ഇന്ത്യ ഉറ്റുനോക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്; ഇത് ഞങ്ങളെ കൂടുതൽ ഉത്തരവാദിത്വമുള്ളവരാക്കുന്നു; എൽഡിഎഫ് മന്ത്രിസഭയുടെ രണ്ടാം വാർഷികനാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭ അധികാരമേറ്റെടുത്തിട്ട് ഇന്നു രണ്ടുവർഷം തികയുകയാണ്. കഴിഞ്ഞ രണ്ടുവർഷംകൊണ്ട് സമാധാനവും ജനക്ഷേമവും വികസനവും ഉറപ്പുവരുത്തി മുന്നേറാനാണ് സർക്കാർ ശ്രമിച്ചത്.

ഹ്രസ്വകാല അടിസ്ഥാനത്തിൽ ജനങ്ങളുടെ അടിയന്തരപ്രശ്നങ്ങളിൽ ആശ്വാസം പകരുകയും ദീർഘകാല അടിസ്ഥാനത്തിൽ അവരുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും വേണ്ട ഭാവനാപൂർണമായ പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്ന ദ്വിമുഖ രീതിയാണ് സർക്കാരിന്റേത‌്.

വിഭവസമാഹരണത്തിനായി മുമ്പൊരുകാലത്തും ഇല്ലാത്തവിധം മൗലികമായ രീതികൾ ആവിഷ്കരിച്ചു. അതിന്റെ ദൃഷ്ടാന്തമാണ് ബജറ്റിനുപുറത്ത് അഞ്ചുവർഷംകൊണ്ട് 50,000 കോടി രൂപ കണ്ടെത്തുന്നതിനായി ആവിഷ്കരിച്ച സംവിധാനം. അതിലൂടെ ആദ്യ രണ്ടുവർഷംകൊണ്ടുതന്നെ 20,000 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് തുടക്കംകുറിച്ചു.

ആഗോളവൽക്കരണ സാമ്പത്തികനയത്തിന്റെയും അതിന്റെ ചുവടുപിടിച്ചുള്ള കേന്ദ്രവ്യവസ്ഥകളുടെയും പരിമിതികൾക്കുള്ളിൽനിന്നാണ് സർക്കാർ പ്രവർത്തിച്ചത്. ഈ പരിമിതികൾമൂലം ഒന്നും ചെയ്യാനാകില്ലെന്നു കരുതി പിൻവാങ്ങുകയല്ല, മറിച്ച് സ്വന്തം നിലയിൽ പരിമിതികളെ ബദൽ ജനകീയനയങ്ങൾകൊണ്ട് മറികടക്കാൻ ശ്രമിക്കുകയാണ് ചെയ്തത്.

പൊതുവെ നാലു കാര്യങ്ങളിൽ ഊന്നി മുന്നോട്ടുപോകാനാണ് ശ്രമിച്ചത്. ഒന്ന്, അധികാരവും അഴിമതിയും അനാശാസ്യതയും കൂടിക്കലർന്ന് രാഷ്ട്രീയാന്തരീക്ഷം ജീർണിക്കുന്ന ഒരു സാഹചര്യത്തിലാണ് സർക്കാർ അധികാരത്തിൽ വന്നത്. കേരളസമൂഹത്തെ അത്തരം ജീർണതകളിൽനിന്ന് മോചിപ്പിച്ച് പുതിയൊരു രാഷ്ട്രീയസംസ്കാരംകൊണ്ട് പകരംവയ‌്ക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും പ്രധാനം.

സിവിൽ സർവീസ് ജനക്ഷേമകരവും വികസനോന്മുഖവുമായ രീതിയിൽ നവീകരിച്ച് ശക്തിപ്പെടുത്തുന്നതിന് തുടക്കംകുറിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് അടക്കമുള്ള വിഷയങ്ങളിൽ ശരിയും ശക്തവുമായ തീരുമാനങ്ങൾ എടുത്തു.

