കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി നാളെ രാവിലെ സത്യപ്രതിജ്ഞ ചെയ്യും

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി നാളെ രാവിലെ സത്യപ്രതിജ്ഞ ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് നീക്കിയതില്‍ കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വത്തോട് അതൃപ്തിയിച്ചിരുന്നു.

എന്നാല്‍ കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് കുമ്മനം ഗവര്‍ണര്‍ പദവി സ്വീകരിക്കുകയായിരുന്നു. മിസോറമിലെ നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ ഇന്നാണ് സ്ഥാനമൊഴിയുന്നത്.

മിസോറം ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കുമ്മനം രാജശേഖരന്‍ ദേശീയ നേതാക്കളെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.എന്നാല്‍ കേന്ദ്രത്തിന്റെ കര്‍ശനനിര്‍ദേശപ്രകാരം കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പദവി സ്വീകരിക്കുകയായിരുന്നു. നാളെ രാവിലെ 11.15ന് കുമ്മനം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും.

അതേസമയം ബിജെപിയ്ക്കുള്ളിലെ ഗ്രൂപ്പ് വഴക്കാണ് കുമ്മനത്തിന്റെ അദ്ധ്യക്ഷ പദവി തെറിപ്പിച്ചതെന്നും വാര്‍ത്തയുണ്ട്. 2015 ഡിസംബറില്‍ അപ്രതീക്ഷിതമായി ബിജെപി നേതൃത്വത്തിലേക്ക് എത്തിയ കുമ്മനം പടിയിറങ്ങുന്നതും അപ്രതീക്ഷതമായാണ്. ഇപ്പോള്‍ ഗവര്‍ണര്‍സ്ഥാനത്ത് എത്തുന്നതും അപ്രതീക്ഷിതമായിത്തന്നെ.

കേരളത്തില്‍ ബിജെപിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്ന വിശ്വാസത്തിലാണ് കുമ്മനം. എന്നാല്‍ കേരളത്തില്‍ കുമ്മനത്തിന് പകരം ശക്തമായ നേതാവിനെ കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ തീരുമാനം.അധികം വൈകാതെ സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച ഉത്തരവും ദേശീയ നേതൃത്വം പുറപ്പെടുവിക്കും. ഈ വര്‍ഷം ഒടുവില്‍ മിസോറമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

കര്‍ണാടകയില്‍ കണ്ടതുപോലെ ഗവര്‍ണര്‍ വാജുഭായ് വാലയെ ഉപയോഗിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമിച്ച അടവു നയങ്ങള്‍ മിസ്സോറാമിലും കണ്ടേക്കാം. അതിനുവേണ്ടിയാണ് കുമ്മനത്തെ ഗവര്‍ണറായി പരിഗണിച്ചതെന്നും സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News