കുതിരക്കച്ചവടത്തിന്റെ വിളനിലമായി കര്‍ണാടക ചര്‍ച്ചകളില്‍ നിറയുമ്പോള്‍ അഭിമാനമാവുകയാണ് ഭൂരിപക്ഷത്തിനടുത്തെത്തിയിട്ടും കുതിരക്കച്ചവടത്തോട് മുഖംതിരിച്ച കമ്മ്യൂണിസ്റ്റ് മാതൃകകള്‍

അധികാരത്തിന്റെ ഹുങ്കില്‍ രാജ്യത്ത് മാനുഷിക മൂല്ല്യങ്ങളെയും ജനാധിപത്യത്തെയും കശാപ്പുചെയ്യുന്ന ബി.ജെ.പിക്ക് അര്‍ഹിച്ച മറുപടിയാണ് കര്‍ണാടക നല്‍കിയത്. മൂന്നാം പക്കം മൂന്നു നാള്‍ തികക്കാതെ യെദ്യൂരപ്പ രാജി വെച്ചത് ജനാധിപത്യത്തിന്റെ വിജയം തന്നെയാണ്.

അസാധാരണമായ കീഴ്‌വഴക്കങ്ങളിലൂടെ ഗവര്‍ണര്‍ വാജുബായ് വാല യെദ്യൂരപ്പയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചത് മുതലുള്ള 56 മണിക്കൂര്‍ കര്‍ണാടകയ്‌ക്കൊപ്പം ദേശീയ രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിമിഷങ്ങളായിരുന്നു.

ഭൂരിപക്ഷമുള്ള കക്ഷിയെ വിളിക്കാതെ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ പക്ഷപാത നടപടി വഴിയൊരുക്കി കൊടുത്തത് കുതിരക്കച്ചവടം നടത്തി ഏതുവിധേനയും സര്‍ക്കാര്‍ രൂപീകരിക്കാമെന്ന ബിജെപിയുടെ കുടില തന്ത്രത്തിനാണ്. എന്നാല്‍ യദ്യൂരപ്പ വിശ്വാസ വോട്ട് തേടണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ബിജെപിയുടെ തന്ത്രങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു കോടതിയുടെ ഈ വിധി.

അധികാര ഭ്രമത്തില്‍ മുങ്ങി കര്‍ണാടകത്തെ കുതിരക്കച്ചവടത്തിന്റെ വിളനിലമാക്കാന്‍ ബിജെപി ശ്രമിച്ചപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടത് ഇന്ത്യയുടെ മഹത്തായ ജനാധിപത്യമായിരുന്നു. ഇവിടെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൈക്കൊണ്ട രാഷ്ട്രീയ മര്യാദകള്‍ തിളങ്ങിനില്‍ക്കുന്നത്. ഭൂരിപക്ഷത്തോട് തൊട്ടടുത്തെത്തിയിട്ടും കുതിരക്കച്ചവടത്തോട് മുഖം തിരിച്ച ഇഎംഎസ് മാതൃക ഇന്നും കേരള രാഷ്ട്രീയത്തിന്റെ യശസ് ഉയര്‍ത്തിപ്പിടിക്കുന്നു.

1965 മാര്‍ച്ച് നാലിനായിരുന്നു കേരളത്തില്‍ മൂന്നാം നിയമസഭയിലേക്കുളള തെരഞ്ഞെടുപ്പ് നടന്നത്. കപ്പിനും ചുണ്ടിനുമിടയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട മുന്നണികള്‍. കോണ്‍ഗ്രസ്, സി.പി.എം, കേരളാ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സി.പി.ഐ. എന്നിവര്‍ മത്സരിച്ചു. സി.പി.എമ്മിന് 40, കേരളാ കോണ്‍ഗ്രസ്സിന് 23, മുസ്ലിം ലീഗിന് 12, കോണ്‍ഗ്രസ്സിന് 36, , സി.പി.ഐ. 3, എസ്.എസ്.പി. 13, സ്വതന്ത്രര്‍ 12 എന്നിങ്ങനെയായിരുന്നു സീറ്റ് നില. ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല. വിജയിച്ച സി.പി.എം. എം.എല്‍.എ.മാരില്‍ പലരും അന്ന് ജയിലില്‍.

