അമ്മ നൽകിയ കരളുമായി മകള്‍ കണ്ണ് തുറന്നു; സരിതയ്ക്ക്‌ ഇത് പുതു ജീവിതം

സങ്കീർണ്ണമായ കരൾ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിൽ ലേക്ഷോർ ആശുപത്രിയിലെ ഡോക്ടർമ്മാർ സരിതക്ക്‌ നൽകിയത്‌ ഒരു പുതിയ ജീവിതം. കരൾ രോഗം മൂർച്ഛിച്ചെത്തിയ ത്രിശ്ശൂർ ചേലക്കര സ്വദേശിനി സരിതക്ക്‌ അമ്മ സരസ്വതിയാണു കരൾ പകുത്ത്‌ നൽകിയത്‌.

ഈ മാസം രണ്ടിനായിരുന്നു കരൾ രോഗം മൂർച്ചിച്ചതിനെ തുടർന്ന് രണ്ടു മക്കളുടെ അമ്മ കൂടിയായ സരിതയെ വി.പി.എസ്‌. ലേക്ഷോർ ആശുപത്രിയിൽ എത്തിച്ചത്‌. മുൻപ്‌ ചികിത്സിച്ച ഡോക്ടർമ്മാരുടെ നിർദ്ദേശപ്രകാരമായിരുന്നു ഇത്‌.

മണിക്കൂറുകൾ കൊണ്ട്‌ മാത്രം വ്യാപിക്കുന്ന അസുഖത്തിൽ നിന്നും സരിതയെ രക്ഷിക്കാൻ ശസ്ത്രക്രിയ മാത്രമായിരുന്നു ഡോക്ടർമ്മാരുടെ മുന്നിലെ പോംവ‍ഴി. സ്വന്തം കരളിന്റെ വലത്‌ ഭാഗം മകൾക്കായി പകുത്ത്‌ നൽകാൻ അമ്മ സരസ്വതി തയ്യാറായി. രക്തഗ്രൂപ്പും യോജിച്ചതോടെ ആ പ്രശ്നത്തിനു പരിഹാരമായി.

ശസ്ത്രക്രിയക്ക്‌ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ ഡോക്ടര്‍മാര്‍ക്ക് ലഭിച്ചത്‌ വെറും 12 മണിക്കൂർ മാത്രം. ഞായറാഴ്ച്ച ആയിരുന്നിട്ട്‌ പോലും ഡോക്ടർമ്മാർ എത്തി പരിശോധനകൾ നടത്തി. പിന്നീട്‌ 16 മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയ. 5 ദിവസങ്ങൾ തീവ്ര പരിചരണ വിഭാഗത്തിൽ.

അമ്മ നൽകിയ കരളുമായി സരിത കണ്ണു തുറന്നത്‌ മാത്രു ദിനത്തിലായിരുന്നു എന്നതും ശ്രദ്ദേയമായി. ഭാര്യയെ ജീവിതത്തിലേക്ക്‌ തിരിച്ച്‌ തന്നവരോട്‌ തീർത്താൽ തീരാത്ത നന്ദിയുണ്ടെന്ന് സരിതയുടെ ഭർത്താവ്‌ പറഞ്ഞു. വി.പി.എസ്‌. ലേക്ഷോറിലെ ഡോ. ഹരികുമാർ നായർ, ഡോ. അഭിഷേക്‌ യാദവ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണു സരിതയുടെ ശസ്ത്രക്രിയക്ക് നേത്രത്വം നല്‍കിയത്.

മകൾക്ക്‌ കരൾ പകുത്ത്‌ നൽകിയ സരസ്വതിയമ്മയും ഇപ്പോൾ പൂർണ ആരോഗ്യവതിയാണ്. ഉടൻ തന്നെ സരിതക്ക്‌ വീട്ടിലേക്ക്‌ മടങ്ങാനാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News