
കോഴിക്കോട്: നിപ്പ വൈറസ് ബാധയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും കേന്ദ്ര സംസ്ഥാന ആരോഗ്യവിദഗ്ധര്‍ മികച്ച സേവനമാണ് നല്‍കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും നവമാധ്യമങ്ങളിലുടെയുളള കുപ്രചരണങ്ങള്‍ തളളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 12 പേര്‍ക്ക് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. ലാബിലേക്കയച്ച 18 സാമ്പിളിലെ 12 പേര്‍ക്കാണ് സ്ഥിരീകരിച്ചത്.
എന്നാല്‍ പരിശോധനക്ക് അയച്ച 6 പേര്‍ക്ക് നിപ്പാ രോഗബാധയില്ല. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരം. മലപ്പുറത്ത് രണ്ടുപേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. അത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ രോഗികളില്‍ നിന്ന് പകര്‍ന്നതാണ്.
നിപാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 10 ആയി. ഇന്ന് കോഴിക്കോട്ട് മരിച്ച രണ്ട് പേര്‍ക്കും നിപ സ്ഥിരീകരിച്ചു. എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘവും കോഴിക്കോടെത്തി.
നിപ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയ 2 പേരാണ് ഇന്ന് കോഴിക്കോട്ട് മരിച്ചത്. കൂരാച്ചുണ്ട് സ്വദേശി രാജന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും നാദാപുരം ചെക്യാട് സ്വദേശി അശോകന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു.
രണ്ട് പേരുടേയും രക്ത സാമ്പിളുകള്‍ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ വീട്ടുകാരുടെ സമ്മതത്തോടെ കോഴിക്കോട് വൈദ്യുതി ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. നഴ്‌സ് ലിനിയുടെ മരണവും നിപ മൂലമെന്ന് സ്ഥിരീകരിച്ചു.
മരിച്ച 10 പേരില്‍ 2 പേര്‍ മലപ്പുറത്ത് നിന്നുള്ളവരാണ്. ഇവരും ചങ്ങരോത്ത് മരിച്ച കുടുംബവുമായി ബന്ധപ്പെട്ടിരുന്നതായി മന്ത്രി കെ കെ ശൈലജ കോഴിക്കോട് പറഞ്ഞു. ഇന്ന് മരിച്ച രണ്ടു പേരും നിപ്പാ രോഗ ബാധിതരാണ്. രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here