നിയമസഭയില്‍ ഭൂരിപക്ഷം കിട്ടാന്‍ വേണ്ടത് 67 സീറ്റ്. മുന്നണിക്ക ലഭിച്ചത് 59 സീറ്റ്.കേവല ഭൂരിപക്ഷത്തിനു വെറും എട്ടു സീറ്റ് കുറവെന്നിരിക്കെ സിപിഐഎം നേതൃത്വം കൊടുക്കുന്ന മു്ന്നണി ശ്രമിച്ചത് കുതിരക്കച്ചവടത്തിനല്ല. പത്തിലധികം സ്വതന്ത്രന്മാര്‍ വിജയിച്ചപ്പോള്‍ ചാക്കിട്ടുപിടിത്തതിനെ കുറിച്ചായിരുന്നില്ല പ്രബുദ്ധ രാഷ്ട്രീയ ബോധം ചിന്തിച്ചത്.

ജനവിധി അംഗീകരിച്ച് മുനേനോട്ടു പോകാനായിരുന്നു ഇഎംഎസും സിപിഐഎം തീരുമാനമെടുത്തത്. ഒടുവില്‍ ഒരു ദിവസത്തെ പോലും ആയുസില്ലാത്ത നിയമസഭ പിരിച്ചു വിടാനാണ് ഗവര്‍ണര്‍ വി.വി. ഗിരി ശുപാര്‍ശ ചെയ്തത്. തുടര്‍ന്ന് 1965 മാര്‍ച്ച് 24നു കേരളത്തില്‍ 712 ദിവസം നീണ്ടുനിന്ന രാഷ്ട്രപതിഭരണം നിലവില്‍ വന്നു.

പിന്നീടൊരിക്കല്‍ക്കൂടി കേരളം കമ്മ്യൂണിസ്റ്റ് കാരുടെ ഈ രാഷ്ട്രീയ മാന്യതയ്ക്ക് സാക്ഷിയായിട്ടുണ്ട് 2011 ലെ പൊതു തിരഞ്ഞെടുപ്പിലെ ജനവിധി രാഷ്ട്രീയ പരമായി തൊട്ടുമുന്നിലെ വി.എസ് ഗവണ്‍മെന്റിന്റെ വികസന പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ടുള്ളവയാണ് ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടാവുമെന്ന് എതിരാളികള്‍ കണക്ക് കൂട്ടിയെങ്കിലും വെറും 2 സീറ്റുകളുടെ വ്യത്യാസത്തിലാണ് കേരളത്തില്‍ ആ തവണ ഇടതുപക്ഷത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടത്.

വിലപേശലുകളേതുമില്ലാതെ കേവലമായ ക്ഷണം കൊണ്ട് തന്നെ അംഗസംഖ്യ കൂട്ടാമായിരുന്നിട്ടും, കൂട്ടത്തിലൊരാളെ പ്രലോഭിപ്പിച്ച് ചാക്കിട്ട് പിടിച്ച് കോണ്‍ഗ്രസ് അവരുടെ രാഷ്ട്രീയ പാപ്പരത്തം തുറന്ന് കാട്ടിയപ്പോഴും ജനവിധിമാനിച്ച് 5 വര്‍ഷക്കാലം നിയമസഭയിലെ ശക്തമായ പ്രതിപക്ഷ സാന്നിധ്യമാവാന്‍ തീരുമാനിക്കുകയായിരുന്നു ഇടതുമുന്നണി. കുതിരക്കച്ചവടത്തിന്റെ.. ചാക്കിട്ടുപിടിക്കലിന്റെ.. രാഷ്ട്രീയം വിളിച്ചോതുന്ന ബിജെപിക്കും സംഘപരിവാരത്തിനും കേരളം നല്‍കുന്ന മറുപടി ഈ രാഷ്ട്രീയ പ്രബുദ്ധത തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here