മാധ്യമ റിപ്പോർട്ടിങ്ങിന് നിയന്ത്രണമാവശ്യപ്പെട്ട ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടു; നിയന്ത്രണ വിഷയത്തില്‍ സംശയം പ്രകടിപ്പിച്ച് കോടതി 

മാധ്യമ റിപ്പോർട്ടിംഗുകൾക്ക് നിയന്ത്രണവും മാർഗരേഖയും വേണമെന്ന കേസ്  വിപുലമായ ബഞ്ചിന്‍റെ പരിഗണയ്ക്ക് വിട്ടു.   മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍വിശാല ബെഞ്ചിന് വിട്ടത്.

റിപ്പോർട്ടിങ്ങില്‍  നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ക‍ഴിയുമോയെന്ന കാര്യത്തില്‍ സംശയവും, കോടതി പ്രകടിപ്പിച്ചു.
മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി വിധി നിലവിലുണ്ട്. മാധ്യമങ്ങൾ സ്വയം നിയന്ത്രിച്ചാൽ മതിയെന്നും നിയന്ത്രണമേർപ്പെടുത്താനാവില്ലന്നുള്ള സഹാറാ കേസിലെ സുപ്രീം കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ നിലവിലെ ബഞ്ചിനു തീരുമാനമെടുക്കാനാവില്ലന്ന് കോടതി
ഉത്തരവിൽ വ്യക്തമാക്കി.

മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാവില്ലെന്നും നിലവിൽ നിയന്ത്രണമേർപ്പെടുത്തിയാൽ അത്
ജനാധിപത്യ വിരുദ്ധ നടപടിയാവുമെന്നുമായിരുന്നു കേസിൽ മാധ്യമങ്ങളുടെ ഭാഗത്തു നിന്നുള്ള
പ്രധാന വാദം.

മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിലവിൽ നിയമമില്ലന്നും സ്വയം നിയന്ത്രണം മതിയെന്നുമായിരുന്നു മീഡിയാ അക്കാദമിക്കു വേണ്ടി ഹാജരായ സെബാസ്റ്റ്യൻ പോളിന്റെ വാദം.

മാധ്യമ നിയന്ത്രണം തുറന്ന കോടതി എന്ന സങ്കൽപ്പത്തിനു വിരുദ്ധമാണെന്നും തെറ്റുപറ്റും എന്നതുകൊണ്ട്റിപ്പോർട് ചെയ്യാതിരിക്കാനാവില്ലെന്നും തെറ്റിയാൽ തിരുത്തുന്നുണ്ടെന്നും സെബാസ്റ്റ്യൻ പോൾ വാദിച്ചു .

ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ അഞ്ചംഗ ബഞ്ച് രൂപീകരിച്ച് ഹർജികളിൽ ഇനി വീണ്ടും വിശദമായ വാദം കേൾക്കും . മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുള്ള പതിമൂന്ന് ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത് .

മാധ്യമ റിപ്പോർട്ടിംഗ് ശൈലിയിൽ തിരുത്തലുകൾ ആവശ്യമാണെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.

കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകൾ, അന്വേഷണം പുരോഗമിക്കുന്ന കേസ്, തുറന്ന കോടതികളിലെ റിപ്പോർട്ടിംഗ് എന്നിവയ്ക്ക് ഹർജിയിൽ നിയന്ത്രണം ആവശ്യപ്പെടുന്നുണ്ട്.

ചാനൽ ചർച്ചകൾക്കും നിയന്ത്രണം വേണമെന്നും ഹർജിയിൽ പറയുന്നു. കേസിൽ സംസ്ഥാനത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളെല്ലാം കക്ഷി ചേർന്നിരുന്നു.

ഹൈക്കോടതി അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനു പിന്നാലെയാണ്
മാധ്യമങ്ങൾക്ക്നിയന്ത്രണമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജികളെത്തിയത്.

ഇതേത്തുടർന്ന് ജസ്റ്റീസ് പി .എൻ രവീന്ദ്രൻ , എ.എം ഷെഫീഖ് ,കെ .ഹരിലാൽ എന്നിവരടങ്ങുന്ന
ബഞ്ച് രൂപീകരിക്കുകയായിരുന്നു.മാധ്യമ സ്ഥാപനങ്ങളൾ ,പത്രപ്രവർത്തക യൂണിയൻ ,മീഡിയ
അക്കാദമി എന്നിവരടക്കം കക്ഷി ചേർന്ന കേസിൽ വിശദമായ വാദത്തിനു ശേഷമാണ് കോടതി
വിധി പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News