നിപ പ്രതിരോധ പ്രവര്‍ത്തനം; കോഴിക്കോട് ഇന്ന് സര്‍വ്വകക്ഷി യോഗം

നിപ പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താനായി കോഴിക്കോട് ഇന്ന് സര്‍വ്വകക്ഷി യോഗം. കളക്ടറേറ്റില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.

രോഗം എത്തിച്ചത് വവ്വാലാണോ എന്ന കാര്യത്തിലും ഇന്ന് സ്ഥിരീകരണം ഉണ്ടായേക്കും. കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് ഭോപ്പാലിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം ഇന്ന് എത്തും.

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത തുടരുന്നതിനിടെയാണ് ഇന്ന് സര്‍വ്വകക്ഷി യോഗം ചേരുന്നത്. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗം ഇതുവരെയുളള പ്രവര്‍ത്തനം വിലയിരുത്തും.

രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനായി ബോധവല്‍ക്കരണം അടക്കമുളള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുമായും രോഗം സ്ഥിരീകരിച്ചവരുമായും അടുത്ത് ഇടപഴകിയ മുഴുവന്‍ പേരും നിരീക്ഷണത്തിലാണിപ്പോള്‍. കോഴിക്കോട് ചികിത്സയിലുളള 3 പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥീരീകരിച്ചിരിക്കുന്നത്.

7 ജില്ലകളിലായി 29 പേര്‍ സമാന രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. നിപ രോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനായി മൊബൈല്‍ ആപ്പ് ഇന്ന് പുറത്തിറക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ യു വി ജോസ് അറിയിച്ചു

നിപാ വൈറസ് പടരാന്‍ കാരണം കൂടുതല്‍ പേര്‍ മരിച്ച പേരാമ്പ്ര ചങ്ങരോത്തെ വീട്ടിലെ വവ്വാലുകളാണോ എന്നത് സംബന്ധിച്ച സ്ഥിരീകരണവും ഇന്നുണ്ടാകും. കിണറില്‍ നിന്ന് പിടികൂടിയ വവ്വാലുകള്‍, സമീപത്തെ വീടുകളിലെ മറ്റ് ജിവികള്‍ എന്നിവയുടെ സാമ്പിള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ പരിശോധനയക്ക് അയച്ചിരുന്നു.

ഇതിന്റെ ഫലം കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന് ഇന്ന് ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോഴിക്കോട് നടന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സരിത എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News