ഈ ബിജെപി സർക്കാർ പോയേ പറ്റൂ; മോദി സർക്കാരിന്റെ നാലാം വാർഷികനാളിൽ സീതാറാം യെച്ചൂരി

കേന്ദ്ര സർക്കാർ നാലുവർഷം തികയ്ക്കുന്ന സന്ദർഭത്തിന്റെ പ്രധാന സവിശേഷത എന്തെന്നാൽ, 2014ൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിന്റെ ഏതാണ്ട് സമ്പൂർണ നിരാകരണമെന്നതാണ് ഉത്തരം. നല്ല ദിനങ്ങളാണ് വാഗ്ദാനം ചെയ്യപ്പെട്ടത്.

സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള കഴിഞ്ഞ ഏഴ‌് ദശകത്തിനിടയ‌്ക്ക് ആർജിക്കാനാകാത്ത ഔന്നത്യത്തിലെത്തത്തക്കവിധം ഇന്ത്യയെ സുശക്തമായ ഒരു രാഷ്ട്രമായി മാറ്റിത്തീർക്കും എന്നായിരുന്നു നൽകപ്പെട്ട ഉറപ്പ്. എല്ലാവരുടെയും കൂടെ എല്ലാവർക്കും വികസനം എന്നതായിരുന്നു വാഗ്ദാനം. ഈ മുദ്രാവാക്യങ്ങളോരോന്നും പൊള്ളയായിരുന്നു. വാഗ്ദാനങ്ങളെല്ലാം വഞ്ചനകളായി മാറിയിരിക്കുന്നു.

ഈ നാലുവർഷം ഒരു രാജ്യമെന്ന നിലയ‌്ക്ക് ഇന്ത്യക്കുനേരെയും അതിലെ ജനങ്ങളുടെ അതിജീവനത്തിനുനേരെയും അഭൂതപൂർവമായ ആക്രമണങ്ങളാണ് നടന്നത്. ഒരു ചതുർഭുജ ആക്രമണത്തിനാണ് ദിനേനയെന്നോണം ശക്തി കൂടിവരുന്നത്. ആക്രമണത്തിന്റെ നാല് ഘടകങ്ങൾ ഇവയാണ്:

1) ജനങ്ങളിൽ മഹാഭൂരിപക്ഷത്തിന്റെയും ജീവിതത്തിൽ നാശംവിതയ്ക്കുന്ന നവലിബറൽ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ആക്രമണോത്സുകമായ നടത്തിപ്പ്.

2) നമ്മുടെ സമൂഹത്തെ പിച്ചിച്ചീന്തുന്ന വർഗീയ ധ്രുവീകരണത്തിന്റെ മൂർച്ച കൂട്ടൽ.

3) പാർലമെന്ററി ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങൾക്കും അധികാരികൾക്കും നേരെയുള്ള സർവതലസ്പർശിയായ ആക്രമണം.

4) ഇന്ത്യയുടെ സ്വതന്ത്ര വിദേശനയവും നമ്മുടെ പരമാധികാരംതന്നെയും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആജ്ഞയ‌്ക്കനുസരിച്ച് സമ്പൂർണമായി അടിയറവ് വയ‌്ക്കൽ. ഈ നാലും ചേർന്നാണ് നമ്മുടെ രാജ്യത്തിനും ജനങ്ങൾക്കും നേരെയുള്ള ഏറ്റവും കടുത്ത ആക്രമണങ്ങൾ അഴിച്ചുവിടുന്നത്.

രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവി സുരക്ഷിതമാക്കണമെങ്കിൽ ഈ സർക്കാരിനെ തൂത്തെറിഞ്ഞുകൊണ്ടേ സാധ്യമാകൂ എന്നാണ് ഈ നാലുവർഷം തെളിയിച്ചത്.

