ഗുജറാത്തിലെ ഭുജില്‍ ആറ് മാസത്തിനിടെ 111 നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഗൗതം അദാനിയുടെ കീഴില്‍ അദാനി എഡ്യൂക്കേഷന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ നടത്തുന്ന ജികെ ജനറല്‍ ആശുപത്രിയിലാണ് ഇത്രയും കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. എന്നാല്‍ ആശുപത്രി മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് അനാസ്ഥയുണ്ടായിട്ടില്ലെന്നാണ് അധികൃതരുടെ നിലപാട്.

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നവജാത ശിശുക്കള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. പ്രശസ്ത തുറമുഖ ബിസിനസുകാരനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനുമായ ഗൗതം അദാനിയുടെ കീഴിലുള്ള അദാനി ഫൗണ്ടേഷന്‍ നടത്തുന്ന ജി കെ ജനറല്‍ ആശുപത്രിയിലാണ് നവജാത ശിശുക്കള്‍ നിരന്തരം മരണപ്പെടുന്നത്.

ജനുവരി ഒന്നിനും മെയ് 20 നും ഇടക്ക് ജികെ ആശുപത്രിയില്‍ ചികിത്സക്ക് എത്തിച്ചതും ജനിച്ചതുമായ 777 കുട്ടികളില്‍ 111 പേര്‍ മരിച്ചെന്നാണ് കണക്കുകള്‍. മുന്‍വര്‍ഷങ്ങളില്‍ ആശുപത്രിയിലെ ശിശുമരണനിരക്ക് ശരാശരി പ്രതിവര്‍ഷം 18 ശതമാനമായിരുന്നു. എന്നാല്‍ ഈ വര്‍ഷം അഞ്ചുമാസത്തിനകംതന്നെ മരണനിരക്ക് 14 ശതമാനമായി. 2017 ല്‍ 258 കുട്ടികളും, 2016 ല്‍ 184 കുട്ടികളും, 2015ല്‍ 164 കുട്ടികളും ഈ ആശുപത്രിയില്‍ മരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ തങ്ങളുടെ ഭാഗത്തുനിന്ന് ഒരു അനാസ്ഥയുമുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മാസം തികയാതെ പ്രസവിക്കുന്നതും, പോഷകാഹാരത്തിന്റെ അഭാവവും, ആശുപത്രിയിലേക്ക് കുട്ടികളെ എത്തിക്കുന്നതിലെ കാലതാമസവുമാണ് മരണ നിരക്കു വര്‍ധിക്കാനുള്ള കാരണമെന്ന് അധികൃതര്‍ വിശദീകരിച്ചു. സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു.

പതിനാലു ശതമാനത്തോളം വരുന്ന ശിശുമരണ നിരക്കില്‍ അസ്വാഭാവികതയുണ്ടോ എന്നു പരിശോധിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധസംഘത്തേയും നിയമിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളെടുക്കുമെന്നു സംസ്ഥാന ആരോഗ്യ കമ്മിഷണര്‍ ജയന്തി രവി അറിയിച്ചു.