രണ്ട്, അടിസ്ഥാനസൗകര്യവികസനം അടക്കമുള്ള പൊതുവികസന പ്രവർത്തനങ്ങൾ നേരിടുന്ന തടസ്സങ്ങൾ നീക്കി മുന്നോട്ടുപോകാൻ ശ്രമമാരംഭിച്ചു. 131.6 കോടി നഷ്ടം ഉണ്ടായിരുന്ന പൊതുമേഖല സ്ഥാപനങ്ങൾ 104 കോടി ലാഭം ഉണ്ടാക്കുന്ന സ്ഥിതിയിലേക്ക‌് മാറി. കേന്ദ്രസർക്കാർ വിറ്റഴിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ പലതും ഏറ്റെടുക്കാൻ തീരുമാനിച്ചു. തൊഴിലാളിസംഘടനകളുടെ പൂർണപിന്തുണ ഉറപ്പാക്കിക്കൊണ്ട് നോക്കുകൂലി നിർത്തലാക്കി.

മൂന്ന്, സാമൂഹ്യക്ഷേമ മേഖലയിൽ ശ്രദ്ധചെലുത്താനും അടിസ്ഥാനവർഗത്തിന് പ്രയോജനകരമാകുന്നതരത്തിലുള്ള തീരുമാനങ്ങളെടുക്കാനും സാധിച്ചു. സാമൂഹ്യക്ഷേമ പെൻഷൻ 1100 രൂപയായി വർധിപ്പിച്ചു. കുടിശ്ശിക കൊടുത്തുതീർത്ത‌് കൃത്യമായി വിതരണം ചെയ്തു.

പൂട്ടിയ കശുവണ്ടി ഫാക്ടറികൾ തുറന്നു. അതിഥിതൊഴിലാളികൾക്ക് ‘ആശ്വാസ്’ എന്ന ഹെൽത്ത് ഇൻഷുറൻസ് സ്കീമും താമസത്തിനായി ‘അപ്നാ ഘർ’ എന്ന പദ്ധതിയും ആവിഷ്കരിച്ചു.

നേഴ്സറി ടീച്ചർമാരുടെയും ആയമാരുടെയും ഓണറേറിയം 600 ശതമാനത്തോളം വർധിപ്പിച്ചു. ആശ വർക്കർമാരുടെ ശമ്പളത്തിൽ 50 ശതമാനം വർധനവരുത്തി. നേഴ്സുമാർ ഉൾപ്പെടെയുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം 36 മുതൽ 104 ശതമാനംവരെ വർധിപ്പിച്ചു.

60 വയസ്സ‌് കഴിഞ്ഞ എല്ലാവരെയും സാമൂഹ്യസുരക്ഷാ ശൃംഖലയിൽ ഉൾപ്പെടുത്തി. ഇതിനെല്ലാം പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 416 കോടി രൂപ 2.53 ലക്ഷംപേർക്ക് വിതരണം ചെയ്തു. പട്ടികജാതിക്കാർക്കായി 6200 വീടും (19,072 വീടുകൾ ഉടൻ പൂർത്തിയാകും) പട്ടികവർഗക്കാർക്കായി 22,481 വീടും പൂർത്തീകരിച്ചു.

2159 ആദിവാസികുടുംബങ്ങളുടെ ഒരുലക്ഷം രൂപവരെയുള്ള കടങ്ങൾ എഴുതിത്തള്ളി. പൊലീസിലും എക്സൈസിലും ആദിവാസികൾക്ക് പ്രത്യേക നിയമനം നൽകി. 55,296 പേർക്ക് പട്ടയം നൽകി, 20000 പട്ടയങ്ങൾകൂടി ഉടൻ നൽകാനാകും‌.

