ഉനൈസിന്‍റെ മരണം അമിതമായ മയക്കുമരുന്നിന്റെ ഉപയോഗം മൂലം; പരിശോധന റിപ്പോർട്ട് പുറത്ത്; വിവരങ്ങള്‍ ഇങ്ങനെ

കണ്ണൂർ എടക്കാട് ഓട്ടോ ഡ്രൈവർ ഉനൈസ് മരിച്ചത് അമിതമായ മയക്കുമരുന്നിന്റെ ഉപയോഗം മൂലമെന്ന് രാസ പരിശോധന റിപ്പോർട്ട്.ഉനൈസിന്റെ ആന്തരിക അവയവങ്ങളിൽ അമിതമായ അളവിൽ ഹൈറോയിന്റെ സാനിധ്യം കണ്ടെത്തി.പോലീസ് മർദ്ദനം മൂലമാണ് ഉനൈസ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

ഈ മാസം രണ്ടാം തീയതിയാണ് കണ്ണൂർ എടക്കാട് സ്വദേശിയായ എ ഉനൈസ് മരിച്ചത്.മരണത്തിനു രണ്ടു മാസം മുൻപ് ഭാര്യ പിതാവിന്റെ സ്കൂട്ടർ കത്തിച്ചതിന് ഉനൈസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

അന്ന് പോലീസിൽ നിന്നും ഏറ്റ മർദ്ദനമാണ് മരണ കാരണം എന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.എന്നാൽ ഈ ആരോപണം തെറ്റാണെന്നു തെളിയിക്കുന്നതാണ് പുറത്തു വന്ന രാസ പരിശോധന റിപ്പോർട്ട്.

ഉനൈസിന്റെ ശരീരത്തിൽ അമിതമായ അളവിൽ മയക്കു മരുന്നിന്റെ സാന്നിധ്യം പരിശോധനായിൽ കണ്ടെത്തി.ഹൈറോയിൻ എന്ന മയക്കു മരുന്നിന്റെ അമിതമായ ഉപയോഗമാണ് മരണകാരണം എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.

ഉനൈസിനു മയക്കു മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.12 മയക്ക് മരുന്ന് കേസുകളിൽ പ്രതിയായ ആളുമായി ഉനൈസ് ഫോണിൽ ബന്ധപ്പെടുന്നതിന്റെ രേഖകളും ലഭിച്ചിരുന്നു.

ഉനൈസ്സിന്റേത് കസ്റ്റഡി മരണമാണെന്ന ആരോപണത്തെ തുടർന്ന് പ്രതിപക്ഷവും സർക്കാരിനെതിരെ ഇത് ആയുധമാക്കിയിരുന്നു.ആരോപണം ഉയർന്ന സാഹചര്യത്തിൽ തൃശൂർ റേഞ്ച് ഐ ജി എം ആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണവും ആരംഭിച്ചിരുന്നു. അതിനിടെയാണ് മരണ കാരണം മർദ്ദനമല്ല മയക്കു മരുന്ന് ആണെന്ന് വ്യക്തമാക്കി രാസ പരിശോധന ഫലം പുറത്തു വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here