ഇറാഖില്‍ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ടി ആസ്ഥാനത്ത്‌ ബോംബാക്രമണം; ആക്രമണം തെരഞ്ഞെടുപ്പ്‌ വിജയത്തിന്‌ പിറകെ

ഇറാഖി കമ്മ്യൂണിസ്‌റ്റ്‌ പാർടിയുടെ കേന്ദ്ര ആസ്‌ഥാനത്ത്‌ ബോംബാക്രമണം. തലസ്‌ഥാനമായ ബാഗ്‌ദാദിലുള്ള ആസ്‌ഥാന മന്ദിരത്തിന്റെ പൂന്തോട്ടത്തിലേക്ക്‌ ബോംബ്‌ വലിച്ചെറിയുകയായിരുന്നു. ആക്രമണത്തിൽ മൂന്ന്‌ പേർക്ക്‌ പരിക്കേറ്റു. ഇരട്ട ബോംബാക്രമണമാണുണ്ടായത്‌.

അടുത്തിടെ ഇറാഖിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഇറാഖി കമ്മ്യൂണിസ്റ്റ് പാർടി ചരിത്ര വിജയം നേടിയിരുന്നു. അമേരിക്കൻ അധിനിവേശത്തിനെതിരെ പ്രക്ഷോഭം നയിച്ച‌ അൽ സദറിന്റെ സദറിസ്‌റ്റ്‌ സഖ്യത്തിനൊപ്പമായിരുന്നു കമ്മ്യൂണിസ്‌റ്റ്‌ പാർടിയും. ഇതാണ്‌ ആക്രമണത്തിന്‌ കാരണമെന്ന്‌ കരുതുന്നു.

ഇറാഖിലെ അഴിമതിക്കും വിദേശഇടപെടലുകൾക്കും അറുതിവരുത്താൻ ശ്രമിക്കുന്ന സദറിസ്‌റ്റ സഖ്യത്തിനുള്ള എതിരാളികളുടെ സന്ദേശമാണ്‌ ബോംബാക്രമണമെന്ന്‌ കമ്മ്യൂണിസ്‌റ്റ്‌ നേതാവ്‌ ജാസ്‌മിൻ ഹെഫി പ്രതികരിച്ചു.

അമേരിക്കക്ക്‌ അയൽ രാജ്യങ്ങളെ ആക്രമിക്കാനുള്ള ഇടതാവളമായി ഇറാഖിനെ വിട്ടുകൊടുക്കില്ലെന്നും അമേരിക്കൻ നയതന്ത്ര പ്രതിനിധികളല്ലാത്ത എല്ലാവരേയും തങ്ങൾ പുറംതള്ളുമെന്നും സദറിസ്‌റ്റ്‌ വക്‌താവ്‌ സിയ അൽ അസദ്‌ വ്യക്‌തമാക്കി.

ഇറാഖിൽ പുരോഗമനപക്ഷത്തുള്ള ഷിയ പുരോഹിതൻ മുഖ‌്താദ അൽ സദറിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ വിരുദ്ധചേരിയായ സദറിസ്റ്റ് സഖ്യത്തിനൊപ്പമാണ്‌ കമ്മ്യുണിസ്‌റ്റ്‌ പാർടി. സഖ്യത്തിൽ കമ്യൂണിസ്റ്റ‌് പാർടിയടക്കം ആറ‌് മതനിരപേക്ഷ കക്ഷികൾ ഉൾപ്പെടുന്നു. ഷിയാകളുടെ പുണ്യനഗരമായ നജാഫിൽനിന്നടക്കം രണ്ടുവനിതകളെ ആദ്യമായി കമ്യൂണിസ്റ്റ‌് പാർടി പാർലമെന്റിലെത്തിച്ചത്‌ ഈ തെരഞ്ഞെടുപ്പിലാണ്‌. ഇതെല്ലാമാണ്‌ എതിരാളികളെ പ്രകോപിപ്പിച്ചത്‌.

1934ൽ സ്ഥാപിതമായ കമ്മ്യൂണിസ്റ്റ്‌ പാർടിക്ക്‌ ഇതാദ്യമായാണ്‌ ഇറാഖി പാർലമെന്റിൽ പ്രാതിനിധ്യമുണ്ടാകുന്നത്‌. നജാഫിൽ വനിതയായ സുഹാബ് അൽ ഖതീബും ദിഖറിൽ ഹൈഫ അൽ അമീനുമാണ്‌ വിജയിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel