മോദി സര്‍ക്കാരിന്‍റെ നാലു വര്‍ഷം; രാജ്യമൊട്ടാകെ പ്രക്ഷോഭത്തിനൊരുങ്ങി ഇടതുപക്ഷ സംഘടനകള്‍

നാല് വര്‍ഷം പൂര്‍ത്തിയാക്കുന്ന മോദി സര്‍ക്കാരിന്റെ വാര്‍ഷിക ദിനമായ ഇന്ന് രാജ്യമൊട്ടാകെ ഇടതുപക്ഷ സംഘടനകള്‍ പ്രക്ഷോഭം സംഘടിപ്പിക്കും. രാജ്യത്തെ സംസ്ഥാന തലസ്ഥാനങ്ങളില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ കിസാന്‍ സഭയടക്കം നിരവധി സംഘടനകള്‍ പങ്കെടുക്കും.

ജന്‍ ഏകതാ ജന്‍ അധികാര്‍ ആന്തോളന് കീഴില്‍ വിവിധ തൊഴിലാളി സംഘടനകള്‍, കര്‍ഷകര്‍, കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, കോളേജ് അധ്യാപകര്‍ തുടങ്ങി സമൂഹത്തിന്റെ നാനാ വിഭാഗത്തിലുള്ള ഇടതുപക്ഷ ചിന്താഗതിക്കാര്‍ അണിനിരക്കുന്നുണ്ട്.

രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രകടനങ്ങളും പ്രതിഷേധ സമ്മേളനങ്ങളും സംഘടിപ്പിക്കും. നാലു വര്‍ഷത്തെ ഭരണം കൊണ്ട് സാധാരണ ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് കിസാന്‍ സഭ വ്യക്തമാക്കി.

മോദി സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ ഭരണം തുറന്നു കാട്ടൂ, പ്രതിഷേധിക്കൂ എന്നാണ് പ്രക്ഷോഭക്കാരുടെ പ്രധാന മുദ്രാവാക്യം. ബൈറ്റ് മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ച് വിജയകരമായതിന് പിറകേയാണ് രാജ്യ വ്യാപകമായി അടുത്ത പ്രതിഷേധം സംഘടിപ്പിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ മാറ്റം കൊണ്ടുവന്നില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെ മാറ്റുമെന്ന മുദ്രാവാക്യമാണ് ജന്‍ ഏകതാ ജന്‍ അധികാര്‍ ആന്തോളന്‍ ഉയര്‍ത്തി പിടിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here