കെവിന്‍റെ കുടുംബത്തിന് സാന്ത്വനമായി കോടിയേരി; കെവിന്‍റെ വീട് കോടിയേരി സന്ദർശിച്ചു

കോട്ടയം : പ്രണയിച്ചതിന്റെ പേരിൽ അരുംകൊലക്ക‌് വിധേയനായ കെവിൻ പി ജോസഫിന്റെ വീട്ടിൽ ആശ്വാസവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ. കോട്ടയം നട്ടാശേരിയിലെ കെവിന്റെ വാടകവീട്ടിലാണ‌് ചൊവ്വാഴ‌്ച രാത്രി എട്ടരയോടെ കോടിയേരി എത്തിയത‌്. സ്വപ‌്നങ്ങൾ മണിക്കൂറുകൾകൊണ്ട‌് തകർന്നടിഞ്ഞ കെവിന്റെ ഭാര്യ നീനുവിനും ഏകമകനെ നഷ്ടമായ അച്ഛനമ്മമാർക്കും അദ്ദേഹം വാക്കുകളിലൂടെ ആശ്വാസം പകര്‍ന്നു. സംരക്ഷിക്കുമെന്ന‌് ഉറപ്പുനൽകി.

കെവിന്റെ അച്ഛൻ ജോസഫിന്റെ കരംഗ്രഹിച്ച‌് കോടിയേരി അൽപസമയം ഒന്നും മിണ്ടാതെ നിന്നു. പിന്നീട‌് ധൈര്യംപകർന്നു. ശേഷം കണ്ണീർവറ്റാത്ത മുഖവുമായി തകർന്നിരുന്ന നീനുവിന്റെ അടുക്കലിരുന്നു. സംഭവത്തിന്റെ ഭീതി ഇപ്പോഴും വിട്ടുമാറാത്ത മുഖവുമായി കെവിനൊപ്പം അക്രമികൾ തട്ടിക്കൊണ്ടുപോയ അനീഷടക്കമുള്ള ബന്ധുക്കൾ നീനുവിനൊപ്പം എപ്പോഴുമുണ്ട‌്. അവർ കോടിയേരിയോട‌് ഇടറുന്ന വാക്കുകളാൽ ദുഃഖം പങ്കുവച്ചു. അനുഭവിച്ച മർദനത്തിന്റെ ഭീകരത അനീഷ‌് കോടിയേരിയോട‌് വിവരിച്ചു. നീതി ലഭിക്കുമെന്നും ഭയപ്പെടേണ്ടതില്ലെന്നും കോടിയേരി അറിയിച്ചു.

അച്ഛൻ ജോസഫിനോടും കോടിയേരി വിവരങ്ങൾ ചോദിച്ചറിഞ്ഞു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി കെവിന്റെ സഹോദരി കൃപയും മുറിയിലുണ്ടായിരുന്നു. കുടുംബത്തിന‌് സ്വന്തമായി വീടില്ലെന്നും ജീവിതോപാധി വേണ്ടത‌് അത്യാവശ്യമാണെന്നും ഒപ്പമുണ്ടായിരുന്ന സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ കോടിയേരിയെ അറിയിച്ചു.

ഇതുസംബന്ധിച്ച‌് സാധ്യമായത‌് തീർച്ചയായും ചെയ്യുമെന്ന‌് കോടിയേരി കുടുംബാംഗങ്ങളെ അറിയിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ‌്, ഏറ്റുമാനൂർ ഏരിയ സെക്രട്ടറി കെ എൻ വേണുഗോപാൽ, ജില്ലാ കമ്മിറ്റിയംഗം അഡ്വ. വി ജയപ്രകാശ‌്, ലോക്കൽ സെക്രട്ടറിമാരായ വി ആർ പ്രസാദ‌്, ടി എം സുരേഷ‌് എന്നിവരും ഒപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News