ഉപതെരഞ്ഞെടുപ്പ്: ഉത്തര്‍പ്രദേശിലെയും മഹാരാഷ്ട്രയിലെയും ലോക്‌സഭാ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേട്

ദില്ലി: ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ കെയ്‌റാന, മഹാരാഷ്ട്രയിലെ ഭണ്ഡാരഗോണ്ടിയ ലോക്‌സഭാ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേട്.

കെയ്‌റാനയില്‍ വിവിധ ബൂത്തുകളിലെ ഏകദേശം 175 വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേടുണ്ടായതായി ആര്‍എല്‍ഡി സ്ഥാനാര്‍ഥി തബാസുംഹസന്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി.

കടുത്ത ചൂടിനെത്തുടര്‍ന്നാണ് വോട്ടിങ് യന്ത്രങ്ങളില്‍ ചിലത് പണിമുടക്കിയതെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വിചിത്രമായ പ്രതികരണം. വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസും സമാജ്വാദി പാര്‍ടിയും ആര്‍എല്‍ഡിയും ആവശ്യപ്പെട്ടു.

ബിജെപി എംപി ഹുക്കുംസിങ്ങിന്റെ നിര്യാണത്തെതുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കെയ്‌റാനയില്‍ തിങ്കളാഴ്ച വൈകിട്ട് നാലുവരെ 43 ശതമാനം വോട്ടുമാത്രം രേഖപ്പെടുത്തി.

ഹുക്കുംസിങ്ങിന്റെ മകള്‍ മൃഗാന്‍ഗസിങ്ങിനെയാണ് ബിജെപി കെയ്‌റാനയില്‍ മത്സരിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ ഭണ്ഡാരഗോണ്ഡിയ മണ്ഡലത്തിലും വോട്ടിങ്യന്ത്രങ്ങളില്‍ തകരാറുണ്ടായെന്നും 35 ബൂത്തില്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടെന്നും ജില്ലാ മജിസ്‌ട്രേട്ട് അഭിമന്യുകാലെ സ്ഥിരീകരിച്ചിരുന്നു.

ഭണ്ഡാരഗോണ്ടിയ, പാല്‍ഘര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ വോട്ടിങ്യന്ത്രങ്ങള്‍ വ്യാപകമായി തകരാറിലായെന്ന ആരോപണവുമായി ശിവസേനയും എന്‍സിപിയും രംഗത്തെത്തി. ഭണ്ഡാരഗോണ്ടിയയില്‍ 25 ശതമാനം വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായെന്ന് എന്‍സിപി നേതാവ് പ്രഫുല്‍പട്ടേല്‍ പറഞ്ഞു.

നാഗാലാന്‍ഡിലെ ഏക ലോക്‌സഭാമണ്ഡലത്തില്‍ പകല്‍ മൂന്നുവരെ 70 ശതമാനം വോട്ട് രേഖപ്പെടുത്തി. നുര്‍പുര്‍ (ഉത്തര്‍പ്രദേശ്), ഷാക്കോട്ട് (പഞ്ചാബ്), ജോക്കിഹാട്ട് (ബിഹാര്‍), ഗോമിയ, സില്ലി (ജാര്‍ഖണ്ഡ്), ആംപതി (മേഘാലയ), തരാളി (ഉത്തരാഖണ്ഡ്), മഹേഷ്തല (പശ്ചിമബംഗാള്‍), പലൂസ്ഗഡേഗാവ് (മഹാരാഷ്ട്ര) നിയമസഭാമണ്ഡലങ്ങളിലും കര്‍ണാടകത്തിലെ രാജരാജേശ്വരി നഗറിലുംതിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here