കെവിന്റെ കൊലപാതകം: മുഖ്യആസൂത്രകന്‍ നീനുവിന്റെ സഹോദരന്‍; പിതാവ് ചാക്കോയും പ്രതി; അരുംകൊലയ്ക്ക് പിന്നില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് വെളിപ്പെടുത്തല്‍

തിരുവനന്തപുരം: കെവിന്റെ കൊലപാതകത്തിന്റെ മുഖ്യആസൂത്രകന്‍ നീനുവിന്റെ സഹോദരനാണെന്ന് അന്വേഷണസംഘം.

പിടിയിലായ പ്രതികള്‍ക്ക് നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ക്വട്ടേഷന്‍ നല്‍കുകയായിരുന്നെന്നും ഇക്കാര്യം കസ്റ്റഡിയിലുള്ളവര്‍ സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു. ഷാനുവിനും മറ്റുള്ളവര്‍ക്കും വേണ്ടിയുള്ള അന്വേഷണം തമിഴ്‌നാട് കേന്ദ്രീകരിച്ച് നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

ഷാനു രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കേസില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോയെയും പൊലീസ് പ്രതിയാക്കി. നിലവില്‍ 14 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണ സംഘത്തലവന്‍ ഐജി വിജയ് സാക്കറെ അറിയിച്ചു.

ഇതിനിടെ, കെവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് പിടിയിലായ നിയാസിന്റ മാതാവ് വെളിപ്പെടുത്തി.

കെവിനെ തട്ടിക്കൊണ്ടു പോകാന്‍ വാടക വണ്ടി ഏര്‍പ്പാടാക്കണമെന്ന് നീനുവിന്റെ അച്ഛന്‍ ചാക്കോയും അമ്മ രഹ്നയും നിയാസിനോട് നേരിട്ട് ആവശ്യപ്പെട്ടെന്ന് അവര്‍ പറഞ്ഞു.

ഇക്കാര്യം ആദ്യം നിയാസ് നിഷേധിച്ചെങ്കിലും ശനിയാഴ്ച രാത്രി നീനുവിന്റെ സഹോദരന്‍ ഷാനുവെത്തി നിര്‍ബന്ധപൂര്‍വ്വം കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് മാതാവ് പറഞ്ഞു. നിയാസിനെ കേസില്‍ കുടുക്കിയതാണെനും നീനുവിന്റെ ബന്ധു കൂടിയായ ഇവര്‍ പറഞ്ഞു.

അതേസമയം, കെവിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആര്‍ഡിഒയുടെയും മുതിര്‍ന്ന ഡോക്ടറുടെയും സാന്നിദ്ധ്യത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍.

സംസ്‌കാരം വൈകീട്ട് 3 മണിക്ക് ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel