പ്രിയ സെർജിയോ റമോസ്‌; നിങ്ങളൊരു ആരാച്ചാരാണ്; ഞങ്ങളുടെ സ്വപ്നങ്ങളിൽ തീകോരിയിടരുതേ

നൂറ്റാണ്ടുകൾക്കു മുൻപ് നൈൽ നദിയുടെ കരയിൽ വിഭിന്നമായ ദേശങ്ങളിലേക്കു സംസ്‍കാരം പുറപ്പെട്ടുപോയി. സംസ്കാരത്തിന്റെ കളിത്തൊട്ടിലെന്നു ജ്ഞാനികൾ വിളിച്ചു. എഴുത്തും കൃഷിയും നാഗരികതയും വിളയിച്ചു നൈലിന്റെ കൈവഴികളിലൂടെ ദേശാന്തരങ്ങളിലേക്കു ഒഴുക്കി വിട്ടു.

നൂതനമായ സാങ്കേതിക വിദ്യകളിലൂടെ ലോകത്തെ അതിശയിപ്പിച്ചു. ലോകം കനമുള്ള മടിശീലയുമായി ഈജിപ്തിന്റെ ഇടനാഴിയിലേക്ക് ഒഴുകിഎത്തി. സമാനതകളില്ലാത്ത ആ സാംസകാരിക മുന്നേറ്റത്തിൽ അത്ഭുതങ്ങളുടെ പിരമിഡുകളുയർത്തി. മനുഷ്യരാശിയുടെ അനാദിയിലേക്ക് വീണുപോയവരുടെ ഉടലുകൾ പൊതിഞ്ഞു വെച്ചു. അവരുടെ ഇഷ്ടാനിഷ്ടങ്ങളുടെ കൊതിക്കെറുവുകളുടെ ഭാണ്ഡം അതോടൊപ്പം അടക്കി.

ഫറോവകൾ ദൈവവും രാജ്യവുമായിരുന്ന കാലത്ത് നിന്ന് ഇങ്ങേയറ്റത്ത് ഓട്ടോമൻ മുതൽ ബ്രിട്ടീഷുകാർ വരെ ഞങ്ങളെ ചതച്ചരച്ചു. മറ്റെല്ലാ ആഫ്രിക്കൻ രാജ്യത്തെയും പോലെ യൂറോപ്പിന്റെ കുപ്പത്തൊട്ടിയായി. അവർ ഞങ്ങളുടെ പിരമിഡുകളിലും ഫറോവമാരുടെ കല്ലറകളിലും നാണമില്ലാതെ മാന്തി. ഗവേഷണമെന്ന ഓമനപ്പേരിൽ സംസ്ക്കാര സഞ്ചയങ്ങളുടെ കാണാക്കയങ്ങളിൽ യന്ത്രമനുഷ്യനെ ഇറക്കി തുരന്നു.

സഹാറ മരുഭൂമിയിൽ നിന്ന് ഉയരുന്ന ശ്കതമായ പൊടിക്കാറ്റുപോലെ ഞങ്ങളുടെ പൂർവികർ ബ്രിടീഷുകാർക്കെതിരെ ഉറച്ചു പൊരുതി. ഒടുവിലൊരുനാൾ ഞങ്ങളൊരു ജനതയായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇപ്പോഴും ഭ്രംശ താഴ്വരകളിലെന്നപോലെ ഞങ്ങളുടെ നാട് കുലുങ്ങാറുണ്ട്. കണ്ണും കാതുമില്ലാത്ത ഭരണകൂടത്തെ പലപ്പോഴായി കടപുഴക്കിയെറിഞ്ഞു.

ഏകാധിപതികൾ വന്മരങ്ങൾ പോലെ നിലം പൊത്തി. നമ്മൾ രക്തം ചൊരിഞ്ഞും കൊന്നും കൊയ്തും മുന്നേറുകയാണ്. മനുഷ്യ കുലത്തിന്റെ ഇതഃപര്യന്ത ചരിത്രം അതായിരിക്കെ നമ്മൾ മുന്നേറുക തന്നെയായിരിക്കണം.

എന്നിട്ടും ഇടവേളകളിൽ തുകൽ പന്തിൽ കാറ്റുനിറച്ചു അതിന് പിറകെ ഓടി. ഓട്ടമെന്നല്ല മറ്റെല്ലാവരെയും പിന്നിലാക്കാനുള്ള അനിർവചനീയമായ ഒരു വെമ്പൽ. കലാപങ്ങളും രക്തച്ചൊരിച്ചിലും അരക്ഷിതാവസ്ഥയും ആ തുകൽ പന്തിനു മുന്നിൽ ആയുധങ്ങൾ അഴിച്ചു വെച്ചു. കൈറോയിലെ സ്റ്റേഡിയത്തിൽ നമ്മളോരൊറ്റ ജനതയായി പൊട്ടിത്തെറിച്ചു. ആഫ്രിക്കയ്‌ക്ക്‌ അപ്പുറം വളരുന്ന ഫുടബോളിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു.