ജനങ്ങൾക്കുനേരെയുള്ള സാമ്പത്തികാക്രമണങ്ങൾ

നോട്ട‌് റദ്ദാക്കലും ജിഎസ്ടി നടപ്പാക്കലുംവഴി നടത്തിയ ഇരട്ട ആക്രമണത്തോടെ ഇന്ത്യയുടെ സാമ്പത്തികാടിത്തറയുടെ ശക്തിയാണ‌് ചോർത്തിക്കളഞ്ഞത‌്. അവ കാരണം പിറകോട്ടടിക്കപ്പെട്ട സാമ്പത്തിക പ്രവർത്തനങ്ങൾ തിരിച്ചുപിടിക്കാൻ കഴിയാത്തത്ര വലിയ തകർച്ചയാണ് സമ്പദ് വ്യവസ്ഥയ‌്ക്കുണ്ടായത്.

നമ്മുടെ മൊത്തം ആഭ്യന്തരോൽപ്പാദനത്തിന്റെ പാതിയിലേറെയും സംഭാവന ചെയ്യുന്ന, കാർഷികേതര ജോലികളിൽ ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന ഇന്ത്യയുടെ അനൗപചാരികമേഖല ഇന്ന് ഫലത്തിൽ തകർന്നുകിടക്കുകയാണ‌്. കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ജീവരേഖ പ്രദാനംചെയ്യുന്ന ചെറുകിട ഇടത്തരം സംരംഭങ്ങൾ ജിഎസ്ടി കാരണം തളർന്നു.

നമ്മുടെ സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിക്കുകയാണ്. ഈ വിദേശ പ്രത്യക്ഷ നിക്ഷേപം പിൻവാതിലിലൂടെ നമ്മുടെ ചില്ലറവിൽപ്പനമേഖലയിലും പിടിമുറുക്കി. ഇന്ത്യൻ ചെറുകിട വ്യാപാരമേഖല നാല‌് കോ ടിയിലേറെപ്പേർക്കാണ് നേരിട്ട് ജോലി നൽകുന്നത്. നമ്മുടെ ആഭ്യന്തര വാണിജ്യം വൻകിട ബഹുരാഷ്ട്ര ഭീമന്മാർ ഏറ്റെടുക്കാനിടയായാൽ അത് ജനസംഖ്യയിൽ അഞ്ചിലൊരു ഭാഗത്തെ സാരമായി ബാധിക്കുമെന്നർഥം.

ഈയിടെ അന്താരാഷ്ട്ര റീടെയിൽ ഭീമനായ വാൾമാർട്ട് ഇന്ത്യൻ കമ്പനിയായ ഫ്ലിപ്കാർട്ടിനെ ഏറ്റെടുത്തത്, നമ്മുടെ റീടെയിൽമേഖലയിൽ വിദേശ മൂലധന പ്രവേശനത്തിന് നിയമ സമ്മതി നേടിക്കൊടുത്തിരിക്കുകയാണ്.

രാജ്യത്തെ കാർഷികമേഖലയിലെ തകർച്ച ആപൽക്കരമാംവിധം വഷളായിക്കൊണ്ടിരിക്കുകയാണ്. ഗ്രാമീണ ഇന്ത്യയിലെ യഥാർഥ കൂലി കഷ്ടിച്ച് കഴിഞ്ഞുകൂടാനുള്ള കൂലിയിലും എത്രയോ താഴെയാണ്. കർഷകർക്ക് ഉൽപ്പാദനച്ചെലവിന്റെ ഒന്നര ഇരട്ടി താങ്ങുവില ഉറപ്പാക്കും എന്ന വാഗ്ദാനം പാലിക്കാതെ സർക്കാർ ലക്ഷക്കണക്കിനു കർഷകരെ തങ്ങളുടെ കടം തിരിച്ചടയ‌്ക്കാനാകാത്ത ഗതികേടിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുകയാണ്!

കർഷകരുടെ വായ്പ ഒറ്റത്തവണ തീർപ്പാക്കാൻ തയ്യാറല്ലാത്ത സർക്കാർ വൻകിട കോർപറേറ്റുകൾ എടുത്ത ലക്ഷക്കണക്കിനു കോടി രൂപ എഴുതിത്തള്ളുകയാണ്. നാടനും മറുനാടനുമായ വൻകിട കോർപറേറ്റുകൾക്ക് ലാഭം വർധിപ്പിക്കുന്നതിനുള്ള അനന്തസാധ്യതകൾ തുറന്നുകൊടുത്തതോടെ രാജ്യത്ത് അസമത്വം ഭീതിജനകമാംവിധം പെരുകുകയാണ്. ധനികർ അതിവേഗം അതി ധനികരാവുകയാണ്.

ദരിദ്രർ അതി ദരിദ്രരും. 2017ൽ ഉണ്ടായ അധികസമ്പത്തിന്റെ 73 ശതമാനവും ജനസംഖ്യയിൽ ഒരു ശതമാനം വരുന്നവർ സ്വന്തമാക്കിയിരിക്കുന്നു. ശിങ്കിടി മുതലാളിത്തം അരങ്ങ് തകർക്കുന്നു. കോർപറേറ്റുകൾ എടുത്ത വായ്പയിൽ 11 ലക്ഷം കോടി രൂപയിലേറെയാണ് പിരിഞ്ഞുകിട്ടാൻ ബാക്കി. അത‌് മിക്കവാറും ദേശസാൽകൃത ബാങ്കുകളിൽനിന്ന‌് എടുത്തവയാണുതാനും.

എല്ലാ മൗലിക സാമ്പത്തിക സൂചികകളും തകർച്ചയോ അല്ലെങ്കിൽ മുരടിപ്പോ ആണ് കാട്ടുന്നത്. അങ്ങനെ നോക്കുമ്പോൾ, ഈ നാലു വർഷം ജനങ്ങളെ സംബന്ധിച്ചേടത്തോളം ജീവിതാവസ്ഥ കുത്തനെ തകർന്ന കാലമാണ്. ജനങ്ങളുടെ മേലുള്ള അമിതഭാരം കൂടിക്കൂടി വരികയാണ്.

വർഗീയ ധ്രുവീകരണം

നമ്മുടെ സമ്പന്നവും അത്യപൂർവവുമായ നാനാത്വത്തെ ഉപയോഗപ്പെടുത്തി ജനങ്ങളെ ധ്രുവീകരിക്കാനുള്ള ഒടുങ്ങാത്ത പരിശ്രമമാണ് ദളിതർക്കും മുസ്ലിം ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള കടന്നാക്രമണങ്ങളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഗോരക്ഷകരെപ്പോലുള്ള സ്വകാര്യ സൈന്യവും യുപിയിലെ റോമിയോവിരുദ്ധ സ്‌ക്വാഡുപോലുള്ള സദാചാര പൊലീസിങ‌് സംഘങ്ങളും നമ്മുടെ യുവാക്കളോട് എന്ത‌് ഭക്ഷിക്കണമെന്നും എന്ത് വസ്ത്രം ധരിക്കണമെന്നും ആരുമായി സൗഹൃദമാകാമെന്നും കൽപ്പിക്കുകയാണ്.

വർഗീയ വൈറസിന്റെ വിഷലിപ്തത നമ്മുടെ സമൂഹത്തെ അപമാനവീകരണത്തിന്റെ പടുകുഴിയിലേക്ക് നയിക്കുകയാണ്. സമീപകാലത്തെ മൃഗീയ ബലാത്സംഗങ്ങളും പെൺക്കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതുമെല്ലാം നൽകുന്ന സൂചനകൾ വ്യക്തമാണ്.

ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും നേരെയുള്ള ആക്രമണങ്ങൾ

ഉന്നത വിദ്യാഭ്യാസത്തെയും ഗവേഷണത്തെയും വർഗീയരീതിയിലൂടെ അട്ടിമറിച്ചുകൊണ്ടും യുക്തിചിന്തയെയും ശാസ്ത്രബോധത്തെയും കടന്നാക്രമിച്ചുകൊണ്ടുമാണ് സമൂഹത്തിന്റെ അപമാനവീകരണം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യാചരിത്രത്തെ ഹിന്ദു പുരാണങ്ങൾക്കൊത്ത് തിരുത്തിക്കുറിക്കാനാണ് ശ്രമം. ജനങ്ങളുടെ ചിന്താപ്രക്രിയയെത്തന്നെ ഇങ്ങനെ വർഗീയവൽക്കരിക്കുന്നത് നമ്മുടെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ അവരുടെ അസഹിഷ്ണു മതാധിഷ്ഠിത ഫാസിസ്റ്റ‌് ഹിന്ദുരാഷ്ട്ര ഭാഷ്യത്തിന് അനുകൂലമാക്കി മാറ്റിത്തീർക്കാനാണ‌്.

