പരിപാടി കൊഴുപ്പിക്കാൻ ചെലവ് കാര്യമാക്കിയില്ല; ക്രിക്കറ്റ് മത്സരത്തിന് ഒന്നാം സമ്മാനം ഒരു ലിറ്റർ പെട്രോൾ

മത്സരം ഏതുമായിക്കൊള്ളട്ടെ, വീറും വാശിയും ഉണ്ടാവണമെങ്കിൽ സമ്മാനം വിലയേറിയതാവണം. തൃശൂർ കുന്നംകുളത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നാടൻ ക്രിക്കറ്റ് മത്സരം ഒരുക്കിയപ്പോഴും ഒരു തീരുമാനമെടുത്തു.

വിജയികൾക്ക് വീട്ടിൽ കൊടുത്തു വിട്ടാലും, ദിവസങ്ങൾ കഴിയുന്തോറും അതിന്റെ മൂല്യം വർധിക്കുന്ന സമ്മാനം നൽകണമെന്ന്. ഒടുവിൽ പൊന്നുംവിലയുള്ള ആ സമ്മാനം അവർ പ്രഖ്യാപിച്ചിരിക്കുകയാണ് സുഹൃത്തുക്കളേ. ഒന്നാം സമ്മാനം ഒരു ലിറ്റർ പെട്രോൾ.

വിജയികൾ ഒരു ലിറ്റർ പെട്രോളും വാങ്ങി മടങ്ങുമ്പോൾ രണ്ടാം സ്ഥാനക്കാർ നിറകണ്ണുകളോടെ നോക്കി നിൽക്കേണ്ടി വരില്ല. വിശാല ഹൃദയരായ സംഘാടകർ രണ്ടാം സ്ഥാനക്കാർക്കായും പണം വാരിയെറിയുകയാണ്. അര ലിറ്റർ പെട്രോളാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്.

ഡി.വൈ.എഫ്.ഐ കുന്നംകുളം സൗത്ത് മേഖലാ സമ്മേളനത്തിന്റെ ഭാഗമായി, ആർത്താറ്റ് നോർത്ത് യൂണിറ്റാണ് നാടൻ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. അഞ്ച് പേർ മാത്രമടങ്ങുന്ന ടീമുകളായി അഞ്ച് ഓവറിലാണ് മത്സരം നടക്കുക. സമ്മാനമായി ഒരു ലിറ്റർ പെട്രോൾ പ്രഖ്യാപിച്ചതോടെ, ടീമുകൾ നേരത്തെ തന്നെ രജിസ്ട്രേഷൻ ആരംഭിച്ചു.

മത്സരം നടക്കുന്ന മേയ് 27 ന് പെട്രോൾ വില എത്രയാകുമെന്ന കാര്യം പ്രധാന മന്ത്രിക്ക് പോലും നിശ്ചയമില്ലല്ലോ. അതു കൊണ്ട് നോട്ടീസുകളിൽ ഒരു പ്രത്യേക അറിയിപ്പുമുണ്ട്. മത്സര ദിവസം പെട്രോൾ വില നൂറ് കടന്നാൽ, സമാനങ്ങളുടെ അളവ് കുറയ്ക്കുമെന്ന വ്യവസ്ഥയാണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News