നാല്, കേരള മോഡൽ സാമൂഹ്യവികസനം പുതിയ സാഹചര്യങ്ങളിൽ നേരിടുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ അവയെ മറികടന്ന് ദീർഘവീക്ഷണത്തോടെ നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ മുമ്പോട്ടുകൊണ്ടുപോയി. അതിനായി വിഭാവനം ചെയ്ത് നടപ്പാക്കിയവയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ആർദ്രം, ലൈഫ്, ഹരിതകേരളം എന്നീ മിഷനുകൾ.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന മിഷനിലൂടെ പൊതുവിദ്യാഭ്യാസരംഗത്തെയാകെ നവീകരിച്ചു. 45,000 സ്മാർട്ട് ക്ലാസുകൾ സ്ഥാപിച്ചു. 13,000 സർക്കാർ സ്കൂളുകളുടെ മുഖച്ഛായ മാറ്റി. നഷ്ടക്കച്ചവടമെന്ന‌് മുദ്രയടിച്ച് അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ ഏറ്റെടുത്താണ‌് സർക്കാർ പൊതുവിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കിയത്.

ആധുനികസൗകര്യങ്ങളെല്ലാം പൊതു ആരോഗ്യമേഖലയിൽ ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്. മെഡിക്കൽ കോളേജുകളെല്ലാം ആധുനികവൽക്കരിക്കുകയാണ്. എട്ടു ജില്ലാ ആശുപത്രികളിൽ കാത്ത് ലാബുകളും 44 താലൂക്കാശുപത്രികളിൽ ഡയാലിസിസ് സംവിധാനവും വന്നു. 170 കുടുംബാരോഗ്യകേന്ദ്രങ്ങൾ സജ്ജമായി. അതാണ് ‘ആർദ്രം’ എന്ന പേരിലുള്ള മിഷനിലൂടെ ഈ സർക്കാർ മുന്നോട്ടുവച്ചിട്ടുള്ള പുതിയ ബദൽ.

ഭവനരഹിതരായ എല്ലാവർക്കും കിടപ്പാടവും ജീവനോപാധിയും സാധ്യമാക്കുക എന്ന പുതിയ ബദൽനയമാണ് ലൈഫ്. വീടില്ലാത്തവർക്ക് തലചായ്ക്കാൻ ഒരിടം എന്ന സ്വപ്നം സാക്ഷാൽക്കരിച്ചുതുടങ്ങി. നിർമാണം മുടങ്ങിക്കിടന്ന 34,553 വീടുകൾ പൂർത്തിയാക്കി. ഭൂരഹിതരായവർക്കുള്ള ഭവനസമുച്ചയങ്ങളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്.

പുതിയ മാലിന്യശുചീകരണ രീതികൾ സ്വീകരിച്ചും ജലവും മണ്ണും സംരക്ഷിച്ചും പ്രകൃതിക്ക‌് അനുകൂലമായ കൃഷിരീതികൾ അവലംബിച്ചും മരങ്ങൾ വച്ചുപിടിപ്പിച്ചും ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പുതുപരീക്ഷണമാണ‌് ഹരിതകേരളം മിഷൻ. പ്രത്യേക കരുതൽ വേണ്ട ട്രാൻസ്ജെൻഡേഴ്സിനോടും സ്ത്രീകളോടും കുട്ടികളോടും പട്ടികജാതി‐വർഗ വിഭാഗങ്ങളോടും സർക്കാർ എടുത്തിട്ടുള്ള സമീപനം ആ വിഭാഗങ്ങളിൽ നവോന്മേഷം പ്രദാനം ചെയ്തിട്ടുണ്ട്.

പിഎസ്സിവഴി എഴുപതിനായിരത്തോളംപേർക്ക് നിയമനം നൽകി. പതിമൂവായിരത്തോളം തസ്തികകൾ പുതുതായി സൃഷ്ടിച്ചു. മാനവവികസന സൂചികയിൽ കേരളത്തിന് ഉയർന്ന സ്ഥാനമാണ് ഐക്യരാഷ്ട്രസഭ നൽകിയത്. മികച്ച ക്രമസമാധാനപാലനത്തിന് ഇന്ത്യാ ടുഡേ അവാർഡ് ലഭിച്ചു.

