പാലക്കാട്: അപകടത്തില്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ എടുത്തുമാറ്റിയ സംഭവത്തില്‍ പാലക്കാട് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടി.

ചിറ്റൂര്‍ തഹസില്‍ദാറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. തഹസില്‍ദാര്‍ മണികണ്ഠന്റെ മീനാക്ഷിപുരത്തെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സുരേഷ്‌കുമാര്‍ അറിയിച്ചു.

പീപ്പിള്‍ ടിവിയാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

നാക്ഷിപുരം നെല്ലിമേട്ടിലെ മണികണ്ഠന്റെ അവയവങ്ങളാണ് മാറ്റിയത്.

ചെന്നൈയില്‍ ശിങ്കാരിമേളം അവതരിപ്പിച്ച് മടങ്ങുന്നതിനിടെ ഈ മാസം 18ന് മണികണ്ഠനും സംഘവും സഞ്ചരിച്ചിരുന്ന വാഹനം സേലത്തിനടുത്ത് വെച്ച് അപകടത്തില്‍പ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാല് പേരെ തൊട്ടടുത്ത സേലം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു.

പിന്നീട് മണികണ്ഠനെ വിദഗ്ധ ചികിത്സക്കായി സേലത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൂന്ന് ദിവസമാണ് മണികണ്ഠനെ ആശുപത്രിയില്‍ ചികിത്സിച്ചത്. കേരളത്തിലേക്ക് മാറ്റാന്‍ കഴിയുമോയെന്ന് ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ ചികിത്സാ ചിലവിനത്തില്‍ മൂന്ന് ലക്ഷത്തോളം രൂപ നല്‍കണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു.

ആശുപത്രിയില്‍ നല്‍കാന്‍ പണമില്ലാതെ ബുദ്ധിമുട്ടിലായ കുടുംബത്തോട് മസ്തിഷ് മരണം സംഭവിച്ചു കഴിഞ്ഞെന്നും അവയവങ്ങള്‍ ദാനം ചെയ്താല്‍ ആശുപത്രി ചിലവ് മുഴുവന്‍ ഒഴിവാക്കാമെന്നും പറഞ്ഞ് അവയവദാന സമ്മതപത്രത്തില്‍ നിര്‍ബന്ധിച്ച് ഒപ്പിടീക്കുകയായിരുന്നുവെന്ന് സഹോദരന്‍ മഹേഷ് പറഞ്ഞു.

തുടന്ന് ഞായറാഴ്ച രാത്രി ചെന്നൈയിലെ വന്‍കിട ആശുപത്രിയിലെ ഡോക്ടര്‍മാരെത്തി മണികണ്ഠന്റെ ഹൃദയം, വൃക്കകള്‍, കണ്ണുകള്‍, ശ്വാസകോശം ഉള്‍പ്പെടെ പ്രധാന അവയവ ഭാഗങ്ങളെല്ലാം മാറ്റി.

ഇതിന് ശേഷം ആശുപത്രി അധികൃതര്‍ സ്വന്തം ചിലവില്‍ മൃതദേഹം നാട്ടിലെത്തിച്ച് നല്‍കുകയായിരുന്നു. 150 കിലോമീറ്ററിലേറെ ദൂരമുള്ള ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കെന്ന പേരില്‍ മണികണ്ഠനെ കൊണ്ടു പോയതിലും ദുരൂഹതയുണ്ട്.

ഈ ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സ് ഡ്രൈവറാണ് പറഞ്ഞതെന്നും അവയവദാനത്തിന് സമ്മതിക്കാന്‍ മുന്‍ എംഎല്‍എ കൂടിയായ രാഷ്ട്രീയനേതാവാണ് ആദ്യം ആവശ്യപ്പെട്ടതെന്നും മഹേഷ് പറഞ്ഞു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മറ്റ് മൂന്ന് പേര്‍ കൂടി ഈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ബന്ധുക്കളുടെ സാമ്പത്തിക പ്രയാസം മുതലെടുത്ത് അവയവ മാഫിയാ സംഘം സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന സംശയമാണുയരുന്നത്.