ഇന്ന് നമ്മുടെയൊക്കെ സങ്കൽപ്പത്തിലുള്ള ഇന്ത്യയെ തകർക്കാനുള്ള ഒരാക്രമണമാണ‌്. ‘സബ് കേ സാത്തിനു’ പകരം ഇക്കഴിഞ്ഞ നാലുകൊല്ലംകൊണ്ട് നാം കണ്ടത്, ദളിതരെയും മതന്യൂനപക്ഷങ്ങളെയുംപോലെയുള്ള നമ്മുടെ ജനതയിൽ ഒരു വലിയ വിഭാഗത്തെ പുറംതള്ളുന്നതിലേക്ക് നയിക്കുന്ന ഹിന്ദുത്വ കടന്നാക്രമണങ്ങളാണ‌്.

സബ് കാ വികാസ് ?

ജനങ്ങളുടെ ഉപജീവനമാർഗവുമായി നേരിട്ട് ബന്ധപ്പെടുന്ന ഏത‌് സാമൂഹ്യമേഖലയായാലും ശരി, അതിനുവേണ്ടി കേന്ദ്ര സർക്കാർ ചെലവിട്ട സംഖ്യയിൽ ഈ നാലുവർഷംകൊണ്ട് ഗണ്യമായ ഇടിവാണുണ്ടായത്. വിദ്യാഭ്യാസത്തിന് ജിഡിപിയുടെ ആറു ശതമാനം നീക്കിവയ‌്ക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മോഡി സർക്കാർ അധികാരത്തിലേറിയത്. സംഭവിച്ചതോ? 2014‐15ൽ ചെലവാക്കിയ ജിഡിപിയുടെ 0.55 ശതമാനം 2018‐19 ആയപ്പോൾ 0.45 ആയി ചുരുങ്ങി. യൂണിയൻ ബജറ്റിന്റെ ശതമാനക്കണക്കിൽ പറഞ്ഞാൽ, 2014‐15ലെ 4.1 ശതമാനം ചെലവ് 2018‐19ൽ 3.6 ശതമാനമായി.

ഇന്ത്യയിലുടനീളം കുടിവെള്ളമെത്തിക്കുന്ന കാര്യത്തിലും ശുചിത്വം ഉറപ്പ് വരുത്തുന്ന കാര്യത്തിലും വലിയ വാഗ്ദാനങ്ങളും സ്വച്ഛ‌് ഭാരതത്തെപ്പറ്റിയുള്ള പറച്ചെണ്ടയടികളും ഉണ്ടായിരുന്നിട്ടും, സംഭവിക്കുന്നത് നേർ വിപരീതമായാണ്. ദേശീയ സാമ്പിൾ സർവേ ഓഫ് ഇന്ത്യ 2015‐16ൽ നടത്തിയ പഠനം വെളിപ്പെടുത്തിയത്, സ്വച്ഛ‌് ഭാരത് അഭിയാനു കീഴിൽ നിർമിച്ച കക്കൂസുകളിൽ 10ൽ ആറ‌് എണ്ണത്തിലും ജലലഭ്യത ഇല്ല എന്നാണ്.

മറ്റുപല മുദ്രാവാക്യങ്ങളുമെന്നപോലെ ഇതും പാഴ‌്‌വാക്കായി മാറുകയായിരുന്നു. അതേപോലെ എംഎൻആർഇജിക്കും ആരോഗ്യമേഖലയ‌്ക്കും ഉള്ള നീക്കിയിരിപ്പും തീരെ അപര്യാപ്തമാണ്. ഇതിൽ ഏറ്റവും മോശമായത‌് എസ‌്സി/ എസ്ടി ഉപ പദ്ധതികൾക്കായുള്ള നീക്കിയിരി പ്പാണ്.