വിവിധ മേഖലകളിൽ മികവ് പുലർത്തിയതിന് ഇന്ത്യ ടുഡേയുടെ സ്റ്റേറ്റ് ഓഫ് ദി സ്റ്റേറ്റ്സ് അവാർഡും വയോമിത്രം പരിപാടിക്ക് വയോജന ശ്രേഷ്ഠ അവാർഡും ജനമൈത്രി പൊലീസ് സംവിധാനത്തിന് കോപ്സ് ടുഡേ ഇന്റർനാഷണലിന്റെ പൊലീസ് എക്സലൻസ് അവാർഡും സൈബർ കുറ്റാന്വേഷണമികവിന് നാസ്കോം ഡാറ്റ സെക്യൂരിറ്റി കൗൺസിൽ അവാർഡും ലഭിച്ചു.

അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനമായി സെന്റർ ഫോർ മീഡിയ സ്റ്റഡീസ് തെരഞ്ഞെടുത്തതും കേരളത്തെയാണ്. അഴിമതിക്ക് അറുതിവരുത്തുന്നതുപോലെതന്നെ പ്രധാനമാണ് ഭാവികേരളത്തെ സൃഷ്ടിക്കുന്നത്തിനുള്ള അടിസ്ഥാനസൗകര്യ വികസനവും. നാടിന്റെ മുന്നോട്ടുള്ള പോക്കിന് വികസനം കൂടിയേ കഴിയൂ. എന്നാൽ, ഇത് തകർക്കാൻ പലതരത്തിലുള്ള ശ്രമങ്ങളും നമ്മുടെ നാട്ടിൽ പതിവാണ്.

അങ്ങനെയുള്ള ശ്രമങ്ങൾക്ക് കീഴടങ്ങി വികസനംതന്നെ ഉപേക്ഷിക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. അത് അനുവദിച്ചുകൊടുക്കാൻ ഈ സർക്കാർ തയ്യാറല്ല. സുതാര്യമായും ജനപങ്കാളിത്തത്തോടെയും വികസനപ്രവർത്തനങ്ങൾ മുന്നോട്ട‌് കൊണ്ടുപോകുകതന്നെ ചെയ്യും.

ദേശീയപാത വികസനം, ഗെയിൽ പൈപ്പുലൈൻ സ്ഥാപിക്കൽ, കൂടംകുളം ലൈൻ സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികൾ നിർത്തിവയ്ക്കപ്പെട്ട അവസ്ഥയായിരുന്നു. ജനങ്ങളെ വിശ്വാസത്തിലെടുത്തും അപാകതകൾ അവരോടൊപ്പം നിന്ന് പരിഹരിച്ചും ലക്ഷ്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഇക്കാര്യങ്ങളെല്ലാം മുന്നോട്ട‌് കൊണ്ടുപോകാൻ സർക്കാരിനായി.

മുൻസർക്കാരിന്റെ കാലത്തുണ്ടായ പെരുമ്പാവൂർ കേസുമുതൽ ഈയിടെ നടന്ന വിദേശവനിതയുടെ കൊലപാതകംവരെയുള്ള കേസുകളിൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് പ്രതികളെ അറസ്റ്റ് ചെയ്തു. ബാങ്ക് കൊള്ള, സൈബർ‐ഐടി കേസുകൾ തെളിയിച്ചതും വിദേശത്തുനിന്നടക്കം പ്രതികളെ പിടിച്ചതും ജനങ്ങളിൽ വലിയ അളവിൽ സുരക്ഷിതത്വബോധം ഉയർത്തി.

തെളിയില്ലെന്ന‌് മാധ്യമങ്ങളും സ്ഥിരം വിമർശകരും വിധിയെഴുതിയ കേസുകൾപോലും തെളിയിച്ചു. പൊലീസിന്റെ പ്രവർത്തനങ്ങളിൽ ഗുണപരവും കാര്യക്ഷമവുമായ പല നേട്ടങ്ങളും ഉണ്ടാക്കാൻ കഴിഞ്ഞെങ്കിലും നൂറുശതമാനവും പൊലീസ് നന്നായി എന്നു പറയാനാകില്ല. പൊലീസിൽ ചിലരെയെങ്കിലും പിടികൂടിയിട്ടുള്ള കുറ്റവാസനയും ദുഃശീലങ്ങളും സർക്കാർ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. അത്തരക്കാർക്കെതിരെ അതിശക്തമായ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

