‘മകന്‍ മരിക്കുമ്പോഴത്തെ വേദന എനിക്കറിയാം’; മകന്‍ മരിച്ച അച്ഛന് മകന്‍ മരിച്ച ഒരമ്മയുടെ സന്ദേശം

മകന്‍ മരിച്ച് ദുഃഖത്തില്‍ക്കഴിയുന്ന ബിജെപി നേതാവ് ബന്ദാരു ദത്താത്രേയയ്ക്കുള്ളതാണ് സന്ദേശം. സന്ദേശമയച്ചതാകട്ടെ രോഹിത് വെമുലയുടെ അമ്മയും. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് രാധികാ വെമുല അനുശോചന സന്ദേശം കുറിച്ചത്. സന്ദേശം ഇങ്ങനെയാണ്:

‘ബന്ദാരു ദത്താത്രേയയ്ക്കും കുടുംബത്തിനും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള അഗാധമായ അനുശോചനങ്ങള്‍. എന്തുകൊണ്ടെന്നാല്‍, ആര്‍ക്കെങ്കിലും മകന്‍ നഷ്ടപ്പെട്ടാലുണ്ടാകുന്ന വേദന എനിക്കറിയാം. നിങ്ങള്‍ സുഖമായിരിക്കട്ടെ എന്നു ഞാന്‍ ആശിക്കുന്നു. നിങ്ങളുടെ നഷ്ടത്തില്‍ ദുഃഖിക്കുന്നു. ജയ് ഭീം.’

രണ്ടു കൊല്ലം മുമ്പ് ജീവനൊടുക്കിയ ദളിത് വിദ്യാര്‍ത്ഥിയാണ് രോഹിത് വെമുല. അന്ന് കേന്ദ്ര മന്ത്രിയായിരുന്ന ദത്താത്രേയയുടെ നിര്‍ബന്ധം മൂലം കൈക്കൊണ്ട കടുത്ത ശിക്ഷാനടപടികളെ തുടര്‍ന്നാണ് വെമുല ജീവനൊടുക്കിയത് എന്ന് ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രാധികാ വെമുലയുടെ സന്ദേശം ശ്രദ്ധേയമാകുന്നത്.

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായിരുന്നു രോഹിത് വെമുല 2016 ജനുവരി 17നാണ് സര്‍വ്വകലാശാലാ ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചത്. സര്‍വ്വകലാശാലയില്‍ നിന്നു പുറത്താക്കിയതിനെ തുടര്‍ന്ന് ഈ ദളിത് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത് ഇന്ത്യയെ പിടിച്ചു കുലുക്കിയിരുന്നു.

ക്യാമ്പസിലുണ്ടായ ഒരു സംഘര്‍ഷത്തെ തുടര്‍ന്നാണ് രോഹിത് പുറത്താക്കപ്പെട്ടത്. ബിജെപി നേതാക്കളുടെ പിടിവാശിയെത്തുടര്‍ന്നാണ് ഈ കടുത്ത ശിക്ഷ എന്ന് പരാതി ഉയര്‍ന്നിരുന്നു. രോഹിതിനെതിരേ നിലയുറപ്പിച്ചവരില്‍ മുഖ്യന്‍ ദത്താത്രേയയായിരുന്നു.

രോഹിതിന്റെ ദേശവിരുദ്ധ നിലപാടിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദത്താത്രേയ വിദ്യാഭ്യാസ മന്ത്രാലയത്തിനു കത്തെഴുതിയിരുന്നു. രോഹിതിനെ ആത്മഹത്യയിലേയ്ക്കു നയിച്ചതിനുള്ള കേസിലെ മുഖ്യ പ്രതികളിലൊരാളുമായിരുന്നു ദത്താത്രേയ. പിന്നീട്, ജുഡീഷ്യല്‍ അന്വേഷണത്തില്‍ ദത്താത്രേയ കുറ്റവിമുക്തനാക്കപ്പെട്ടു.

ദത്താത്രേയയുടെ മകന്‍ ബന്ദാരു വൈഷ്ണവ് ഹൃദ്രോഗം മൂലമാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു മരണം. വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

ജീവനൊടുക്കുമ്പോള്‍ രോഹിതിന് 26 വയസ്സായിരുന്നു. മരിക്കുമ്പോള്‍ വൈഷ്ണവിന് 21 വയസ്സും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News