‘ജീവിക്കാന്‍ ആഗ്രഹമില്ല, മരിക്കാനാണ് ആഗ്രഹം’; സുനന്ദ തരൂരിന് അയച്ച ഇമെയില്‍ സന്ദേശം ആത്മഹത്യ പ്രേരണയ്ക്ക് തെളിവെന്ന് പൊലീസ്

ദില്ലി: സുനന്ദപുഷ്‌കറിന്റെ ആത്മഹത്യയില്‍ ശശി തരൂരിനെതിരെ ശക്തമായ രീതിയില്‍ തെളിവുകളുണ്ടെന്ന് ദില്ലി പൊലീസ് കോടതിയെ അറിയിച്ചു.

തരൂര്‍ സുനന്ദയോട് ക്രൂരത കാട്ടിയതിന് തെളിവുകളുണ്ടെന്നും സമന്‍സ് അയക്കണമെന്നും ദില്ലി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ കോടതിയോട് പൊലീസ് ആവശ്യപ്പെട്ടു. ജൂണ്‍ അഞ്ചാം തീയ്യതി കേസ് കോടതി വീണ്ടും പരിഗണിക്കും.

ജീവിക്കാന്‍ ആഗ്രഹമില്ലെന്നും മരിക്കാനാണ് ആഗ്രഹമെന്നും കാട്ടി സുനന്ദ പുഷ്‌കര്‍ ശശി തരൂരിന് അയച്ച ഇമെയില്‍ സന്ദേശം ആത്മഹത്യ പ്രേരണയ്ക്ക് തെളിവാണെന്ന് ദില്ലി പൊലീസ് കോടതിയെ അറിയിച്ചു.

ദില്ലി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ കോടതി മജിസ്‌ട്രേറ്റ് സമര്‍ വിശാലാണ് കേസ് പരിഗണിച്ചത്. പോസ്റ്റ് മോര്‍ട്ടത്തില്‍ സുനന്ദയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും വിമാനത്താവളത്തില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായതിന് സാക്ഷി മൊഴികളുണ്ടെന്നും പൊലീസ് കോടതിയില്‍ വാദിച്ചു.

എന്നാല്‍ കുറ്റപത്രം സ്വീകരിക്കുന്ന കാര്യത്തിലും, തരൂരിനെ വിളിച്ചു വരുത്തുന്ന കാര്യത്തിലും ജൂണ്‍ അഞ്ചാം തീയതി തീരുമാനമെടുക്കുമെന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കി.

അതേസമയം, കേസില്‍ എന്താണ് നടക്കുന്നതെന്ന് അറിയിക്കണമെന്ന തരൂരിന്റെ അഭിഭാഷകയുടെ ആവശ്യത്തെ ദില്ലി പൊലീസ് എതിര്‍ത്തു. കുറ്റപത്രം സ്വീകരിച്ച് നോട്ടീസ് അയച്ചാലേ തരൂരിന് കേസില്‍ ഇടപെടാന്‍ നിയമപരമായി അധികാരമുള്ളൂവെന്നായിരുന്നു പൊലീസിന്റെ നിലപാട്.

തരൂരും സുനന്ദയും തമ്മിലുള്ള വിവാഹം നടന്ന് മൂന്ന് വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞപ്പോഴാണ് ആത്മഹത്യ നടന്നത്.

തെളിവ് നിയമത്തിലെ 113എ വകുപ്പ് പ്രകാരം ഇത്തരം സാഹചര്യങ്ങളില്‍ പ്രഥമ ദൃഷ്ട്യാ ലഭ്യമായ തെളിവുകള്‍ പരിഗണിച്ച് കോടതിക്ക് തരൂരിന് എതിരെ നടപടിയെടുക്കാമെന്നും ദില്ലി പൊലീസ് അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News