എ കെ ആന്റണി ബിജെപിയുമായി കൂട്ടുകച്ചവടത്തിനാണ‌് ഇറങ്ങിയിരിക്കുന്നത‌്; ഈ അവിശുദ്ധ രാഷ്ട്രീയത്തെ തിരിച്ചറിയാനും എൽഡിഎഫിനെ വിജയിപ്പിക്കാനും ചെങ്ങന്നൂരിലെ ജനങ്ങൾ മുന്നോട്ടു മുന്നോട്ടുവരും

ചെങ്ങന്നൂരിലെ വോട്ടർമാർ പോളിങ്ബൂത്തിൽ എത്തുകയാണ്. എൽഡിഎഫ് സർക്കാരിന്റെ രണ്ടാംവാർഷികാഘോഷ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. പൊതുവിൽ മെച്ചപ്പെട്ട അഭിപ്രായവും അംഗീകാരവുമാണ് എൽഡിഎഫ് സർക്കാരിനുള്ളത്. ഇതിൽ അസഹിഷ്ണുതപൂണ്ട കോൺഗ്രസും ബിജെപിയും സർക്കാർചെയ്യുന്ന നല്ലകാര്യങ്ങൾക്കു മുന്നിൽ കണ്ണടച്ച് ഇരുട്ടാക്കുന്നതിൽ പരസ്പരം മത്സരിക്കുകയാണ്.

വികസനത്തിലും സാമൂഹ്യക്ഷേമത്തിലും റെക്കോഡിട്ട പിണറായി വിജയൻ സർക്കാരിനെ നോക്കി രണ്ടുവർഷത്തിനിടയിൽ ഏതെങ്കിലും പദ്ധതിക്ക് തറക്കല്ലിട്ടോ എന്നാണ് പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തലയുടെ ചോദ്യം.

തറക്കല്ലിട്ട് ജനങ്ങളെ കബളിപ്പിക്കുന്നതിൽ വിദഗ്ധരായിരുന്നു കോൺഗ്രസും യുഡിഎഫും. അതു അകൊണ്ടാണ് മുഖ്യമന്ത്രിയായിരിക്കെ ഇ കെ നായനാർ കായംകുളം താപവൈദ്യുത പദ്ധതിയെപ്പറ്റി രസകരമായ ഒരു പരാമർശം നടത്തിയത്. നായനാർ ഭരണകാലത്താണ് കായംകുളം താപനിലയം വന്നത്. അതിനുമുമ്പ് യുഡിഎഫ് ഭരണകാലങ്ങളിലായി കേന്ദ്രമന്ത്രിമാരെ അടക്കം പങ്കെടുപ്പിച്ച് രണ്ടുതവണ തറക്കല്ലിടിൽ നടത്തി.

ആ കല്ലുകൾക്കു ചുറ്റും കുറ്റിക്കാട് വളർന്നു. ഇത് ചൂണ്ടിക്കാട്ടി നായനാർ പറഞ്ഞത് രണ്ടിനുപകരം മൂന്ന് കല്ല് ഉണ്ടായിരുന്നെങ്കിൽ ശുചിമുറിക്കുള്ള സ്ലാബിടാനെങ്കിലും ഇത് ഉപകരിക്കുമായിരുന്നു എന്നാണ‌്. എൽഡിഎഫ് സർക്കാരിന്റെ രണ്ടാംവാർഷികത്തോടനുബന്ധിച്ച് കൊച്ചി ക്യാൻസർ സെന്ററിന് മുഖ്യമന്ത്രി തറക്കല്ലിട്ടു. ഇതേ പദ്ധതിക്ക് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ രണ്ടുതവണ തറക്കല്ലിട്ടെങ്കിലും പദ്ധതി ഉപേക്ഷിച്ചു. എന്നാൽ, രണ്ടുവർഷത്തിനുള്ളിൽ കൊച്ചി ക്യാൻസർ സെന്റർ യാഥാർഥ്യമാക്കുന്നതിനാണ് എൽഡിഎഫ് സർക്കാർ നടപടിയെടുത്തിരിക്കുന്നത്.

