കര്‍ണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി കുമാരസ്വാമി സത്യപ്രതിജ്ഞ  ചെയ്ത് അധികാരമേറ്റു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ , ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവ്, മായാവതി തുടങ്ങിയ ദേശീയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ.

ഇത് രണ്ടാം തവണയാണ് കുമാരസ്വാമി കര്‍ണാടകയുടെ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യ്തത്.

224 അംഗ കര്‍ണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 78 അംഗങ്ങളുള്ള കോണ്‍ഗ്രസ് 37 അംഗങ്ങളുള്ള ജെഡിഎസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. അതിനിടയില്‍ ഗവര്‍ണറെ ഉപയോഗിച്ച് രാഷ്ട്രീയ കളി നടത്തിയ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത് രാജ്യമാകെ പ്രതിഷേധത്തിന് ഇടവെച്ചിരുന്നു.

വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതോടെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് വ്യക്തമായ യെദ്യൂരപ്പ രാജിവെച്ച് ഒ‍ഴിയുകയായിരുന്നു. വലിയ തോതിലുള്ള കുതിരക്കച്ചവടത്തിനാണ് കര്‍ണാടകയില്‍ രാജ്യം സാക്ഷ്യം വഹിച്ചത്.