സ്ത്രീകൾക്ക് സ്ഥാനാർത്ഥിത്വം നൽകാൻ ക്യാമറയ്ക്ക് മുന്നിൽ പറയാൻ പറ്റാത്ത എന്ത് കാര്യങ്ങളാണ് കോൺഗ്രസിൽ നടക്കുന്നത്; സ്ത്രീകളെയാകെ അവഹേളിച്ച ഹസ്സനെ ഒറ്റപ്പെടുത്തണമെന്ന് പി സതീദേവി

പൊതുപ്രവർത്തനത്തിന് ഇറങ്ങുന്ന സ്ത്രീകളെ അവഹേളിക്കുന്ന സമീപനമാണ് കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സതീദേവി പ്രസ്താവനയിൽ പറഞ്ഞു.

സ്ത്രീ ശാക്തീകരണം സ്ത്രീകളുടെ ഭരണപങ്കാളിത്തം എന്നെല്ലാമുള്ള മുദ്രാവാക്യങ്ങൾ വീൺ വാക്കാണ് എന്ന് തെളിയിക്കുന്നതാണ് ശോഭനാ ജോർജ്ജിനെ പരാമർശിച്ച് കെപിസിസി പ്രസിഡന്റ് ഹസ്സൻ നടത്തിയത്. സ്ത്രീകൾക്ക് സ്ഥാനാർത്ഥിത്വം നൽകാൻ ക്യാമറയ്ക്ക് മുന്നിൽ പറയാൻ പറ്റാത്തതും ജനങ്ങളിൽ നിന്ന് മറച്ചു വയ്‌ക്കേണ്ടതുമായമായ എന്ത് കാര്യങ്ങളാണ് കോൺഗ്രസിൽ നടക്കുന്നതെന്ന് സതീദേവി ചോദിച്ചു.

ഇന്നാട്ടിലെ സ്ത്രീകളെക്കുറിച്ച് കെപിസിസി പ്രസിഡണ്ട് ധരിച്ചുവച്ചിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാവുന്നതാണ് അദ്ദേഹത്തിന്റെ പരാമർശം. ഏതെങ്കിലുമൊരു വ്യക്തിയെ മാത്രമല്ല നാട്ടിലെ സ്ത്രീകളെ ആകെ അവഹേളിക്കുന്നതാണ് ഹസ്സന്റെ പരാമർശങ്ങൾ.

വനിതാ കമ്മീഷൻ അതിനെതിരെ കേസ് എടുത്തത് സ്വാഗതാർഹമാണ്. എന്നാൽ ആ ഒരു കേസു കൊണ്ട് മാത്രം ഒതുക്കേണ്ടത് അല്ല ഇത്തരം സ്ത്രീവിരുദ്ധ സമീപനങ്ങൾ. ശോഭനാ ജോർജ്ജ് ഇപ്പോൾ കോൺഗ്രസിൽ ഇല്ല എങ്കിലും ധാരാളം സ്ത്രീകൾ അണിനിരക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് അത്.

അതിലുപരി, സ്ത്രീകളെ സംഘടിപ്പിക്കുന്ന ജനശ്രീ എന്ന പരിപാടിയുടെ നേതാവായി സ്വയം അവരോധിക്കുന്ന ആൾ കൂടിയാണ് ഹസ്സൻ. എല്ലാ സ്ത്രീകളെയും ഈ രീതിയിൽ നികൃഷ്ടമായി കാണുന്ന നേതാവിന് ഒരു പാർട്ടിയെയോ ജനങ്ങളെയോ നയിക്കാനുള്ള അർഹതയില്ല.

മാപ്പ് പറഞ്ഞാലും നിയമത്തിനുമുന്നിൽ ശിക്ഷിക്കപ്പെട്ടാലും മാത്രം പോരാ പൊതുസമൂഹത്തിൽ നിന്ന് ഇത്തരം മനോവൈകല്യക്കാരെ ഒറ്റ പ്പെടുത്തുക തന്നെ വേണം. സ്ത്രീകളെ മോശമായികാണുന്ന ഈ പ്രവണതയ്‌ക്കെതിരെ അതി ശക്തമായമായ പ്രതിഷേധം ഉയർന്നു വരണമെന്നും സതീദേവി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here