
രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പണിമുടക്ക് ആരംഭിച്ചു. ഇന്ന് രാവിലെ ആറു മണിക്ക് തുടങ്ങിയ പണിമുടക്ക് ജൂണ്‍ ഒന്നാം തീയ്യതി രാവിലെ 6മണിവരെ നീണ്ടു നില്‍ക്കും.
സേവന, വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. സഹകരണ, ഗ്രാമീണ്‍ ബാങ്കുകള്‍ ഒഴിച്ചുള്ള രാജ്യത്തെ ബാങ്കുകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
ബാങ്ക് ജീവനക്കാരുടെ നിലവിലെ വേതന കരാറിന്റെ കാലാവധി ആറ് മാസം മുമ്പ് തീര്‍ന്നിരുന്നു. തുടര്‍ന്ന് ന്യായമായ രീതിയില്‍ കരാര്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി ചര്‍ച്ച നടത്തി എന്നാല്‍ രണ്ട് ശതമാനം വര്‍ദ്ധനവാണ് ഐബിഎ മുന്നോട്ട് വച്ചതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് യൂണിയനുകളുടെ നിലപാട്.
ഇതിനെതിരെയാണ് ജീവനക്കാര്‍ സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.എന്നാല്‍ ഡിജിറ്റല്‍ സേവനങ്ങളെ പണിമുടക്ക് ബാധിക്കുകയില്ല. പക്ഷേ കൃത്യമായി പണം നിറയ്ക്കാനാകാത്തത് എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നുറപ്പാണ്. സര്‍ക്കാര്‍ പ്രൈവറ്റ് ബാങ്കുകളില്‍ ജോലി ചെയ്യുന്ന 10 ലക്ഷത്തില്‍ അധികം ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ നേതാക്കള്‍ അറിയിച്ചു.
മാസാവസാനത്തെ രണ്ട് ദിവസം ബാങ്ക് അടഞ്ഞ് കിടക്കുന്നതിനാല്‍ ശമ്പള വിതരണം തടസ്സപ്പെടാനും സാധ്യതയുണ്ട്. ശമ്പള പുനക്രമീകരണം നേരത്തെ ആക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും ചീഫ് ലേബര്‍ കമ്മിഷണര്‍ക്കും നല്‍കിയിട്ടുണ്ട്.
ജീവനക്കാരുടെ ശമ്പളം 15 ശതമാനം വര്‍ധിപ്പിക്കണം എന്നതാണ് യൂണിയനുകളുടെ ആവശ്യം. രാവിലെ ആറ് മുതല്‍ വെള്ളിയാഴ്ച രാവിലെ ആറ് മണി വരെ നീണ്ടു നില്‍ക്കുന്ന പണിമുടക്കില്‍ സഹകരണ, ഗ്രാമീണ്‍ ബാങ്കുകള്‍ ഒഴിച്ചുള്ള മറ്റു ബാങ്ക് ജീവനക്കാരെല്ലാം പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here