തുടര്‍ച്ചയായ പതിനാറാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചു; മൗനം തുടര്‍ന്ന് മോദി

ദില്ലി: രാജ്യത്ത് തുടര്‍ച്ചയായ പതിനാറാം ദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിച്ചു.

ഇതോടെ ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ദില്ലിയില്‍ പെട്രോളിന് 78 രൂപ 41 പൈസയും ഡീസലിന് 69 രൂപ 31 പൈസയുമാണ് ഇന്നത്തെ വില. മുംബൈയില്‍ പെട്രോള്‍ വില 86.24 രൂപയും ഡീസലിന് 73.79 രൂപയുമായും ഉയര്‍ന്നു.

കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്‍പ് ജനരോക്ഷം ഉണ്ടാകാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിലവര്‍ദ്ധനവ് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ അടുത്തദിവസം മുതല്‍ തുടങ്ങിയ വിലവര്‍ദ്ധനവ് ഇപ്പോഴും തുടരുകയാണ്.

വാറ്റ് നികുതിയുടെ അടിസ്ഥാനത്തില്‍ മുംബൈയിലാണ് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വില. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധിക്കുന്നത് ചൂണ്ടികാണിച്ചാണ് എണ്ണ കമ്പനികള്‍ ഓരോ ദിവസവും വില വര്‍ദ്ധിപ്പിക്കുന്നത്.

എന്നാല്‍ ജനജീവിതം താറുമാറാക്കുന്ന ഈ വില വര്‍ദ്ധനവിനെ പിടിച്ചു കെട്ടാന്‍ വേണ്ട ഒരു നടപടികളും കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നില്ല.

സാമ്പത്തിക പുരോഗതിക്കായി രാജ്യത്ത് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെ കുറിച്ച് നെതര്‍ലാന്‍ഡ് രാജ്ഞിയുമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സംസാരിച്ചിരുന്നു.

എന്നാല്‍ ഇന്ധനവിലയെ കുറിച്ച് ഇപ്പോഴും മൗനം പാലിക്കുകയാണ് മോദി. നരേന്ദ്രമോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഉയരുന്ന ഏറ്റവും വലിയ നിരക്കാണിത്.

കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി പെട്രോളിന് 19 രൂപ 48 പൈസയും ഡീസലിന് 15 രൂപ 33 പൈസയുമാണ്. എന്നാല്‍ എക്‌സൈസ് തീരുവ കുറക്കണമെന്ന് എണ്ണമന്ത്രാലയം ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയോട് ആവശ്യപെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം, കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ വാറ്റ് നികുതി കുറച്ച് ഇന്ധന വില കുറയ്ക്കാനുള്ള നീക്കത്തിലാണ്. ജി.എസ്.ടിയില്‍ ഇന്ധനവില ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News