റൈഫിള്‍ അസോസിയേഷന്‍റെ പേരില്‍ ഫണ്ടുകള്‍ തട്ടുന്നു; തട്ടിപ്പ് വ്യാജസംഘടന രൂപീകരിച്ച്

ആഭ്യന്തര വകുപ്പിനു കീ‍ഴില്‍ പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിച്ചു വന്ന കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്‍റെ പേരില്‍ വ്യാജ സംഘടന രൂപീകരിച്ച് തട്ടിപ്പ് നടത്തുന്നതായി പരാതി.

യഥാര്‍ഥ അസോസിയേഷനെ മറികടന്ന് സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ അഫിലിയേഷന്‍ സമ്പാദിച്ചാണ് വ്യാജന്‍മാര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് തട്ടുന്നത്.  സംഭവത്തില്‍ തൃശൂര്‍ വിജിലന്‍സ് യൂണിറ്റ് അന്വേഷണം ആരംഭിച്ചു

പൊതുജനങ്ങള്‍ക്ക് ഷൂട്ടിംഗ് പരിശീലനം നല്‍കുന്നതിനായി ആയിരത്തി തൊള്ളായിരത്തി അന്‍പത്തിയെട്ടിലാണ് ആഭ്യന്തര വകുപ്പിന് കീ‍ഴില്‍ കേരള റൈഫിള്‍ അസോസിയേഷന്‍ രൂപീകൃതമായത്.

സിവിലിയന്‍ റൈഫിള്‍ ട്രെയിനിംഗ് സ്കീമീന് കീ‍ഴില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായം കൈപ്പറ്റിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

പരിശീലനത്തിനൊപ്പം, ദേശീയ -സംസ്ഥാന – ജില്ലാതല ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തുകയെന്നതാണ് പോലീസ് ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നേതൃത്വം നല്‍കുന്ന അസോസിയേഷന്‍റെ പ്രവര്‍ത്തന ലക്ഷ്യം.

രണ്ടായിരത്തിയെട്ടില്‍ ഇതേ അസോസിയേഷന്‍റെ പേരില്‍ ആലപ്പു‍ഴയില്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചാണ് തട്ടിപ്പിന് തുടക്കമിട്ടത്.  യഥാര്‍ഥ അസോസിയേഷനെ മറികടന്ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍ലിസിന്‍റെ അഫിലിയേഷന്‍ നേടിയെടുത്ത ഇവര്‍ പിന്നീട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടുകള്‍ തട്ടിയെടുക്കുകയാണ്.

രണ്ടായിരത്തി പതിനഞ്ചിന് ശേഷമാണ് വ്യാജ അസോസിയയേഷനാണ് ധനസഹായം കൈപ്പറ്റുന്നതെന്ന വിവരം ആഭ്യന്തര വകുപ്പിന് ബോധ്യമായത്.

അനര്‍ഹമായി ഫണ്ട് കൈപ്പറ്റുന്നതിനൊപ്പം, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വരെ വെടിക്കോപ്പുകള്‍ ഉപയോഗിച്ചേക്കാം എന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

പരേതരായവരുടെ പേരിലാണ് വ്യജ അസോസിയേഷന്‍ രൂപീകരിച്ചതെന്നും തെളിഞ്ഞു. തട്ടിപ്പ് നടത്തിയ ഭാരവാഹികളെ ഐ,ജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍, ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.

ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി റനിഷ് ഡാനിയേല്‍, വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് തൃശൂര്‍ യൂണിറ്റ് ത്വരിത പരിശോധന ആരംഭിച്ചു. വിജിലന്‍സ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here