ആരാധകര്‍ സെലിബ്രിറ്റകളുടെ സെല്‍ഫി എടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ ആരാധകനെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുന്ന ഒരു സൂപ്പര്‍ സ്റ്റാര്‍ ഉണ്ട്.

സമയവും സാഹചര്യവും സന്ദര്‍ഭവുമൊന്നും നോക്കാതെ തന്നെ താനാക്കി മാറ്റിയ ആരാധകനായി വഴിയോരത്തും സെല്‍ഫിക്കായ് പോസ് ചെയ്യുന്ന നമ്മുടെ സ്വന്തം തലൈവ. അതെ മറ്റാരുമല്ല, സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്.

തന്നെ പിന്തുടര്‍ന്നെത്തിയ ഒരു ചെറുപ്പക്കാരനു വേണ്ടി യാത്രാ ലക്ഷ്യം മറന്ന് അവന്റെ ആവശ്യം ആരായുകയായിരുന്നു അദ്ദേഹം.

സംഭവം ഇങ്ങനെ:
രജനീകാന്ത് വീട്ടില്‍ നിന്നും വിമാനത്താവളത്തിലേക്ക് പോകുന്നത് കണക്കാക്കി ഒരു ആരാധകന്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. രജനിയുടെ വീട്ടിന് പുറത്തുനിന്ന ആരാധകന്‍ അദ്ദേഹത്തിന്റെ വണ്ടി പുറത്തിറങ്ങിയതും പുറകെ പിടിപ്പിച്ചു.

കുറച്ചുദൂരം എത്തിയപ്പോള്‍ രജനി തന്നെ ആരാധകനെ വണ്ടിയില്‍ നിന്ന് കാണുകയും ഇടയ്ക്കുവച്ച് നിര്‍ത്തി എന്താകാര്യമെന്ന് ചോദിക്കുകയും ചെയ്തു. ‘തലൈവാ ഒരേ ഒരു ഫോട്ടോ തലൈവാ’ എന്നു പറഞ്ഞ ആ ചെറുപ്പക്കാരനോട് രജനി പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.

‘അതിനെന്താടാ കണ്ണാ’.

ഇതു കേട്ട ആരാധകന്റെ പിന്നീടുള്ള വികാരം ഊഹിക്കാമല്ലോ. രജനിക്കൊപ്പമുള്ള ഫോട്ടോ സഹിത ട്വിറ്ററില്‍ പങ്കുവെച്ചു കൊണ്ട് ആ യുവാവ് തന്നെയാണ് ഇക്കാര്യം എല്ലാവരേയും അറിയിച്ചിരിക്കുന്നത്.