ക്രിസ്റ്റ്യാനോ റയല്‍ വിടില്ല; ബെയ്ലിന് പകരം നെയ്മറെത്തുമെന്ന് റിപ്പോര്‍ട്ട്

ചാമ്പ്യന്‍സ് ലീഗിലെ ഹാട്രിക് കിരീട നേട്ടത്തിന് പിന്നാലെ റയല്‍ മാഡ്രിഡ് ടീമിലെ ആശയക്കുഴപ്പം ഭാഗികമായി പരിഹരിച്ച് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കിരീടംനിലനിര്‍ത്തിയതിന് തൊട്ടുപിന്നാലെ ക്ലബ്ബ് വിടുമെന്ന് പരസ്യമായ സൂചിപ്പിച്ച റൊണാള്‍ഡോ ഒടുവില്‍ നിലപാട് മാറ്റി.

പ്യുവേര്‍ട്ട ഡെല്‍സോളില്‍ റയലിന്‍റെ ആഘോഷചടങ്ങില്‍ ക്രിസ്റ്റ്യാനോ തുടരണമെന്ന ആരാധകരുടെയും മാഡ്രിഡ് താരങ്ങളുടെയും അരവങ്ങള്‍ക്കൊടുവിലാണ് റൊണാള്‍ഡോ നിലപാട് മാറ്റം അറിയിച്ചത്. കുറഞ്ഞത് ഒരു സീസണ്‍ കൂടി കോച്ച് സിനദന്‍ സിദാന്‍റെ ടീമിനൊപ്പം തുടരുമെന്ന് റൊണോ വ്യക്തമാക്കി.

അസമയത്തെ പരസ്യ പ്രതികരണം നടത്തി ടീമിന്‍റെ ചരിത്ര നേട്ടത്തില്‍ നി‍ഴല്‍ വീ‍ഴ്ത്തിയ ക്രിസ്റ്റ്യാനോയെ റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സര്‍ജിയോ റാമോസ് ശാസിച്ചതായും ഫുട്ബോള്‍ വെബ് മാസികയായ ഗോള്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ചാമ്പ്യന്‍സ് ലീഗ് വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ക്ലബ്ബില്‍ തുടരില്ലെന്ന സൂചന ക്രിസ്റ്റ്യാനോ നല്‍കിയത്. ഇത്ര കാലം റയല്‍ മാഡ്രിഡില്‍ കളിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ റൊണാള്‍ഡോ ഭാവിയെക്കുറിച്ച് അടുത്ത് തന്നെ തീരുമാനമറിയിക്കാമെന്നും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ സീസണിലും സമാനമായ രീതിയില്‍ ക്ലബ് വിടുമെന്ന സൂചനകള്‍ പോര്‍ച്ചുഗീസ് താരം നല്‍കിയിരുന്നു. എന്നാല്‍ റയല്‍ മാഡ്രിഡിന്‍റെ അവിഭാജ്യഘടകമാണ് റൊണാള്‍ഡോയെന്നും ആശയക്കുഴപ്പം റോണോ തന്നെ പരിഹരിക്കുമെന്നും റാമോസും പറഞ്ഞിരുന്നു.

അതേസമയം റയലില്‍ മിക്ക മത്സരങ്ങളിലും ബഞ്ചിലിരുന്ന ഗരെത് ബെയ്ല്‍ ടീം വിടാനുള്ള തീരുമാനത്തിലുറച്ചുതന്നെയാണ്. തന്‍റെ ഏജന്‍റുമായി കൂടിയാലോചന നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും ബെയ്ല്‍ ആവര്‍ത്തിച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കോ ബയേണ്‍ മ്യൂണിച്ചിലേക്കോ ബെയ്ല്‍ പോകുമെന്നാണ് സൂചന. ചെല്‍സയും ബെയ്ലിനെ നോട്ടമിട്ടിട്ടുണ്ട്.

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇരട്ടഗോളോടെ റയലിനെ കിരീടമണിയിച്ചത് ടീമില്‍ അസന്തുഷ്ടമായിരുന്ന ബെയ്ല്‍ ആയിരുന്നു. റയലിന്‍റെ 38 ലാ ലിഗ മത്സരങ്ങളില്‍ 20 എണ്ണത്തില്‍ മാത്രമാണ് ബെയ്‌ലിന് സ്റ്റാര്‍ട്ടിങ് ഇലവനില്‍ സ്ഥാനം പിടിക്കാനായത്.

ചാമ്പ്യന്‍സ് ലീഗില്‍ മൂന്നു തവണയും. അടുത്ത സീസണില്‍ ബെയ്‌ലിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമോ എന്ന ചോദ്യത്തിന് പരിശീലകന്‍ സിദാനും കൃത്യമായ മറുപടി നല്‍കിയില്ല. അത് സങ്കീര്‍ണമായ കാര്യമാണെന്നും എല്ലാവരും അവരവരുടെ കാര്യം മാത്രമേ ചിന്തിക്കുന്നുള്ളുവെന്നും അത് തനിക്ക്‌ മനസ്സിലാക്കാനാകുമെന്നും സിദാന്‍ പറയുന്നു.

ബെയ്ലിന് പകരം നെയ്മര്‍ റയലിലെത്തിയേക്കുമെന്നാണ് നിലവിലെ സൂചനകള്‍. റൊണാള്‍ഡോയ്ക്കും ബെയ്ലിനും പകരക്കാരനായി നെയ്മര്‍ മാത്രം മതിയാകും ഇരുവരെയും വില്‍ക്കുന്നതിലൂടെ നെയ്മറെ പി എസ് ജിയില്‍ നിന്ന് സ്പെയിനിലെത്തിക്കാനുള്ള റെക്കോഡ് തുക കണ്ടെത്താനാകുമെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്‍റ് ഫ്ലോറെന്‍റിനോ പെരസ് കരുതുന്നതായും സ്കൈ സ്പോട്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വീഡിയോ കാണാന്‍ താ‍ഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക

http://www.goal.com/en-us/news/until-next-year-ronaldo-hints-hes-staying-put-as-madrid/1wj56f0s4keb71k738v61h83ow

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News