സ‌്ത്രീത്വത്തെ അപമാനിച്ചു; എം എം ഹസ്സനെതിരെ വനിതാ കമീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ‌് എം എം ഹസ്സനെതിരെ സംസ്ഥാന വനിതാ കമീഷന്‍ കേസെടുത്തു. മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജിനെതിരെ ചാനലില്‍ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ‌് കേസ‌്.

ഇതുസംബന്ധിച്ച‌് ശോഭനാ ജോര്‍ജ‌് നല്‍കിയ പരാതിയെതുടര്‍ന്നാണ‌് നടപടി. പരാതി രജിസ്റ്റര്‍ ചെയ്തെന്നും നിയമോപദേശത്തിനായി കമീഷന്റെ ലോ ഓഫീസറെ ചുമതലപ്പെടുത്തിയതായും കമീഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍ അറിയിച്ചു. പരാമര്‍ശങ്ങളുടെ വീഡിയോയും പരാതിയോടൊപ്പം ലഭിച്ചതായി കമീഷന്‍ അംഗം ഷാഹിദാ കമാല്‍ അറിയിച്ചു.

സ‌്ത്രീത്വത്തെ അപമാനിക്കുന്നതരത്തില്‍ കഴിഞ്ഞദിവസമാണ‌് ചാനല്‍ അഭിമുഖത്തില്‍ ഹസ്സന്‍ പരാമര്‍ശങ്ങള്‍ നടത്തിയത‌്. ’91ല്‍ ചെങ്ങന്നൂരില്‍ ശോഭനാ ജോര്‍ജിന‌് സ്ഥാനാര്‍ഥിത്വം ലഭിച്ചതിനെപ്പറ്റിയാണ‌് ഹസ്സന്‍ ദുസ്സൂചനയോടെ പരാമര്‍ശിച്ചത‌്. ഉത്തരവാദപ്പെട്ട പാര്‍ടിയുടെ സംസ്ഥാന ഭാരവാഹിയുടെ ഭാഗത്തുനിന്ന‌് ഇത്തരത്തിലുള്ള പരാമര്‍ശം ഉണ്ടാകുന്നത‌് സ‌്ത്രീസമൂഹത്തിന‌് അപമാനമാണെന്ന‌് പരാതിയില്‍ പറയുന്നു. ഹസ്സന്റെ സ‌്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ മഹിളാ കോണ്‍ഗ്രസിലെ ഒരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട‌്. ഇവര്‍ ഹൈക്കമാന്‍ഡിന‌് പരാതി നല്‍കുമെന്നും അറിയുന്നു.

ഹസ്സന്റെ പരാമര്‍ശം അപമാനകരമെന്ന്  സതീദേവി പ്രതികരിച്ചു. പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുന്ന സ്ത്രീകളെ അവഹേളിക്കുന്നതാണ‌് കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്റെ പ്രസ‌്താവനയെന്ന‌്‌ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി സതീദേവി പറഞ്ഞു.

സ‌്ത്രീശാക്തീകരണം, സ്ത്രീകളുടെ ഭരണപങ്കാളിത്തം എന്നെല്ലാമുള്ള മുദ്രാവാക്യങ്ങള്‍ വീണ്‍വാക്കാണെന്ന് തെളിയിക്കുന്നതാണ് ചെങ്ങന്നൂരിലെ മുന്‍ എംഎല്‍എ ശോഭന ജോര്‍ജിനെതിരെ ഹസ്സന്‍ നടത്തിയ പരാമര്‍ശം.

സ്ത്രീകള്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കാന്‍ ക്യാമറയ്ക്കു മുന്നില്‍ പറയാന്‍ പറ്റാത്തതും ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കേണ്ടതുമായമായ എന്ത് കാര്യമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്? ഒരു വ്യക്തിയെമാത്രമല്ല നാട്ടിലെ സ്ത്രീകളെ ആകെ അവഹേളിക്കുന്നതാണ് ഹസ്സന്റെ പരാമര്‍ശങ്ങള്‍.

വനിതാ കമീഷന്‍ കേസ് എടുത്തത് സ്വാഗതാര്‍ഹമാണ്. എല്ലാ സ്ത്രീകളെയും ഈ രീതിയില്‍ നികൃഷ്ടമായി കാണുന്ന നേതാവിന് ഒരു പാര്‍ടിയെയോ ജനങ്ങളെയോ നയിക്കാനുള്ള അര്‍ഹതയില്ല- സതീദേവി പ്രസ‌്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News