ഇന്ത്യ നല്‍കുന്ന പെട്രോളിന് നേപ്പാളില്‍ 67 രൂപ മാത്രം; ഇന്ത്യന്‍ ഇന്ധനം വേണ്ട, നേപ്പാളില്‍ നിന്നടിച്ചോളാമെന്ന് ബിഹാര്‍ ഗ്രാമവാസികള്‍; ഇതാണ് കാര്യം

തുടര്‍ച്ചയായ പതിനാറാം ദിവസവും ഇന്ധന വില കൂടിയതോടെ ഇന്ത്യയില്‍ പെട്രോളിന് ലിറ്ററിന് 82.62 രൂപയും ഡീസലിന് 75.20 രൂപയുമായി.  അതേസമയം ഇന്ത്യ ഇന്ധനം വിതരണം ചെയ്യുന്ന നേപ്പാളില്‍ പെട്രോളിന് ലിറ്ററിന് 67.81 രൂപയും ഡീസലിന് 56.56 രൂപയും മാത്രമാണ് നല്‍കേണ്ടത്.

പെട്രോളിനും ഡീസലിനും വില റോക്കറ്റ് പോലെ കുതിക്കുകയാണെങ്കിലും ബിഹാറിലെ അതിര്‍ത്തി ഗ്രാമങ്ങളായ സീതാമര്‍ഹിയിലെയും റക്സലിലെയും ആളുകള്‍ക്ക് ഈ വില വര്‍ധന ബാധകമല്ല. ഗവര്‍മെന്‍റ് സബ്സിഡിയോ പ്രാദേശക ലഭ്യതയോ അല്ല ഈ ഗ്രാമക്കാര്‍ക്ക് അനുഗ്രഹമാകുന്നത്.

ധനലാഭം മുന്‍നിര്‍ത്തിയാണ് ഈ ഗ്രാമവാസികള്‍ ഇന്ത്യന്‍ പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് നിര്‍ത്തിയത്. മാത്രവുമല്ല നേപ്പാള്‍ വിലയ്ക്ക് ഇന്ധനം വാങ്ങി ഇന്ത്യന്‍ വിലയ്ക്ക് മറിച്ചുവില്‍ക്കുന്ന റാക്കറ്റും ഇവിടെ സജീവമാണ്.

അതിര്‍ത്തിയിലെ പമ്പുകളിലേക്ക് ഇവര്‍ക്ക് യാത്ര ചെയ്യേണ്ടത് 40 കിലോമീറ്ററില്‍ താ‍ഴെ മാത്രം. നേപ്പാളില്‍ നിന്ന് പെട്രോളടിക്കുമ്പോള്‍ ലിറ്ററിന് 15 രൂപയും ഡീസലിന് 18 രൂപയുമാണ് ഈ പ്രദേശത്തുള്ളവര്‍ക്ക് ലാഭിക്കാനാകുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് നേപ്പാളിലെ ഇന്ധന വില്‍പ്പനയില്‍ 15 മുതല്‍ 20 ശതമാനം വരെ ഉയര്‍ച്ചയുണ്ടായതായി നേപ്പാള്‍ ഓയില്‍ കോര്‍പറേഷന്‍ മേധാവി ജഗദീഷ് യാദവും പറയുന്നു.

ദിവസേന 250 ടാങ്കര്‍ പെട്രോളാണ് ഇന്ത്യ നേപ്പാളിന് നല്‍കുന്നത്. പക്ഷേ നേപ്പാളില്‍ ജി എസ് ടിയോ വിവിധ നികുതികളോയില്ല. ഒറ്റ നികുതി മാത്രം.  ഇന്ത്യന്‍ രൂപ 100 ന് നേപ്പാളിലെ മൂല്യം 160.15 രൂപയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here