കെവിന്റെ കൂടെ നിന്നവർ ആരൊക്കെ? ആ മരണം വിറ്റുതിന്നാൻ വന്നവർ ആരൊക്കെ

കോട്ടയം നട്ടാശ്ശേരിയിൽ കെവിൻ പി ജോസഫിന്റെ ദാരുണാന്ത്യം ഏവരെയും ഞെട്ടിക്കുന്നതാണ്. ആ കുടുംബത്തിന്റെയും നാടിന്റെയും തീരാനഷ്ടത്തിലും ദുഃഖത്തിലും സിപിഐ എം പങ്കുചേരുന്നു. ദാരുണസംഭവം പുറംലോകമറിഞ്ഞതുമുതൽ കെവിന്റെ കുടുംബത്തിന് കൈത്താങ്ങായത് സിപിഐ എമ്മാണ്. എന്നാൽ, ചില മാധ്യമ വിഷജീവികൾക്ക് കൗതുകം പാർടിയുടെ രക്തത്തിലാണ്. സത്യം ഒന്നേയുള്ളൂ. അത് പകൽപോലെ പുറംലോകം അറിയും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം കോട്ടയത്ത് ബൂത്തുകെട്ടിയ മാധ്യമക്കാർ ഇളിഭ്യരാകുമെന്നതിൽ സംശയമില്ല. ഒറ്റദിവസംകൊണ്ടുതന്നെ അവർ പലതും തിരുത്തിത്തുടങ്ങി. പ്രേക്ഷകരുടെയും വായനക്കാരുടെയും മറവി അനുഗ്രഹമാകുമെന്ന ആശ്വാസത്തിലാണിക്കൂട്ടർ. അവർക്ക് കെവിൻ കേസിൽ ആദ്യം പറഞ്ഞ പലതിൽനിന്നും ഒളിച്ചോടേണ്ടിവരുമെന്നതിൽ തർക്കമില്ല.

ഇവർ വളവും വെള്ളവുമൊഴിച്ചു വളർത്തിയ യുഡിഎഫ് സംഘവും ഇക്കാര്യത്തിൽ സങ്കുചിതരാഷ്ട്രീയ മുതലെടുപ്പാണ് നടത്തിയത്. യുഡിഎഫ് കൊടികളും ബിജെപി കൊടികളും കൂട്ടിക്കെട്ടിയ പ്രതീതിയിലായിരുന്നു ചൊവ്വാഴ്ചത്തെ ഹർത്താൽ. മൃതദേഹം തെന്മലയിൽ കണ്ടതുമുതൽ അവർ ഈ സമീപനത്തിലായിരുന്നു. അവിടെയും കോട്ടയം മെഡിക്കൽ കോളേജിനുമുന്നിലും രാഷ‌്ട്രീയവൈര്യം തീർക്കാൻ മൃതദേഹത്തോടുപോലും അനാദരവ് കാട്ടി. മൃതദേഹം വഴിയിൽ തടഞ്ഞ് പൊലീസ് നടപടികളെ തടസ്സപ്പെടുത്തിയത് ജനാധിപത്യത്തിന് ഭൂഷണമാണോ. കോട്ടയത്ത് ആംബുലൻസിന് നേരെ കല്ലെറിയാനും മടിച്ചില്ല.

വീടിന്റെ ആശ്രയവും നാടിന്റെ പ്രിയപ്പെട്ടവനുമായ യുവാവിനെ ഞായറാഴ‌്ച പുലർച്ചെയാണ് ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോയത്. ആ രാത്രി അച്ഛന്റെ സഹോദരിയുടെ വീട്ടിലായിരുന്നു കെവിൻ ഉറങ്ങിയിരുന്നത്. സഹോദരിയുടെ മകൻ അനീഷ് സെബാസ്റ്റ്യനെയും അക്രമിസംഘം ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി.

പ്രായപൂർത്തിയായ രണ്ടുപേർ പ്രണയബദ്ധരായി വിവാഹത്തിലേക്ക് നീങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. പ്രണയവിവരം അറിഞ്ഞപ്പോൾമുതൽ പെൺകുട്ടിയുടെ വീട്ടുകാർക്ക് അതിനോട‌് എതിർപ്പായിരുന്നു. ഈഘട്ടത്തിലും കെവിനും മറ്റും പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഡിവൈഎഫ്ഐയാണ‌് ആ ഘട്ടത്തിൽ വേണ്ട സഹായവും സംരക്ഷണവും നൽകിയിരുന്നത‌്.

വിവാഹത്തിനുവേണ്ട സഹായം ചെയ്തതും ഡിവൈഎഫ്ഐ പ്രവർത്തകരാണ്. സ്റ്റേഷനിൽ ഹാജരാകേണ്ട സമയത്ത് കെവിനും വധുവിനും സഹായമായി പ്രവർത്തിച്ചത് ഡിവൈഎഫ്ഐ ഏറ്റുമാനൂർ ബ്ലോക്ക് സെക്രട്ടറി കെ കെ ശ്രീമോനും സിപിഐ എം കുമാരനല്ലൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറിയുമായ ടി എം സുരേഷുമാണ്. സ്റ്റേഷനുപുറത്തുവച്ച് പെൺകുട്ടിയുടെ അച്ഛൻ മകളെ കൈയേറ്റം ചെയ്യാനും വലിച്ചിഴച്ച് കാറിൽ കയറ്റാനും ശ്രമിച്ചിരുന്നു.