പതിറ്റാണ്ടായി മുടങ്ങിക്കിടന്ന ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയടക്കം ഇന്ന് യാഥാർഥ്യമാകുകയാണ്. ഇങ്ങനെ നവകേരളം സൃഷ്ടിക്കാൻ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന എൽഡിഎഫ് സർക്കാരിനെ പരിഹസിക്കുന്നതിന് കോൺഗ്രസും ബിജെപിയും തൊടുത്തുവിടുന്ന നുണയുടെ അസ്ത്രങ്ങളൊന്നും കേരളമനസ്സിനെ സ്വാധീനിക്കില്ല. ഇത് ചെങ്ങന്നൂരിലെ ജനവിധിയിൽ തെളിയും.

മൂന്ന് മുന്നണിയാണ് ഇവിടെ മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 52,000 വോട്ട‌് കിട്ടി. യുഡിഎഫിന് 44,000 വോട്ടും ബിജെപിക്ക് 42,000 വോട്ടുമാണ‌് ലഭിച്ചത‌്. യുഡിഎഫും ബിജെപിയും തമ്മിലുള്ള വ്യത്യാസം രണ്ടായിരത്തിന്റേതായിരുന്നു.

ബിജെപി ഉൾക്കൊള്ളുന്ന എൻഡിഎ രണ്ടാംസ്ഥാനത്ത് എത്തുന്നതിനാണ് മത്സരിക്കുന്നത്. ആർഎസ്എസ് നിയന്ത്രിക്കുന്ന എൻഡിഎയെ പരാജയപ്പെടുത്തി മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന രാഷ്ട്രീയദൗത്യമാണ് ചെങ്ങന്നൂരിലെ വോട്ടർമാരുടെ മുന്നിലുള്ളത്.

ഇക്കാര്യത്തിൽ ആർഎസ്എസിനോട് വിയോജിപ്പും എതിർപ്പുമുള്ള എല്ലാ ജനവിഭാഗങ്ങളും പൊതുവിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എൽഡിഎഫ‌് വോട്ടുമാത്രമല്ല, യുഡിഎഫിനകത്തുള്ള നല്ലൊരു പങ്ക് വോട്ടർമാരുടെയും വോട്ട് എൽഡിഎഫിന് അനുകൂലമാകുന്ന സാഹചര്യമാണ് ചെങ്ങന്നൂരിലുള്ളത്.

കെ എം മാണി നയിക്കുന്ന കേരള കോൺഗ്രസ് എം യുഡിഎഫിനെ പിന്തുണയ‌്ക്കാൻ തീരുമാനിച്ചത് ചെങ്ങന്നൂരിൽ മാത്രമല്ല കേരളത്തിലാകെ തരംഗം ഉണ്ടാക്കുമെന്ന ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും മോഹം മലർപ്പൊടിക്കാരന്റെ സ്വപ്‌നമാകും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി‐ കുഞ്ഞാലിക്കുട്ടി‐ കെ എം മാണി എന്നിവർ നയിച്ച മുന്നണിയെ തോൽപ്പിച്ചാണ് 140ൽ 91 സീറ്റ് നേടി എൽഡിഎഫ് അധികാരത്തിൽ വന്നതും ചെങ്ങന്നൂരിൽ വിജയിച്ചതും. യുഡിഎഫിലെ ശിഥിലീകരണം ആരംഭിച്ചത് നിയമസഭാ തെരഞ്ഞെടുപ്പോടെയായിരുന്നു. ആ മുന്നണിയിൽ ഉണ്ടായിരുന്ന ജെഎസ്എസ്, സിഎംപി, കേരള കോൺഗ്രസ് ഫ്രാൻസിസ് ജോർജ് വിഭാഗം എന്നിവർ യുഡിഎഫ് വിട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽതന്നെ എൽഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കാൻ തുടങ്ങി.

തെരഞ്ഞെടുപ്പിനുശേഷമാകട്ടെ എം പി വീരേന്ദ്രകുമാർ നയിക്കുന്ന ജനതാദൾ യുണൈറ്റഡ് യുഡിഎഫ് വിടുകയും ചെങ്ങന്നൂരിൽ എൽഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കുകയുമാണ്. കോൺഗ്രസുമായി നയപരമായ വിഷയങ്ങളിൽ അടക്കം വിയോജിപ്പ് പ്രകടിപ്പിച്ച് കേരള കോൺഗ്രസ് എം യുഡിഎഫ് മുന്നണി വിട്ടു. ഒരു മുന്നണിയിലും ഇതുവരെ അവർ ചേർന്നിട്ടില്ല. എങ്കിലും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും വേങ്ങര നിയമസഭാ മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ അവർ യുഡിഎഫിന്റെ കൂടെത്തന്നെയായിരുന്നു.

ആ രണ്ട് ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫിന് നേരത്തെ ലഭിച്ചിരുന്നതിലും വോട്ട് വർധിച്ചു. അതുകൊണ്ട് ചെങ്ങന്നൂരിൽ യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനത്തിൽ ഒരുവിധത്തിലുള്ള പ്രത്യേകതയുമില്ല. എൽഡിഎഫിന്റെ വിജയസാധ്യതയെ ഇത‌് ഒരുതരത്തിലും ബാധിക്കില്ല. മാണിയുടെ തെരഞ്ഞെടുപ്പുവേളയിലെ പിന്തുണകൊണ്ട് യുഡിഎഫിന് ശക്തിയോ കെട്ടുറപ്പോ ഉണ്ടാകില്ല.

ഈ മുന്നണിയുടെ ആഭ്യന്തരവൈരുധ്യങ്ങൾ ഇപ്പോഴും രൂക്ഷമാണ്. മാണിയെപ്പറ്റിയുള്ള വി എം സുധീരന്റെ അഭിപ്രായം എന്താണ്? കോൺഗ്രസ് സംഘടനയിൽ ഗ്രൂപ്പ് വടംവലി ചെറുതല്ലല്ലോ. തെരഞ്ഞെടുപ്പു ഫലം വന്നുകഴിഞ്ഞാൽ എം എം ഹസ്സനെ കെപിസിസി പ്രസിഡന്റ് കസേരയിൽനിന്ന‌് ഇറക്കിവിടില്ലേ?

എന്നാൽ, എൽഡിഎഫ് രാഷ്ട്രീയമായും സംഘടനാപരമായും കരുത്തുറ്റ മുന്നണിയാണ്. ഈ മുന്നണി അധികാരത്തിൽവന്നതിനുശേഷം നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലും ജനങ്ങൾ എൽഡിഎഫിന് ഭൂരിപക്ഷം നൽകി. അതിന്റെ ഉയർന്ന രൂപമായിരിക്കും ചെങ്ങന്നൂർ ജനവിധി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷവും വോട്ടും വർധിക്കുമെന്ന് തെരഞ്ഞെടുപ്പുരംഗം നിഷ‌്പക്ഷമായി നിരീക്ഷിക്കുന്ന ആരും വിലയിരുത്തും. മൂന്ന് ഭരണങ്ങളുടെ വ്യത്യാസം ജനങ്ങൾ ഒന്നായി മനസ്സിലാക്കുകയാണ്.

കേന്ദ്രത്തിലെ മോഡി സർക്കാരിനെയും സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിനെയും മുൻ യുഡിഎഫ് സർക്കാരിനെയും. ജനങ്ങളോട് കരുതലുള്ള സർക്കാർ കേരളത്തിലുണ്ടെന്ന തോന്നൽ ഇപ്പോൾ ഉണ്ടെന്നാണ് ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ തിരുവനന്തപുരത്ത് വന്നപ്പോൾ കുറെമാസങ്ങൾക്കുമുമ്പ് വ്യക്തമാക്കിയത്. വിവിധ മതങ്ങളിലെ ആരാധ്യപുരുഷന്മാർ മാത്രമല്ല, ഒരുമതത്തിലും പെടാത്തവരും ഇതേ അഭിപ്രായക്കാരാണ്.

അഴിമതിക്ക് എപ്ലസ് നേടിയ സർക്കാരായിരുന്നു യുഡിഎഫിന്റേത്. ഭൂമിദാനം, പാറ്റൂർ ഭൂമി തട്ടിപ്പ്, സോളാർ അഴിമതി, ബാർകോഴ, കടകംപള്ളി, കളമശേരി ഭൂമികുംഭകോണം ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത തട്ടിപ്പുകളായിരുന്നു ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത്. യുഡിഎഫിന്റെയും കോൺഗ്രസിന്റെയും മോഡിയുടെയും ഭരണത്തിൽനിന്ന് വ്യത്യസ്തമാണ് എൽഡിഎഫ് ഭരണം.

വർഗീയതയ്‌ക്കൊപ്പം കോർപറേറ്റുകളെ വളർത്തുന്നതാണ് മോഡിഭരണം. പാവപ്പെട്ടവരുടെയും ദളിതരുടെയും മണ്ണും വെള്ളവും അധ്വാനശേഷിയും ഉൾപ്പെടെയും പ്രകൃതിവിഭവങ്ങളും ചൂഷണംചെയ്യാൻ കോർപറേറ്റുകൾക്ക് മോഡി ഭരണം സ്വാതന്ത്ര്യം നൽകി. എന്നാൽ, പ്രകൃതിയെയും മണ്ണിനെയും വെള്ളത്തിനെയും സംരക്ഷിക്കുന്ന വികസനമാണ് എൽഡിഎഫ് നടത്തുന്നത്. അധികാരവികേന്ദ്രീകരണത്തിലും സ്ത്രീശാക്തീകരണത്തിലും ഊന്നൽ നൽകുന്നു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, പൊതുവിദ്യാലയങ്ങളുടെ സംരക്ഷണം എന്നിവയിൽ രാജ്യത്തിന് മാതൃകയായിരിക്കുകയാണ് പിണറായി വിജയൻ സർക്കാർ.

കേന്ദ്രത്തിലെ മോഡി ഭരണത്തെ ഒറ്റപ്പെടുത്തുന്നതിലും ഹിന്ദുത്വരാഷ്ട്രീയം ഉയർത്തുന്ന വെല്ലുവിളി നേരിടാൻ കഴിയുംവിധം രാജ്യത്തെ ജനങ്ങളെ അണിനിരത്തുന്നതിലും മതനിരപേക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതിലും കമ്യൂണിസ്റ്റുകാരും എൽഡിഎഫുമാണ് പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസ് പരാജയമാണ്. ആർഎസ്എസിന്റെ ഭീഷണി നേരിടുന്നതിൽ കോൺഗ്രസ് നയിച്ച യുപിഎ ഭരണം പരാജയമായിരുന്നു.

ആ സർക്കാരിന്റെ ഭരണപരാജയത്തിൽനിന്നാണ് കേന്ദ്രം ഭരിക്കാൻ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചത്. യുഡിഎഫ് ഭരണത്തിൽ എന്തായിരുന്നു കേരളത്തിലെ സ്ഥിതി എന്ന് ഏവർക്കും അറിയാം. പൊലീസിന്റെ ലാത്തി അന്ന് ആർഎസ്എസിന്റെ കുറുവടിപോലെയായിരുന്നു. പൊലീസ്‌ സ്‌റ്റേഷനുകൾ സംഘപരിവാറിന്റെ സംരക്ഷണയിലായിരുന്നു. എന്നാൽ, പിണറായി ഭരണത്തിൽ അനുഭവം മറ്റൊന്നാണ്. വാട്‌സാപ‌് ഹർത്താൽ നടത്തി വർഗീയകലാപം നടത്താൻ ഇറങ്ങിയ സംഘപരിവാറുകാരെ ജയിലിൽ അടച്ചു.

സ്വാതന്ത്ര്യത്തിനുശേഷമുള്ള 71 വർഷത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ്‌സമുദായം ഇപ്പോൾ നേരിടുന്നതെന്നാണ് കത്തോലിക്കാ ബിഷപ‌് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ ഭാരവാഹികൾ സമീപസമയത്ത് അഭിപ്രായപ്പെട്ടത്. ക്രിസ്മസ് കാലത്തെ കരോൾസംഘത്തെപ്പോലും വ്യാപകമായി വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ കടന്നാക്രമിച്ചു.

ലോകസമാധാനത്തിന് നിലകൊള്ളുന്ന, ദരിദ്രരോട് പ്രത്യേക ചായ്‌വ് കാട്ടുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇന്ത്യ സന്ദർശിക്കാനുള്ള അവസരം നിഷേധിച്ചതടക്കമുള്ള ന്യൂനപക്ഷവിരുദ്ധ നടപടിയാണ് മോഡി സർക്കാരിൽനിന്ന‌് ഉണ്ടായത്. മാർപാപ്പ ഭരണാധികാരിയായ വത്തിക്കാനുമായി ഇന്ത്യക്ക‌് 1948 മുതൽ നയതന്ത്രബന്ധമുണ്ട്. അതിനാൽ, ഇന്ത്യ സന്ദർശിക്കാൻ ഇവിടത്തെ കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക ക്ഷണം വേണം. അത്‌ നൽകാത്തതുകൊണ്ടാണ് ഏതാനും മാസംമുമ്പ് ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ പര്യടനം നടത്തിയപ്പോൾ ഇന്ത്യ ഒഴിവാക്കപ്പെട്ടത്. ഒരു രാഷ്ട്രത്തലവൻ എന്നതിൽ ഉപരി നൂറുകോടിയോളം വരുന്ന ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആധ്യാത്മിക നേതാവുകൂടിയാണ് അദ്ദേഹം. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ബദ്ധശത്രുക്കളായി കാണുന്ന ആർഎസ്എസ് നയിക്കുന്ന കേന്ദ്രസർക്കാരിൽനിന്ന‌് മാർപാപ്പ വിരുദ്ധ സമീപനമുണ്ടായതിൽ അത്ഭുതമില്ല.

നിസ്‌കാരം പൊതുയിടങ്ങളിൽ പാടില്ലെന്ന് ബിജെപിക്കാരനായ ഹരിയാന മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവരുടെ ഈ കളി കേരളത്തിൽ ചെലവാകത്തത് കമ്യൂണിസ്റ്റുകാരുടെ ശക്തിയും എൽഡിഎഫ് ഭരണത്തിന്റെ പ്രതിബദ്ധതയുംകൊണ്ടാണ്. വടക്കേയിന്ത്യയും വടക്ക്കിഴക്കേയിന്ത്യയും പിടിച്ചുവെന്നും ആ ഹുങ്കിൽ കേരളം പിടിച്ചടുക്കുമെന്നുമാണ് ആർഎസ്എസിന്റെ പ്രഖ്യാപനം. അതിന‌് ചെങ്ങന്നൂരിൽത്തന്നെ ബിജെപിക്ക‌് തിരിച്ചടി നൽകുന്നതിനുള്ള അവസരമാണ‌് ജനങ്ങൾക്ക‌് ലഭിച്ചിരിക്കുന്നത‌്. ഇതേ വേളയിൽ സിപിഐ എമ്മിനെ തോൽപ്പിക്കാൻ ബിജെപി വോട്ട‌് സമ്പാദിക്കാനുള്ള അവിശുദ്ധ ഏർപ്പാടിന‌് ഇറങ്ങിയിരിക്കുകയാണ‌് കോൺഗ്രസ‌് നേതാവ‌് എ കെ ആന്റണി. എൽഡിഎഫിലെ സജി ചെറിയാൻ വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന‌് ഉറപ്പായതോടെ ബിജെപി വോട്ട‌് വാങ്ങാനാണ‌് ശ്രമം.

1991ൽ എ കെ ആന്റണി കെപിസിസി പ്രസിഡന്റായിരുന്ന കാലത്താണ‌് ബേപ്പൂരിലും വടകരയിലും കോ‐ലീ‐ബി സഖ്യം ഉണ്ടായത‌്. അന്ന‌് രണ്ട‌് സ്ഥലത്ത‌ും ഇടതുപക്ഷം വിജയിച്ചു. അതിന്റെ ആവർത്തനമാകും ചെങ്ങന്നൂരിലെ ജനവിധി. ബിജെപിയെ ഒറ്റപ്പെടുത്താൻ കോൺഗ്രസിനേ കഴിയൂ എന്ന‌് അഭിപ്രായപ്പെടുന്ന എ കെ ആന്റണി തെരഞ്ഞെടുപ്പിൽ അതേ ബിജെപിയുമായി അവിശുദ്ധ കൂട്ടുകച്ചവടത്തിനാണ‌് ഇറങ്ങിയിരിക്കുന്നത‌്. ഈ അവിശുദ്ധ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ‌് കോൺഗ്രസിന്റെയും ബിജെപിയുടെയും മുന്നണിയെ പരാജയപ്പെടുത്താനും എൽഡിഎഫിനെ വിജയിപ്പിക്കാനും ചെങ്ങന്നൂരിലെ ജനങ്ങൾ പ്രതിബദ്ധതയോടെ മുന്നോട്ടുവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News