മോദി- ഷെയ്ക് ഹസീന അനൗദ്യോഗിക കൂടിക്കാഴ്ച ഇന്ന്

നരേന്ദ്രമോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയുമായി ഇന്ന് അനൗദ്യോഗിക കൂടിക്കാഴ്ച നടത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷെയ്ക് ഹസീന പശ്ചിമബംഗാളിലെത്തുന്നത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ച് മ്യാന്‍മാറിലെത്തിക്കുന്നതും ടീസ്റ്റ നദീ ജലവിതരണ ഉടമ്പടിയും പ്രധാന ചര്‍ച്ചാ വിഷയമാവും.

2017ലാണ് ഹസീന അവസാനമായി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത്. മോദിയാണെങ്കില്‍ അവസാനമായി ബംഗ്ലാദേശില്‍ സന്ദര്‍ശനം നടത്തിയത് 2015ലും.

ഏപ്രില്‍, മെയ് എന്നീ രണ്ട് മാസങ്ങള്‍ക്കിടയിലുള്ള മോദിയുടെ മൂന്നാമത്തെ അനൗദ്യോഗിക കൂടിക്കാഴ്ചയാണിത്. ഏപ്രില്‍ 27, 28 തീയ്യതികളില്‍ ചൈനീസ് പ്രസിഡന്റുമായും മെയ് 21ന് സോചിയില്‍ വെച്ച് റഷ്യന്‍ പ്രസിഡന്റുമായാണ് ഇതിനു മുന്നേ അനൗദ്യോഗിക കൂടിക്കാഴ്ച നടന്നത്.

ശാന്തിനികേതനിലെ വിശ്വഭാരതി യൂണിവേഴ്‌സിറ്റിയിലെ ബിരുദധാന ചടങ്ങില്‍ ഇരുവരും അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തും. വിശ്വഭാരതി യൂണിവേഴ്‌സിറ്റിയില്‍ ഹസീന സര്‍ക്കാറിന്റെ ധനസഹായത്തോടെ നിര്‍മ്മിച്ച ബംഗ്ലാദേശ് ഭവന്‍ ഇരു നേതാക്കളും സംയുക്തമായി ഉദ്ഘാടനം ചെയ്യും.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഈ പരിപാടിയില്‍ പങ്കെടുക്കും. പശ്ചിമബംഗാള്‍ ഗവണ്‍മെന്റിന്റെ വിദ്വേഷം കാരണം നീണ്ടുനില്‍ക്കുന്ന ടീസ്റ്റ നദീ ജലവിതരണ ഉടമ്പടി പ്രധാന ചര്‍ച്ചയാവും. ഹസീനയുടെ സാന്നിധ്യത്തില്‍ ടീസ്റ്റയുടെ പങ്കാളിത്ത പ്രശ്‌നം സംബന്ധിച്ച് മമത ബാനര്‍ജി ചില തീരുമാനങ്ങള്‍ എടുക്കുമെന്നാണ് സൂചന.

ബംഗ്ലാദേശിലെ റോഹിങ്ക്യ അഭയാര്‍ഥികളെ മ്യാന്‍മറിലേക്ക് തിരിച്ചയക്കുന്നതും മുഖ്യാ ചര്‍ച്ചാവിഷയങ്ങളാണ്. ജലം, റോഡ് മാര്‍ഗമുള്ള ബന്ധിപ്പിക്കല്‍, ഊര്‍ജ്ജം, പശ്ചാത്തല വികസനം എന്നീ നാലു പ്രധാന മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ചര്‍ച്ചയാവും.

ശാന്തിനികേതനിലെ പരിപാടികള്‍ക്ക് ശേഷം ഹസീന കൊല്‍ക്കത്തയിലെ രബീന്ദ്രനാഥ് ടാഗോറിന്റെ ഭവനമായ ജൊറസങ്കോ താക്കൂര്‍ ബാരി സന്ദര്‍ശിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.മേയ് 26 ന് വെസ്റ്റ് ബര്‍ദ്വാന്‍ ജില്ലയിലെ അസന്‍സോളില്‍ കാസി നസ്‌റുള്‍ യൂണിവേഴ്‌സിറ്റിയും ഹസീന സന്ദര്‍ശിക്കും. തുടര്‍ന്ന് ഡി.ലിറ്റ് പുരസ്‌കാരം വിതരണം ചെയ്യും.

തെക്കന്‍ കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പരമ്പരാഗത ഭവനമായിരുന്ന നേതാജി ഭവനും ഹസീന സന്ദര്‍ശിക്കാനിടയുണ്ട്. മെയ് 26 വൈകുന്നേരം അവര്‍ ധാക്കയിലേക്ക് മടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here