വർഗീയചേരിതിരിവും സംഘർഷമുണ്ടാക്കാനും കലാപങ്ങൾ സൃഷ്ടിക്കാനും സാമൂഹ്യവിരുദ്ധശക്തികൾ പരിശ്രമിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു നീക്കത്തെയും സർക്കാർ വച്ചുപൊറുപ്പിക്കുകയില്ല. രാജ്യത്തിന്റെ ഭരണഘടനയെയും മതനിരപേക്ഷതയെയും ഉയർത്തിപ്പിടിക്കുന്നതിന് എല്ലാറ്റിലും ഉയർന്ന പരിഗണനയാണ് സർക്കാർ നൽകുന്നത്.

കേന്ദ്ര സാമ്പത്തികനയങ്ങൾകൊണ്ട് സംസ്ഥാനത്തിന്റെ വിഭവസമാഹരണസാധ്യതകൾ തീരെ കുറഞ്ഞു. നോട്ടുനിരോധനവും ജിഎസ്ടി നടപ്പാക്കലും സൃഷ്ടിച്ച പ്രതികൂല കാലാവസ്ഥയും നിലനിൽക്കുന്നു. ഈ സാഹചര്യങ്ങളിലും കേരളത്തിന്റെ വികസനസാധ്യതകളെ മാറ്റിവയ്ക്കാൻ സർക്കാർ തയ്യാറല്ല. ഓഖിപോലുള്ള വലിയ ദുരന്തമുണ്ടായ ഘട്ടത്തിലും പ്രതികൂലസാഹചര്യം സഹായം നൽകുന്നതിന് തടസ്സമാകാതിരിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിച്ചു.

കേരളവികസനത്തിന് ലോകത്തിന്റെ ഏതു ഭാഗത്തുള്ള പ്രവാസിയുടെയും പണവും പ്രതിഭയും നൈപുണ്യവും ഉപയോഗിക്കാനും അവർക്കുകൂടി അതിന്റെ പ്രയോജനം ഉറപ്പുവരുത്താനും ഉതകുന്നതരത്തിൽ ലോക കേരളസഭ എന്ന സങ്കൽപ്പം രൂപപ്പെടുത്തിയതും അത് നടപ്പാക്കിയതും ഈ സർക്കാരാണ്.

ഷാർജ ഭരണാധികാരിയുമായി ചേർന്ന് പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ കഴിഞ്ഞു. ജയിലിലടയ്ക്കപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കാൻവരെ ഒരു സംസ്ഥാന സർക്കാരിന്റെ ഇടപെടലുകൾ കാരണമായി എന്നത് നയതന്ത്രത്തിൽ പുതിയ വഴിത്തിരിവുകൾ സൃഷ്ടിക്കുന്ന നടപടിയായി.

അതിവേഗത്തിലുള്ള മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ ആശ്വാസത്തോടെയും പ്രതീക്ഷയോടെയും ജനങ്ങളാകെ ഉറ്റുനോക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്. ഇത് ഞങ്ങളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കുന്നു.

ആക്രമണോത്സുക വർഗീയതയും കോർപറേറ്റുവൽക്കരണം ഉൾപ്പെട്ട നവ ഉദാരവൽക്കരണ നയങ്ങളുമാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ. അവയ്ക്കെതിരെ ശക്തമായ ജനകീയ ബദൽനയങ്ങൾ മുന്നോട്ടുവച്ച് പുതിയ പന്ഥാവ് വെട്ടിത്തുറന്ന് മുന്നോട്ടുപോകുകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ.

കൂടുതൽ പ്രകാശപൂർണവും ഐശ്വര്യസമൃദ്ധവുമായ ഒരു നവകേരളത്തിനായി ശരിയായ ദിശയിൽ നമുക്കൊന്നായി മുന്നേറാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here