ആ സമയം ഇതിനെ പ്രതിരോധിക്കാനും ഇവർക്കാവശ്യമായ സംരക്ഷണം നൽകാനും സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർ മാത്രമേ ഉണ്ടായുള്ളൂ. പെൺകുട്ടി ആഗ്രഹിക്കുന്ന പ്രകാരം കെവിന്റെ ബന്ധുക്കളുടെ വീട്ടിലേക്കോ ഹോസ്റ്റലിലേക്കോ മാറ്റണമെന്ന് നിലപാട് സ്വീകരിച്ചു. കെവിന്റെ ബന്ധുവും സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുമായ ബൈജിയുടെ മേൽനോട്ടത്തിലാണ് പെൺകുട്ടിയെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിയത്.

പാർടിക്ക് ആ കുടുംബവുമായുള്ള അഭേദ്യമായ ബന്ധംകൊണ്ടുതന്നെ നടുക്കത്തോടെയാണ് പ്രവർത്തകർ ദാരുണവാർത്ത കേട്ടത്. കെവിൻ സിപിഐ എം അനുഭാവിയായിരുന്നു. കെവിന്റെ അച്ഛൻ ജോസഫ് (രാജൻ) സിപിഐ എം പ്രവർത്തകനാണ്. മുത്തച്ഛൻ ലോക്കൽ കമ്മിറ്റിയംഗമായിരുന്നു. അച്ഛന്റെ സഹോദരൻ ബൈജി ബ്രാഞ്ച് സെക്രട്ടറിയാണ്.

കുറ്റകൃത്യം ചെയ്ത ഒരു പ്രതിപോലും രക്ഷപ്പെടാതിരിക്കാൻ ഉതകുംവിധം ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിറങ്ങാൻ മണിക്കൂറുകളെ വേണ്ടിവന്നുള്ളൂ. അതിന് ഫലവും കണ്ടു. അഭിനന്ദനം അർഹിക്കുന്ന തരത്തിലുള്ള സർക്കാർ നടപടികൾ ചിലമാധ്യമങ്ങൾ മറച്ചുവയ‌്ക്കുകയാണ‌്. പ്രതികൾ ഓരോരുത്തരായി പൊലീസ‌് വലയിലാവുകയാണ‌്.

കെവിന്റെ അച്ഛനും പെൺകുട്ടിയും നൽകിയ പരാതിയിൽ ഗാന്ധിനഗർ പൊലീസ് വേണ്ടത്ര ജാഗ്രതയോടെ അന്വേഷണം നടത്തിയില്ലെന്നതിന് രണ്ടുപക്ഷമില്ല. ഇക്കാര്യത്തിൽ ആഭ്യന്തരവകുപ്പിനും വ്യത്യസ്‌ത അഭിപ്രായമില്ലാതിരുന്നതുകൊണ്ടാണ് മണിക്കൂറുകൾക്കം അച്ചടക്കനടപടി വന്നത്. എസ്ഐ എം എസ് ഷിബു, എഎസ്ഐ സണ്ണിമോൻ എന്നിവരെ സസ്പെൻഡ‌് ചെയ്തു. ജില്ലാ പൊലീസ് ചീഫ് മുഹമ്മദ് റഫീക്കിനെ സ്ഥലം മാറ്റി. മുൻ ഭരണകാലങ്ങളിലെ പോലെ അന്വേഷണവും തെളിവെടുപ്പുമായി നടപടിക്രമങ്ങളുടെ സങ്കീർണതയിൽ കുരുങ്ങിയില്ലെന്ന് സാരം.

ഉന്നതതല അന്വേഷണസംഘത്തിന്റെ വലയിൽ എല്ലാ പ്രതികളും കുരുങ്ങുകയും അവർക്ക് ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നതിൽ തർക്കമില്ല. അക്രമിസംഘം വഴിയിൽ ഉപേക്ഷിച്ച കെവിന്റെ ബന്ധു അനീഷിനെ സ്റ്റേഷനിലെത്തിച്ച് മൊഴി നൽകിച്ചതും പാർടിപ്രവർത്തകരാണ്. തിങ്കളാഴ്ച സംഭവം അറിഞ്ഞതുമുതൽ ജില്ലാ സെക്രട്ടറിയായ ഈ ലേഖകൻ, അഡ്വ. കെ സുരേഷ്കുറുപ്പ് എംഎൽഎ, ഏരിയ സെക്രട്ടറി കെ എൻ വേണുഗോപാൽ, ഡിവൈഎഫ്ഐ നേതാക്കൾ എന്നിവരടക്കം പാർടി ഒന്നടങ്കം ആ കുടുംബാംഗങ്ങളോടൊപ്പമുണ്ട്. ഭാവിയിലും ആ കുടുംബത്തിന് താങ്ങുംതണലുമായി ഞങ്ങൾ ഉണ്ടാകും.

ഈ ദാരുണസംഭവത്തിന്റെ പേരിൽ രാഷ്ട്രീയമുതലെടുപ്പ് നടത്താനുള്ള യുഡിഎഫിന്റെയും ബിജെപിയുടെയും മറ്റ് സംഘടനകളുടെയും നീക്കം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. ഹീനമായ ഇത്തരം സമീപനങ്ങൾ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർടികൾക്ക് ഭൂഷണമല്ല. കുറ്റമറ്റ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഉടൻ പിടികൂടണം. നിയമത്തിനുമുന്നിൽ കടുത്തശിക്ഷ കിട്ടുന്നവിധമുള്ള നടപടികൾ ഉണ്ടാകണം.

സിപിഐ (എം) കോട്ടയം ജില്ലാ സെക്രട്ടറിയാണ് ലേഖകന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News