പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍; കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത. കോണ്‍ഗ്രസ് ആശയങ്ങള്‍ അംഗീകരിക്കുന്നെങ്കില്‍ പ്രണബ് മുഖര്‍ജി ആര്‍എസ്.എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് മുതിര്‍ന്ന് വീരപ്പമൊയ്‌ലി പറഞ്ഞു.

എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ തന്നെയാണ് മുന്‍ രാഷ്ട്രപതിയുടെ തീരുമാനം. ആര്‍.എസ്.എസിന് രാഷ്ട്രിയമായി തൊട്ട് കൂടായ്മയില്ലെന്നും പ്രണബ് മുഖര്‍ജിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ആര്‍.എസ്.എസ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കായി ജൂണ്‍ ഏഴിന് നാഗ്പൂരില്‍ നടക്കുന്ന ചടങ്ങിലാണ് മുഖ്യാതിഥിയായി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കുന്നത്.ഇതിനായുള്ള ആര്‍.എസ്.എസിന്റെ ക്ഷണം സ്വീകരിച്ച പ്രണബ് മുഖര്‍ജിയുടെ നടപടി കോണ്‍ഗ്രസ് ഹൈക്കമാന്റിനെ ഞെട്ടിച്ചു.പിന്തിരിയണമെന്ന ആവശ്യം ഹൈക്കമാന്റ് നേതൃത്വം നേരിട്ട് അറിയിച്ചില്ലെങ്കിലും മുതിര്‍ന്ന് നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണ്.

രാഷ്ട്രപതിയായ ശേഷം രാഷ്ട്രിയ പ്രവര്‍ത്തനത്തിന് അതീതനാണ് താനെന്നാണ് പ്രണബ് മുഖര്‍ജിയുടെ നിലപാട്. എന്നാല്‍ നേതൃസ്ഥാനത്ത് ഇല്ലെങ്കിലും കോണ്‍ഗ്രസ് അംഗത്വം ഇപ്പോഴും സൂക്ഷിക്കുന്ന മുന്‍ രാഷ്ട്രപതി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് മുന്‍ മന്ത്രി വീരപ്പ മൊയ്‌ലി പ്രതികരിച്ചു.ചടങ്ങില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു നേതാവ് സി.കെ.ജാഫര്‍ ഷെരീഫ്,പ്രണബ് മുഖര്‍ജിക്ക് കത്തെഴുതി.

എന്നാല്‍ സല്‍മാന്‍ ഖുര്‍ഷിദ് മുന്‍ രാഷ്ട്രപതിയുടെ തീരുമാനത്തെ പിന്താങ്ങുന്നു. പ്രണബിനെ ഇപ്പോഴും വിശ്വാസമുണ്ടെന്നും ദേശിയതയെക്കുറിച്ച് അദേഹം നിലപാട് വ്യക്തമാക്കുമെന്നും ഖുര്‍ഷിദ് പറഞ്ഞു. അതേ സമയം പ്രണബ് മുഖര്‍ജിയെ വിമര്‍ശിക്കരുതെന്ന് വക്താക്കള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി.പകരം ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത് മുന്‍ രാഷ്ട്രപതി നടത്തുന്ന പ്രസംഗം വീക്ഷിക്കും.

ആവശ്യമുണ്ടെങ്കില്‍ അതിന് ശേഷം പ്രതികരിക്കാനാണ് തീരുമാനം. ആര്‍.എസ്.എസ് രാജ്യത്ത് തീവ്രവാദം വളര്‍ത്തുന്ന പാര്‍ടിയാണന്ന് എ.ഐ.സി.സി ബൂരാരി സമ്മേളനത്തിലെ പ്രമേയമടക്കം തയ്യാറാക്കിയിട്ടുള്ള പ്രണബ് മുഖര്‍ജിയുടെ നിലപാട് മാറ്റം ഹൈക്കമാന്റില്‍ ആശങ്കയുണ്ടാക്കുന്നു.ബിജെപിക്കെതിരെ മതേതര സംഖ്യത്തിന് നേതൃത്വം നല്‍കാനുള്ള കോണ്‍ഗ്രസ് താല്‍പര്യത്തിനിടയിലാണ് പ്രണബിന്റെ ഈ നീക്കമെന്നതും ശ്രദ്ധേയം.

ചടങ്ങില്‍ പിന്തിരിയില്ലെന്ന് പ്രണബ് മുഖര്‍ജിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ആര്‍.എസ്.എസ് രാഷ്ട്രിയമായി തൊട്ട് കൂടായ്മയുള്ള പാര്‍ടിയല്ലെന്നാണ് മുന്‍ രാഷ്ട്രപതിയുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel