കൊള്ളയടി തുടരുന്നു; ഇന്ധനവില വീണ്ടും കൂട്ടി

കൊച്ചി : കഴിഞ്ഞ നാലുദിവസത്തിനുള്ളിൽ ക്രൂഡ‌്ഓയിലിന്റെ വില ബാരലിന‌് 329 രൂപ കുറഞ്ഞെങ്കിലും ശനിയാഴ‌്ച പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി എണ്ണക്കമ്പനികൾ കൊള്ളയടി തുടർന്നു. തുടർച്ചയായ 13- ദിവസമാണ‌് വില കൂട്ടുന്നത‌്. ശനിയാഴ‌്ച പെട്രോൾ ലിറ്ററിന‌് 14 പൈസയും ഡീസലിന‌് 16 പൈസയുമാണ‌് കൂട്ടിയത‌്.

കഴിഞ്ഞ 21നാണ‌് ക്രൂഡ‌ിന‌് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത‌്. ബാരലിന‌് 4932 രൂപ. എന്നാൽ 22 മുതൽ തുടർച്ചയായി നാലുദിവസവും ക്രൂഡ‌് വില കുറഞ്ഞു. നാലു ദിവസംകൊണ്ട‌് 329 രൂപയാണ‌് (5.08 ഡോളർ) കുറഞ്ഞത‌്. എന്നാൽ, ഇൗ ദിവസങ്ങളിലും ഇന്ത്യയിൽ പെട്രോളിന‌് വില കൂട്ടുകയായിരുന്നു. പെട്രോളിന‌് 83 പൈസയും ഡീസലിന‌് 60 പൈസയും കൂട്ടി.

ക്രൂഡിന‌് അഞ്ചു ഡോളർ കുറഞ്ഞാൽ, പെട്രോളിനും ഡീസലിനും രണ്ടു രൂപയെങ്കിലും കുറയ‌്ക്കാനാകുമെന്നാണ‌് എണ്ണക്കമ്പനികളുടെ കണക്ക‌്. ആ സ്ഥാനത്താണ‌് 83 പൈസ കൂട്ടിയത‌്. കർണാടക തെരഞ്ഞെടുപ്പിനുശേഷം കഴിഞ്ഞ 13 ദിവസംകൊണ്ട‌് പെട്രോളിന‌് 3.50 രൂപയും ഡീസലിന‌് 3.20 രൂപയുമാണ‌് കൂട്ടിയത‌്. ഇതോടെ തിരുവനന്തപുരത്ത‌് പെട്രോളിന‌് 82.15 രൂപയായി. ഡീസലിന‌് 74.76 രൂപയും. കൊച്ചിയിൽ യഥാക്രമം 80.84 രൂപയും 73.55 രൂപയുമാണ‌് വില. കോഴിക്കോട‌് 81.11, 73.82.

എണ്ണക്കമ്പനികളുടെ പകൽക്കൊള്ള പക്ഷെ കേന്ദ്ര സർക്കാർ കണ്ടഭാവം നടിക്കുന്നില്ല. ഒരു ബാരൽ (160 ലിറ്റർ) ക്രൂഡിൽനിന്ന‌് 72.5 ലിറ്റർ പെട്രോൾ, 34.45 ലിറ്റർ ഡീസൽ എന്നിവയ്ക്കുപുറമെ ബിറ്റുമിനും കാർബണും അടക്കം വിവിധ ഉൽപ്പന്നങ്ങൾ ലഭിക്കും. ഇന്നത്തെ നിരക്കനുസരിച്ച് പെട്രോൾ, ഡീസൽ എന്നിവയിൽനിന്നു മാത്രം 8,53,1.35 രൂപ ലഭിക്കും. ബിറ്റ്മിൻ അടക്കമുള്ള വസ്തുക്കളുടെ വിലയടക്കം 15,000ത്തോളം രൂപ ലഭിക്കുമെന്ന് എണ്ണക്കമ്പനി വൃത്തങ്ങൾ പറഞ്ഞു. ക്രൂഡിന്റെ വിലയാകട്ടെ വെറും 4932 രൂപയും. സംസ‌്കരണച്ചെലവ‌് കഴിച്ചാലും ഇരട്ടിയിലധികമാണ‌് ലാഭം.

ഇതിനിടെ, ഇന്ധനവിലക്കയറ്റ വിഷയത്തിൽ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ‌് കേന്ദ്രസർക്കാർ ശ്രമം. പെട്രോളിനും ഡീസലിനും ഒമ്പതുതവണ വർധിപ്പിച്ച എക്സൈസ് തീരുവ കുറയ്ക്കുന്നത് വികസന‐ ക്ഷേമപദ്ധതികളെ ബാധിക്കുമെന്നാണ് കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും രവിശങ്കർ പ്രസാദും പറയുന്നത്. അതേസമയം, പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ ജിഎസ്ടിയിലേക്ക് മാറണമെന്ന് പെട്രോളിയംമന്ത്രി ധർമേന്ദ്ര പ്രധാൻ ആവശ്യപ്പെടുന്നു. ധനമന്ത്രിയുടെ ചുമതലയുള്ള പിയൂഷ് ഗോയൽ പ്രതികരിച്ചിട്ടില്ല. തീരുവ കുറയ്ക്കാൻ കഴിയില്ലെന്ന് ധനമന്ത്രാലയം പെട്രോളിയം മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News