നിപ; കോഴിക്കോട് രണ്ട് പേര്‍ കൂടി മരിച്ചു

നിപ രോഗം ബാധിച്ച് കോഴിക്കോട് രണ്ട് പേര്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുളള അഖില്‍, സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധുസൂദനന്‍ എന്നിവരാണ് ബൂധനാഴ്ച മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 16 ആയി. അതേസമയം മൃഗസംരക്ഷണ സംഘം പിടികൂടിയ പഴം തീനി വവ്വാലുകളെ പരിശോധനയക്കായി ഇന്ന് ഭോപ്പാലിലേക്ക് അയക്കും.

ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് കോഴിക്കോട് കാരശ്ശേരി സ്വദേശി അഖില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അഖിലിന് ബുധനാഴ്ച വൈകീട്ടോടെ രോഗം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിപ സ്ഥീരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മധുസൂദനനും മരിച്ചു. ഇയാള്‍ കുറച്ച് ദിവസമായി ചികിത്സയിലായിരുന്നു.

ഇതോടെ നിപ സ്ഥിരീകരിച്ച് മരിക്കുന്നവരുടെ എണ്ണം 16 ആയി. ആദ്യം മരിച്ച സാബിദ് ഒഴികെയുളള 17 പേര്‍ക്കാണ് ഇതിനകം രോഗം സ്ഥീരീകരിച്ചത്. 2 പേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. 3 പേര്‍ ബുധനാഴ്ച നിപ്പ സംശയത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഇതോടെ നിപ ലക്ഷങ്ങളോടെ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 9 ആയി.

രോഗം സ്ഥിരീകരിച്ചവരുമായി ബന്ധമുളള 1353 പേര്‍ നിരീക്ഷണത്തിലാണ്. കേരളത്തില്‍ കണ്ടെത്തിയ വൈറസിന് ബംഗ്ലാദേശില്‍ കണ്ടെത്തിയതുമായി ജനിതക സാമ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ ആര്‍ എല്‍ സരിത പറഞ്ഞു.

നിപയുടെ ഉറവിടം സ്ഥിരീകരിക്കാനായി ചങ്ങരോത്ത് നിന്ന് പഴം വവ്വാലുകളെ മൃഗസംരക്ഷണ വകുപ്പ് പിടികൂടിയിട്ടുണ്ട്. ഇവയെ ഇന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയക്കും. പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നെത്തിയ സംഘവും വവ്വാല്‍ സാമ്പിളുകള്‍ ശേഖരിച്ചു വരുന്നു.

അതേസമയം വടകര അഴിയൂരില്‍ ജപ്പാന്‍ ജ്വരം ബാധിച്ച് ഒരാള്‍ മരിച്ചു്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ പത്മിനിയാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News