പ്രഭാത്‌ പടനായിക്കിന്റെയും ഉത്സയുടെയും ഓഫീസ്‌ പൂട്ടി; ജെഎൻയുവിൽ സംഘപരിവാർ വാ‍ഴ്ച

വിഖ്യാത സാമ്പത്തിക ശാസ്‌ത്രജ്ഞരായ പ്രഭാത്‌ പട്‌നായിക്കിന്റെയും ഉത്സ പട്‌നായിക്കിന്റെയും ജെഎൻയുവിലെ ഓഫീസ്‌ യൂണിവേഴ്‌സിറ്റി അധികൃതർ ഇരട്ടത്താഴിട്ടു പൂട്ടി. ദമ്പതികളായ ഇരുവരും 2010ൽ വിരമിച്ചതിനു ശേഷവും ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ ഇക്കണോമിക്‌ സ്റ്റഡീസിൽ എമിരിറ്റസ്‌ പ്രൊഫസർമാരായി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു.

1970കൾ മുതൽ നാൽപ്പത്‌ വർഷത്തിലധികമായി രണ്ടുപേരും പ്രവർത്തിച്ചിരുന്ന ഓഫീസാണ്‌ ഇന്നലെ ഉച്ചയോടെ രണ്ടു പൂട്ടുകളിട്ട്‌ പൂട്ടിയതായി കണ്ടത്‌. ജെഎൻയുവിലെ സ്‌കൂൾ ഓഫ്‌ സോഷ്യൽ സയൻസസിന്റെ രണ്ടാമത്തെ ബ്ലോക്കിലെ മൂന്നാമത്തെ നിലയിലാണ്‌ ഈ ഓഫീസ്‌.

സ്‌കൂൾ ഓഫ്‌ സോഷ്യൽ സയൻസസിന്റെ അഡ്‌മിനിസ്ട്രേറ്റീവ്‌ ഓഫീസറായ അശോക്‌ കുമാറാണ്‌ ഓഫീസ്‌ മറ്റൊരു പൂട്ടിട്ട്‌ പൂട്ടിയത്‌. ഇതിന്റെ താക്കോൽ സെന്ററിലും ലഭ്യമല്ല. ഒരുമാസം മുൻപ്‌ വിരമിച്ച പ്രൊഫസർമാർ തങ്ങളുടെ ഓഫീസ്‌ റൂമുകൾ ഒഴിഞ്ഞു നൽകണം എന്ന്‌ അധികൃതർ ആവശ്യപ്പെട്ടിരുന്നെങ്കിലും എമിരിറ്റസ്‌ പ്രൊഫസർമാരുടെ കാര്യം വ്യക്തമാക്കിയിരുന്നില്ല. മറ്റ്‌ എമരിറ്റസ്‌ പ്രൊഫസർമാരുടെ ഓഫീസുകൾ പൂട്ടിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്‌.

അക്കാദമിക്‌ രംഗത്ത്‌ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന പണ്ഡിതർക്ക്‌ ബഹുമാന സൂചകമായി നൽകുന്ന പദവിയാണ്‌ എമിരിറ്റസ്‌. വിരമിക്കലിനു ശേഷവും വിദ്യാർഥികൾക്കും ഗവേഷകർക്കും അധ്യാപകർക്കും ഇവരുടെ സേവനം ഉപയോഗപ്പെടുത്താനുള്ള അവസരമൊരുക്കാനാണിത്‌.

എമിരിറ്റസ്‌ പ്രൊഫസർമാരും ഓഫീസ്‌ വിട്ടുനൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട്‌ ഉത്സ പട്‌നായിക്‌ സർവകലാശാലാ അധികൃതർക്ക്‌ കത്തെഴുതി. ഇതുവരെ സർവകലാശാലാ അധികൃതർ ഇതിനോട്‌ പ്രതികരിച്ചിട്ടില്ല. അക്കാദമിക്‌ കൗൺസിൽ യോഗത്തിൽ വൈസ്‌ ചാൻസലറുടെ താൽപ്പര്യ പ്രകാരമാണ്‌ തീരുമാനം. ആർഎസ്‌എസ്‌ നേതൃത്വം നൽകുന്ന സംഘടനയായ വിജ്ഞാന ഭാരതിയുടെ നേതാവായ എം ജഗദീഷ്‌കുമാറാണ്‌ ഇപ്പോൾ ജെഎൻയു വൈസ്‌ ചാൻസിലർ.

ലോകത്ത്‌ അറിയപ്പെടുന്ന മാർക്‌സിസ്റ്റ്‌ സാമ്പത്തിക ശാസ്‌ത്രജ്ഞരായ പ്രഭാത്‌ പട്‌നായിക്കും ഉത്സ പട്‌നായിക്കും ഇടതുപക്ഷ പ്രസ്‌ഥാനങ്ങളുമായും അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ്‌. അതിനാൽത്തന്നെ ഇവരുടെ ഓഫീസ്‌ ഒഴിപ്പിക്കാനുള്ള നീക്കം രാഷ്‌ട്രീയപ്രേരിതവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരിക എന്ന ആർഎസ്‌എസ്‌ അജണ്ടയുടെ ഭാഗവുമാണെന്ന വിമർശനമാണ്‌ വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ഉയരുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here