കുറ്റക്കാരായ പൊലീസുകാരെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി; പ്രതിപക്ഷ നേതാവ് വിടുവായത്തം പറയാന്‍ കേമന്‍; ചില മാധ്യമങ്ങള്‍ നാടിനെ അപമാനിക്കാന്‍ ശ്രമിക്കുന്നു

തിരുവനന്തപുരം: കുറ്റക്കാരായ പൊലീസുകാരെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്നും അവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇത്തരം കര്‍ശന നടപടികള്‍ പൊലീസ് സംവിധാനത്തിനാകെ നല്‍കുന്ന സന്ദേശമാണ്. കുറ്റക്കാര്‍ പൊലീസല്ലെ അവര്‍ക്ക് സംരക്ഷണം നല്‍കാം എന്ന ചിന്തയൊന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ചയുണ്ടായി. അതുകൊണ്ടുതന്നെയാണ് ഉടനടി നടപടിയെടുത്തത്. കുറ്റക്കാരെന്ന് കണ്ടവരെ ഉടനെ സസ്‌പെന്‍ഡ് ചെയ്തു. തുടരന്വേഷണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

60000 പൊലീസ് അംഗങ്ങളുള്ളതില്‍ ഒന്നോ രണ്ടോ പേര്‍ വരുത്തുന്ന വീഴ്ചക്ക് പൊലീസിനെയാകെ കുറ്റപ്പെടുത്താനാവില്ല. പൊലീസ് സര്‍ക്കാരിന്റെ ഭാഗമായതിനാല്‍ സര്‍ക്കാരിനെതിരെയും വിമര്‍ശനം ഉയരാം. അത് സ്വാഭാവികം മാത്രമാണ്. കര്‍ക്കശമായ നടപടി എടുക്കുന്നതും അതിനാലാണ്.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്നിടത്ത് ആ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ എസ് ഐ വരണമെന്നുള്ളത് നേരത്തെയുള്ളതാണ്. എന്നാല്‍ ഗാന്ധിനഗര്‍ സ്‌റ്റേഷന്‍ പരിധിയില്‍ അന്ന് മുഖ്യമന്ത്രിയുടെ പരിപാടി വൈകിട്ട് മൂന്നിനായിരുന്നു. പൊലീസിന് രാവിലെതന്നെ കെവിന്‍ വിഷയത്തില്‍ പരാതി ലഭിച്ചിരുന്നു.

എന്നിട്ടും നടപടിയെടുക്കാതിരുന്നത് വൈകിട്ട് മുഖ്യമന്ത്രിയുടെ പരിപാടിയുള്ളതിനാല്‍ ആണെന്ന് പറയുന്നത് വലിയ തോതിലുള്ള കൃത്യവിലോപമാണ്. അത്തരം കാര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശക്തമായ സന്ദേശംതന്നെയാണ് പൊലിസിന് കൊടുത്തത്. നേരത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതുമാണ്.

പൊലീസ് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. എന്നാല്‍ ചില ഒറ്റപ്പെട്ട കാര്യങ്ങള്‍ ഉണ്ടാകുന്നു. അപ്പോള്‍ കര്‍ശനമായ നടപടി എടുക്കുന്നുണ്ട്.

കെവിന്റെ വീട്ടില്‍ സന്ദര്‍ശിക്കണമോ എന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. സംഭവത്തില്‍ ആവശ്യമായ നടപടികളാണ് എടുക്കേണ്ടത്. കേസില്‍ മുഖ്യപ്രതികളയടക്കം പിടിച്ചു. വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസ് അന്വേഷണം പുരോഗമിക്കുന്നുമുണ്ട്.

പ്രതിപക്ഷ നേതാവ് വിടുവായത്തം പറയാന്‍ കേമനാണ്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനം എന്താണെന്ന് അദ്ദേഹത്തിനറിയില്ല. അതാണ് കൊലപാതകത്തിന് മുഖ്യമന്ത്രിയാണ് ഉത്തരവാദി എന്ന തൃമരത്തില്‍ സംസാരിക്കുന്നത്.

മാധ്യമങ്ങളുടെ വാര്‍ത്തകളെ പോസിറ്റീവ് ആയാണ് കാണുന്നത്. വാര്‍ത്തകള്‍ വാര്‍ത്തകളായും ചര്‍ച്ചകളായും പറഞ്ഞോളൂ. എന്നാല്‍ വാര്‍ത്തകളെന്ന പേരില്‍ വിധിപറയുന്നത് ശരിയായ മാധ്യമപ്രവര്‍ത്തനമല്ല.

വിമര്‍ശനങ്ങള്‍ ഒന്നും തെറ്റല്ല. എന്നാല്‍ വസ്തുതകള്‍ ഉണ്ടായിരിക്കേണ്ടേ. ഇന്ന് തന്നെ ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയാണ് കെവിന്‍ കേസില്‍ ഐജി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന്. അങ്ങിനെയൊന്ന് ഉണ്ടായിട്ടില്ല. അപ്പോ കൊടുക്കും എന്നാക്കി വാര്‍ത്ത. ഇതെല്ലാമല്ലെ നടക്കുന്നത്.

ശരിയായ വിമര്‍ശനം മനസിലാക്കാം. എന്നാല്‍ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയതിനാലാണ് പൊലീസ് അന്വേഷിക്കാതിരുന്നതെന്നും അതിനാല്‍ മുഖ്യമന്ത്രിയാണ് ഉത്തരവാദിയെന്നുമുള്ള വിമര്‍ശനങ്ങള്‍ ശരിയല്ല.

ചോദ്യങ്ങള്‍ ആകാം. എന്നാല്‍ വസ്തുകളുമായി ബന്ധമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചതിനാലാണ് കഴിഞ്ഞ ദിവസം ഏതു ചാനലില്‍ നിന്നാണെന്നു ചോദിച്ചത്. ഒരു ചാനലിന്റെ ഭാഗമായി എത്തിയ മാധ്യമപ്രവര്‍ത്തക അവര്‍ക്ക് മുകളില്‍നിന്നും കിട്ടിയ നിര്‍ദ്ദേശത്തിന്റെ ഭാഗമായി ഒരു കാര്യം ചോദിക്കുന്നു.

അപ്പോള്‍ അവര്‍ ആരെന്നും ആ നിര്‍ദ്ദേശം നല്‍കിയവര്‍ ആരെന്നും ജനത്തിനെ മനസിലാക്കിക്കേണ്ട ഉത്തരവാദിത്വം എനിക്കുണ്ടല്ലോ. അത് നിങ്ങള്‍ ആരാണ് എന്ന് സമൂഹത്തിനെ അറിയിക്കുന്നതിനാണ്. അത് സ്വാഭാവികമാണ്.

വസ്തുതകള്‍ മനസിലാക്കിയല്ല. ചില മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്. അത് തെറ്റായ കാര്യമാണ്. അപമാനിക്കാനാണ് ശ്രമിച്ചത്. കൊലപാതകി എന്ന സന്ദേശം പടര്‍ത്താനാണ് ശ്രമിച്ചത്. അത് ശരിയല്ല.

പൊലീസില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടായാല്‍ ഗൗരവമായ നടപടി എടുത്തിട്ടുണ്ട്. കൂടുതല്‍ ഗൗരവമായ നടപടി നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ പരിഗണിക്കാമെന്നും മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News