ഇരുണ്ട ഭൂഖണ്ഡങ്ങളിലെ കളിക്ക് പരസ്യ വിലയോ ചാനൽ റേറ്റിങ്ങോ കാണില്ല. അതുകൊണ്ട് തന്നെ ആഫ്രിക്കയിലെ എക്കാലത്തെയും മികച്ച ചമ്പ്യാന്മാരാണ് ഞങ്ങളെന്നു ലോകത്തോട് പറയേണ്ടി വരുന്നത്. പൊരുതാനുള്ള ഉറച്ച മനോനിലയുള്ള അടിമവംശത്തിന്റെ നേരും നെറിയുമുള്ള കളി കുടിലത കലയാക്കി മാറ്റിയ യൂറോപ്പിന്റെ മുന്നിൽ രണ്ടു തവണ ഉടഞ്ഞുവീണു. ഇപ്പോഴാണ് ഞങ്ങൾ ശരിക്കും വരുന്നത്, സ്വപ്നങ്ങളിൽ നിന്നെല്ലാം ഉണർന്നു.

കാലാകാലമായി ഫുട്ബാൾ ചക്രവർത്തിമാർ വെച്ചു വാണ യൂറോപ്പിലെ മികച്ച കളിക്കാരൻ എന്ന സിംഹാസനത്തിന്റെ പടിയോളം ഈ ഇരുണ്ട രാജ്യത്തെ ഒരാൾ കൂട്ടികൊണ്ടു പോയിരിക്കുന്നു. മുഹമ്മദ്‌ സലാഹ് എന്ന ചെറുപ്പക്കാരൻ ഗതകാലങ്ങളിൽ നിന്ന് ഉയർത്തെഴുന്നേറ്റുവന്ന ഫറോവയാണ് ഞങ്ങൾക്ക്.

തടഞ്ഞു വെയ്കപെട്ട എല്ലാ അണക്കെട്ടുകളിലേക്കും സഹസ്രാബ്ദങ്ങളുടെ വീറോടെ ചാടുന്ന നൈൽനദിയെ പോലെ അയാൾ എതിരാളികളുടെ ഗോൾ മുഖങ്ങളിലേക്കു പന്തുമായി കുതിച്ചു പായുന്നതും… പ്രാർത്ഥനകൾ നിലവിളികളായി എതിർപോസ്റ്റിൽ ആഞ്ഞു തറക്കുന്നതും.. അങ്ങനെയങ്ങനെ സ്വപ്നങ്ങളിൽ നിന്ന് സ്വപ്നങ്ങളിലേക്ക് ഒരു ജനത എത്രവട്ടമാണെന്നോ ലോങ്ങ്‌ പാസ് ചെയ്തത്.

പ്രിയ സെർജിയോ റമോസ്‌… നിങ്ങളൊരു ഫുട്ബാൾ കളിക്കാരനല്ലെങ്കിൽ തീർച്ചയായും ഒരു ആരാച്ചാരാണ്. ചതിയിൽ പൂഴ്ത്തി പഴുപ്പിച്ചെടുത്ത നിങ്ങളുടെ വിജയം ആഘോഷിച്ചോളു. കിട്ടിയ അവസാനത്തെ ബസ്സിൽ കയറി റഷ്യയിലെത്തിയ ഞങ്ങളുടെ ഹൃദയത്തിൽ എന്തിനാണ് നിങ്ങൾ മുള്ളുകൊണ്ട് കോറിയിടുന്നത്. ഞങ്ങളുടെ സഹനത്തെ.. രക്തപങ്കിലമായ ചരിത്രത്തെ.

മുറിവുകളെ… മായാവിലാസത്താൽ നേർത്ത തലോടലാക്കി മാറ്റിയ ഞങ്ങളുടെ വിമോചന നായകനെ നിങ്ങളെന്തിനാണ് ചതിച്ചു വീഴ്ത്തിയത്. ഞങ്ങളുടെ കാത്തിരുപ്പുകളെ… സുജൂദുകളെ എന്തിനാണ് അവസാനത്തെ ആണി അടിച്ചു നിശ്ചലമാക്കിയത്.

ആദിയിൽ മനുഷ്യനുണ്ടായത് മുതൽ ഞങ്ങൾ കാത്തുവെച്ച നീറ്റലുകൾ ഇനി എങ്ങനെയാണ് നാം അതിജീവിക്കുക. മണ്ണട്ടികളുടെ അടിയിൽ നിന്ന് പോലും ലോകകപ്പിന് വരുന്ന ജനതയാണ് ഞങ്ങളുടേത്.
സലായില്ലെങ്കില് ഈജിപ്ത് വെറുമൊരു രാജ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here