന്‍ രാമചന്ദ്രന്‍ ക്ഷേത്രസംരക്ഷണ സമിതിയുടെ ഭാരവാഹിയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News