കെവിന്റെ കൊലപാതകം രാഷ്ട്രീയായുധമാക്കി യുഡിഎഫ്; നുണപ്രചാരണം നടത്തിയത് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്; മൃതദേഹം തടഞ്ഞുവച്ചും രാഷ്ട്രീയനാടകം

തിരുവനന്തപുരം: പ്രണയവിവാഹത്തെ തുടര്‍ന്ന് വധുവിന്റെ ബന്ധുക്കള്‍ യുവാവിനെ ദാരുണമായി കൊലചെയ്ത സംഭവവും കോണ്‍ഗ്രസും ഒരു വിഭാഗം മാധ്യമങ്ങളും നീചമായ രാഷ്ട്രീയായുധമാക്കി.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് വ്യക്തമായ രാഷ്ട്രീയ അജന്‍ഡയോടെ ചില മാധ്യമങ്ങളും കോണ്‍ഗ്രസ് നേതാക്കളും നുണപ്രചാരണം നടത്തിയത്.

ചെങ്ങന്നൂര്‍ വോട്ടെടുപ്പ് തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കകം ആരംഭിച്ച പ്രചണ്ഡമായ പ്രചാരണം വൈകിട്ട് വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതു വരെ തുടര്‍ന്നു. പ്രതികള്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ എന്നായിരുന്നു പ്രധാന പ്രചാരണം. എന്നാല്‍, യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഉള്‍പ്പെട്ടവരെല്ലാം വധുവിന്റെ ബന്ധുക്കളും മറ്റുമാണ്.

മാത്രമല്ല, വധുവിന്റെ സഹോദരനും കേസിലെ പ്രധാന പ്രതിയുമായ യുവാവ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശികനേതാവായിരുന്നു. ജോലി തേടി ഗള്‍ഫില്‍ പോകുന്നതുവരെ ഇയാള്‍ ബ്ലോക്ക് ഭാരവാഹിയായിരുന്നു. ഗള്‍ഫില്‍നിന്ന് നാട്ടില്‍ വരുമ്പോഴൊക്കെ പ്രാദേശികനേതൃത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവവുമായിരുന്നു.

വധുവിന്റെ പിതാവ് കോണ്‍ഗ്രസ് അനുഭാവി. മാതാവ് കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ് കുടുംബാംഗം. കേസില്‍ ഉള്‍പ്പെട്ടവരെല്ലാം മറ്റ് വിവിധ പാര്‍ടികളുടെ അനുഭാവികളോ പ്രവര്‍ത്തകരോ ആണ്. ഇതെല്ലാം മറച്ചാണ് അവരില്‍ രണ്ടുപേരുടെമാത്രം രാഷ്ട്രീയംപറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദുരുപയോഗം ചെയ്തത്.

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പോയതിനാലാണ് അന്വേഷണം വൈകിയതെന്ന പ്രചാരണം അഴിച്ചുവിട്ടും സര്‍ക്കാരിനെതിരെ രോഷമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ സംഘടിതശ്രമം നടത്തി. ഞായറാഴ്ച മുഖ്യമന്ത്രിക്ക് കോട്ടയത്ത് ഔദ്യോഗികപരിപാടി ഉണ്ടായിരുന്നു.

എന്നാല്‍, ഈ പരിപാടിയുടെപേരില്‍ ഇതുപോലൊരു കേസ് അന്വേഷിക്കുന്നതിന് ഒരു തടസ്സവുമില്ല. തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മറച്ചുവയ്ക്കാന്‍ പൊലീസുകാര്‍ മുഖ്യമന്ത്രിയുടെ യാത്രയെ മറയാക്കിയെന്നതാണ് യാഥാര്‍ഥ്യം.

ഇതെല്ലാം മൂടിവച്ച്മാധ്യമങ്ങള്‍ സൃഷ്ടിച്ച പെരുംനുണകള്‍ ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ ഉള്‍പ്പെടുന്ന വാട്‌സാപ്, ഫെയ്‌സ് ബുക്ക്ഗ്രൂപ്പുകളിലെല്ലാം കോണ്‍ഗ്രസുകാര്‍ കൊണ്ടാടി.

കോട്ടയത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവരുടെ നേതൃത്വത്തിലും പൊലീസ് സ്‌റ്റേഷനുമുന്നില്‍ സമാനമായ രീതിയില്‍ വ്യാജപ്രചാരണവും സമരകോലാഹലവും സൃഷ്ടിച്ചു.

കൊല്ലത്ത് കെവിന്റെ മൃതദേഹം തടഞ്ഞുവച്ചും കോണ്‍ഗ്രസുകാര്‍ പ്രകോപനമുണ്ടാക്കി. കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴും രാഷ്ട്രീയനാടകമായിരുന്നു. ആറ് മണിക്ക് വോട്ടെടുപ്പ് കഴിഞ്ഞതോടെ നേതാക്കളും ചാനലുകളും പതുക്കെ പിന്മാറി.

കടപ്പാട്: ദേശാഭിമാനി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News