കർണ്ണാടകയിൽ എച്ച് ഡി കുമാരസ്വമി നാളെ വിശ്വാസ വോട്ട് തേടും. രാവിലെ സ്പീക്കറെ തിരഞ്ഞെടുത്തതിന് ശേഷമായിരിക്കും വിശ്വാസ വോട്ടെടുപ്പ് നടക്കുക . മുതിർന്ന കോൺഗ്രസ് നേതാവ് K R രമേഷ് കുമാർ ആണ് കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന്റെ സ്പീക്കർ സ്ഥാനാർത്ഥി.

ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ജനതാദൾ എസ് നാണ് . 224 അംഗ സഭയിൽ 221 അംഗങ്ങളാണ് ഇപ്പോഴുള്ളത് . ഇതിൽ 117 പേരാണ് കോൺഗ്രസ് ജെഡിഎസ് സഖ്യത്തിനൊപ്പമുള്ളത് .

ചില എം എല്‍ എ മാരെ ചാക്കിലാക്കാൻ യെദിയൂരപ്പ ഉൾപ്പെടെയുള്ള നേതാക്കൾ ശ്രമിച്ചിരുന്നു .എം എൽ എ മാർ ഇപ്പോഴും റിസോർട്ടിൽ തന്നെയായതിനാൽ ആരെയും ബിജെപി തട്ടിയെടുത്തിട്ടില്ല എന്ന വിശ്വാസത്തിലാണ് കോൺഗ്രസ് ജെഡിഎസ് നേതൃത്വം.

വിശ്വാസ വോട്ടെടുപ്പിൽ ജയിച്ചാലും തുടർന്ന് മന്ത്രി സഭാ രൂപീകരണവും വകുപ്പ് വിഭജനവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വലിയ വെല്ലുവിളി ആയിരിക്കും ജെഡിഎസ് കോൺഗ്രസ് സഖ്യം നേരിടേണ്ടി വരിക .

രണ്ട് ഉപമുഖ്യമന്ത്രിമാർ വേണമെന്ന കോൺഗ്രസിന്റെ ആവശ്യം ഇത് വരെയും കുമാരസ്വാമി അംഗീകരിച്ചിട്ടില്ല .സഖ്യ സർക്കാറിന്റെ രുപീകരണത്തിലും മറുകണ്ടം ചാടാതെ എംഎല്‍എ മാരെ കൂടെ നിർത്തുന്നതിലും നിർണായക പങ്ക് വഹിച്ച കോൺഗ്രസ് നേതാവ് D K ശിവകുമാറിനെ ഏത് രീതിയിൽ പരിഗണിക്കണമെന്നത് സംബന്ധിച്ചും ധാരണയായിട്ടില്ല .