കെവിനെ തട്ടിക്കൊണ്ടുപോയി വിലപേശി നീനുവിനെ വീട്ടിലെത്തിക്കുകയെന്നതായിരുന്നു പദ്ധതിയെന്ന് പ്രതി; ഷാനു, ചാക്കോ എന്നിവരെ കോട്ടയത്തെത്തിച്ചു; ചോദ്യം ചെയ്യല്‍ തുടരുന്നു

കെവിന്‍ കൊലക്കേസിലെ മുഖ്യ പ്രതികളായ ഷാനു ചാക്കോയും പിതാവ് ചാക്കോയും പൊലീസ് കോട്ടയത്തെത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അതിനിടെ കേസിന്റെ ആദ്യ ഘട്ടത്തില്‍ അറസ്റ്റിലായ മൂന്ന് പ്രതികളേയും കോടതി റിമാന്‍ഡു ചെയ്തു.

കെവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഒന്നാംപ്രതി ഷാനു ചാക്കോ, പിതാവും അഞ്ചാംപ്രതിയുമായ ചാക്കോ എന്നിവരെ പോലീസ് രാത്രിയോടെയാണ് കോട്ടയത്തെത്തിച്ചത്. പ്രതികള്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ കണ്ടെത്തി പോലീസ് ലൊക്കേഷന്‍ മനസിലാക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാനുവിനെയും പിതാവ് ചാക്കോയെയും കണ്ണൂരിലെ ഇരട്ടിയില്‍ നിന്നും പോലീസ് വലയിലാക്കിയത്.

കെവിനെ തട്ടികൊണ്ടുപോയതിലൂടെ വിലപേശി തന്റെ സഹോദരി നീനുവിനെ തിരികെ വീട്ടിലെത്തിക്കാനായിരുന്നു പദ്ധതിയെന്ന് ഷാനു ചാക്കോ പോലീസിനോട് പറഞ്ഞതായാണ് വിവരം. ക്വട്ടേഷന്‍ സംഘാംഗം മനുവിനെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

കൊലപാതകം തന്റെ മാതാപിതാക്കളുടെ അറിവോടെയാണ് എന്ന് കെവിന്റെ ഭാര്യ നീനു വെളിപ്പെടുത്തിയിരുന്നു. പിതാവും കേസിലെ അഞ്ചാം പ്രതിയുമായ ചാക്കോയുടെ സാന്നിദ്ധ്യവും പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കേസിന്റെ തുടക്കത്തില്‍ പിടിലായ നിയാസ്, റിയാസ് , ഇഷാന്‍ എന്നിവരെ കഴിഞ്ഞ ദിവസം ഏറ്റുമാനൂര്‍ കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ കോട്ടയം സബ് ജയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News