റൊമേറോ റഷ്യയിലേക്കില്ല; ലോകകപ്പിന് മുമ്പേ അര്‍ജന്‍റീനയ്ക്ക് തിരിച്ചടി

റഷ്യന്‍ ലോകകപ്പ് തുടങ്ങും മുമ്പെ നിലവിലെ റണ്ണറപ്പായ അര്‍ജന്‍റീനയ്ക്ക് തിരിച്ചടി. ക‍ഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്‍റീനയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേറോ കാല്‍മുട്ടിനേറ്റ പരുക്ക് മൂലം ടീമില്‍ നിന്ന് പിന്മാറി. ടീമിന്‍റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായിരുന്നു റൊമേറോ.

പരിശീലകന്‍ സാംപോളി ക‍ഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 23 അംഗ സംഘത്തില്‍ റൊമേറോയുണ്ടായിരുന്നു. എന്നാല്‍ പരുക്കില്‍ നിന്ന് മുക്തനാകാത്തതിനാല്‍ ലോകകപ്പിനുണ്ടാകില്ലെന്ന് റൊമേറോ തന്നെ അര്‍ജന്‍റീന ടീമിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

റൊമേറോയുടെ വലതു കാല്‍മുട്ടിന് പരിക്കാണെന്നും അതിനാല്‍ ലോകകപ്പിനുണ്ടാകില്ലെന്നുമാണ് ട്വീറ്റ്. ക്ലബ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിക്കുന്ന റൊമേറോയ്ക്ക് പ്രീമിയര്‍ ലീഗിനിടെയാണ് പരുക്കേറ്റത്. 23 അംഗ ടീമില്‍ നിന്ന് മൗറോ ഇക്കാര്‍ഡിയെ സാംപോളി ത‍ഴഞ്ഞതിന് പിന്നാലെയാണ് ആരാധകരെ ഞെട്ടിച്ച് റൊമേറോയുടെ പിന്മാറ്റം.

2014 ലോകകപ്പില്‍ അര്‍ജന്‍റീനയെ ഫൈനലിലെത്തിക്കുന്നതില്‍ റൊമേറോയുടെ പങ്ക് നിര്‍ണായകമായിരുന്നു. സെമിഫൈനലില്‍ ഹോളണ്ടിനെതിരായ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റൊമേറോയുടെ സേവുകളാണ് അര്‍ജന്‍റീനയ്ക്ക് ഫൈനലിലേക്കുള്ള വഴി തുറന്നത്. രാജ്യത്തിനായി 94 മത്സരങ്ങള്‍ കളിച്ച താരമാണ് 31 കാരനായ റൊമേറോ. ഈ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്‍റീനയുടെ ഗോള്‍വല കാത്തതും പരിചയസമ്പന്നരായ റൊമേറോയായിരുന്നു.

റൊമേറോ പിന്മാറിയതോടെ ചെല്‍സി താരം വില്ലി കബല്ലെറോയോ റിവര്‍ പ്ലേറ്റിന്‍റെ ഫ്രാങ്കോ അര്‍മാനോയ അര്‍ജന്‍റീനയുടെ ഗോള്‍കീപ്പര്‍മായാരേക്കും. വില്ലി കബല്ലെറോയോ രണ്ട് തവണ രാജ്യത്തിന്‍റെ ഗോള്‍വല കാത്തിട്ടുണ്ട്. ഫ്രാങ്കോ അര്‍മാനോയ ടീമിലെ പുതുമുഖമാണ്. പ്രാഥമിക ഘട്ടത്തില്‍ പരിഗണിച്ചിരുന്ന നഹ്വല്‍ ഗുസ്മാന്‍ റൊമേറോയ്ക്ക് പകരം ടീമിലെത്തിയേക്കും. ഗ്രൂപ്പ് ഡിയില്‍ ജൂണ്‍ 16ന് ഐസ് ലന്‍ഡിനെതിരെയാണ് അര്‍ജന്‍റീനയുടെ ആദ്യമത്സരം. ബെല്‍ജിയവും നൈജീരിയയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News