പാർലമെന്ററി ജനാധിപത്യത്തിനു നേരെയുള്ള ആക്രമണങ്ങൾ

ഇക്കഴിഞ്ഞ നാലു വർഷമായി പാർലമെന്ററി ജനാധിപത്യത്തിന്റെ സകല സ്ഥാപനങ്ങളും അതി ഗുരുതരമായ ആക്രമണങ്ങൾക്കാണ് വിധേയമായത്. സർക്കാർ നടപടികളെ നിയന്ത്രിക്കുന്നതിനും അതിനെ ഉത്തരവാദിത്തപൂർവം പ്രവർത്തിപ്പിക്കുന്നതിനുമുള്ള പാർലമെന്റിന്റെ പ്രവർത്തനശേഷിതന്നെ പരിമിതപ്പെടുത്തിക്കളഞ്ഞിരിക്കുകയാണ്.

കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് സംഭവിക്കുന്നത്. അവിശ്വാസ പ്രമേയം ചർച്ചചെയ്യാൻ സമ്മതിക്കുന്നില്ല. ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിയമനടപടികൾ രാജ്യസഭയെ മറികടക്കാനായി ഫിനാൻസ് ബില്ലായി ഒളിച്ചുകടത്തുകയാണ്.

തെരഞ്ഞെടുപ്പു കമീഷൻപോലുള്ള മറ്റെല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ചും വലിയ ചോദ്യചിഹ്നമാണ് ഉയരുന്നത്.

സമീപകാലത്ത് മുൻ ചീഫ് ഇലക‌്ഷൻ കമീഷണർമാർ നിലവിലുള്ള തെരഞ്ഞെടുപ്പ് കമീഷണറോട് അതിന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും തിരിച്ചുപിടിക്കണമെന്ന് നിർദേശിച്ചത് ഗുരുതരമായ വിഷയമാണ‌്. സർക്കാരിന്റെ രാഷ്ട്രീയാവയവങ്ങളായാണ് എല്ലാ അന്വേഷണ ഏജൻസികളും പ്രവർത്തിക്കുന്നത്.

തെരഞ്ഞെടുപ്പുകളിൽ തോറ്റമ്പിയപ്പോഴും ഗോവയിലും മണിപ്പുരിലും മേഘാലയയിലും പിന്നീട് ബിഹാറിലും കണ്ടപോലെ, വൻതോതിലുള്ള ധനശക്തി ഉപയോഗിച്ചും ഭീഷണിയും പീഡനവും വിരട്ടലും നടത്തിയും സർക്കാരുകൾ ഉണ്ടാക്കാൻ ബിജെപിക്ക് കഴിയുന്നു.

ഉത്തരവാദിത്തമുള്ള അഴിമതിരഹിത ഭരണം എന്ന വാഗ്ദാനം കാറ്റിൽ പറത്തുകയാണ്. എന്നിട്ടും അഴിമതിനിർമാർജനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ഗീർവാണങ്ങൾ പെരുകുകയാണ്. 2013 ഡിസംബറിൽ പാസാക്കിയതും 2014 ജനുവരിയിൽ ഉത്തരവാക്കിയതുമായ ലോക്പാലും ലോകായുക്ത നിയമവും ഇതുവരെ നടപ്പാക്കാൻ തുടങ്ങിയിട്ടില്ല.

അഴിമതി നിവാരണ നിയമമാകട്ടെ, 2016ൽ സർക്കാർ കൊണ്ടുവന്ന ഭേദഗതിയോടെ തീർത്തും ദുർബലമാക്കപ്പെട്ടിരിക്കുന്നു. വിസിൽ ബ്ലോവേഴ്‌സ് പ്രൊട്ടക‌്ഷൻ ആക്ട് (അഴിമതി ചൂണ്ടിക്കാട്ടുന്നവർക്ക് പരിരക്ഷ നൽകുന്ന നിയമം) ഇനിയും നടപ്പാക്കുന്നില്ല. ഇതു കാരണം പല അഴിമതികളും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന ഒട്ടേറെപേർക്ക് ജീവൻ വെടിയേണ്ടിവന്നിട്ടുണ്ട്; സ്ഥാപിത താൽപ്പര്യക്കാരുടെ ഇടപെടൽവഴി.

പരാതി പരിഹാര ബിൽ (Grievance Red ressal Bill) പുനരവതരിപ്പിക്കാൻ ഇനിയും മോഡി സർക്കാരിനായിട്ടില്ല. അറിയാനുള്ള അവകാശ നിയമം ( ഞശഴവ ീ ശിളീൃാമശീിേ മര) ഭേദഗതി ചെയ്തിരിക്കുകയാണ്. കേന്ദ്ര ഇൻഫർമേഷൻ കമീഷന്റെ 11 പോസ്റ്റിൽ നാലെണ്ണം ഇനിയും നികത്തിയിട്ടില്ല.

2018ൽ ചീഫ് കമീഷണറടക്കം നാലുപേർകൂടി റിട്ടയർചെയ്യുകയാണ്. സർക്കാരാകട്ടെ, അറിയാനുള്ള അവകാശത്തെ വ്യക്തമായും പ്രയോജനരഹിതമാക്കുകയാണ്.

രാഷ്ട്രീയ പാർടികൾക്ക് സംഭാവന നൽകുന്ന കാര്യത്തിൽ വരുത്തിയ ഗുരുതരമായ മാറ്റങ്ങളോടെ രാഷ്ട്രീയ അഴിമതിയെ ഫലത്തിൽ നിയമ വിധേയമാക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ബോണ്ടുകൾ നടപ്പാകുന്നതോടെ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനു പകരം ഉത്തരവാദിത്ത രഹിതവും കൂടുതൽ ഇരുണ്ടതുമായ ഒരവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുക.

രാഷ്ട്രീയ കക്ഷികൾക്കുള്ള സംഭാവനയുടെ കാര്യത്തിൽ വരുത്തിയ ഇമ്മാതിരി മാറ്റങ്ങളാകട്ടെ, ഫിനാൻസ് ബില്ലിന്റെ രൂപത്തിൽ നിയമനിർമാണവേദിയിൽ കള്ളക്കടത്ത് നടത്തി അവതരിപ്പിച്ചെടുത്തതാണുതാനും. ഇതാകട്ടെ, രാഷ്ട്രീയത്തിൽ പൊതുവെയും തെരഞ്ഞെടുപ്പിൽ പ്രത്യേകിച്ചും വൻതോതിലുള്ള ധനാധികാരപ്രയാേഗത്തെ നിയമവിധേയമാക്കുന്ന ഒന്നാണ്.

ഈ ബിജെപി സർക്കാർ പോയേ പറ്റൂ. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളുടെ കാര്യത്തിൽ കാണിച്ച വഞ്ചനമാത്രമല്ല, പാർലമെന്ററി ജനാധിപത്യത്തിന്റെ പ്രായോഗികതയെയും റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തെയും തകർത്തെറിയാനുള്ള പരിശ്രമങ്ങളായാലും, ജനങ്ങളുടെ ജീവിതാവസ്ഥയ്ക്കുമേൽ അഭൂതപൂർവമായി നടത്തുന്ന കടന്നാക്രമണങ്ങളുടെ കാര്യത്തിലായാലും, മോഡി സർക്കാർ ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ് എന്ന് സ്വയം തെളിയിച്ചിരിക്കുകയാണ്.

സർക്കാരിന്റെ ഈ അവസാന വർഷം ഇന്ത്യൻ ജനതയ‌്ക്കു മുന്നിലുള്ള മുൻഗണനാപരമായ കടമ മറ്റൊന്നുമല്ല, ഇത്തരം ആക്രമണങ്ങൾക്കെതിരെയുള്ള ജനകീയ പ്രതിഷേധം ഉയർത്തിക്കൊണ്ടുവന്ന് ഈ സർക്കാരിനെ തൂത്തെറിയുക എന്നതാണ‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News