നിപ്പ വൈറസിന്റെ ഉറവിടം വവ്വാല്‍ അല്ല; പരിശോധന റിപ്പോര്‍ട്ട് പുറത്ത്

നിപാ വൈറസ് എത്തിയത് വവ്വാലിൽ നിന്നല്ലെന്ന് പരിശോധനാ ഫലം. പേരാമ്പ്ര ചങ്ങരോത്തെ വീട്ടിലെ വവ്വാലുകളിൽ നടത്തിയ പരിശോധനയിൽ വൈറസിനെ കണ്ടെത്താനായില്ല. പഴംതീനി വവ്വാലുകളുടെ സാമ്പിൾ പരിശോധനയ്ക്ക് അയക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൻറെ ഭോപ്പാൽ ഹൈ സെക്യൂരിറ്റി ലാബില്‍ പരിശോധനയക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പുറത്ത് വന്നത്. രോഗം ആദ്യം സ്ഥിരീകരിച്ച ചങ്ങരോത്ത് മൂസയുടെ വീട്ടിലെ കിണറിൽ നിന്ന് പിടിച്ച വവ്വാലുകളുടെ 5 സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു.

കൂടാതെ 5 കിലോമീറ്റർ ചുറ്റളവിലെ പന്നി, പൂച്ച, ആട് എന്നിവയുടെ സ്രവങ്ങളും പരിശോധിച്ചു. ഇവയടക്കം 21 സാമ്പിളുകളും നെഗറ്റീവായാണ് വന്നിരിക്കുന്നത്. പഴം തീനി വവ്വാലുകളുടെ സാമ്പിളുകൾ കൂടി പരിശോധനക്ക് അയക്കുമെന്ന് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ ഡോക്ടർ എ സി മോഹൻദാസ് പറഞ്ഞു.

മൂസയുടെ വീട്ടിലെ കിണറിൽ നിന്ന് ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന വവ്വാലുകളെയാണ് ലഭിച്ചത്. ഇതിൽ പൊതുവെ നിപ വൈറസ് ഉണ്ടാവില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് പറഞ്ഞിരുന്നു. ഐ സി എം ആറിലേയും പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയും വിദഗ്ധരും സാമ്പിൾ പരിശോധനയ്ക്ക് കോഴിക്കോടെത്തും. ഭോപ്പാൽ ലാബ് റിസൽറ്റ് അടക്കമുള്ള പുതിയ സാഹചര്യങ്ങൾ ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കോഴിക്കോട് ചേർന്ന യോഗം വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News