ജനങ്ങളാണ് ആത്യന്തിക വിധികര്‍ത്താക്കളെന്ന് ചെങ്ങന്നൂര്‍ വിധി തെളിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി; ജാതിമത വേര്‍തിരിവുകള്‍ക്കപ്പുറം, വികസന കാഴ്ചപ്പാടുകള്‍ ജനങ്ങളെ ഒന്നിപ്പിക്കുന്നു

തിരുവനന്തപുരം: ജനങ്ങളാണ് ആത്യന്തിക വിധികര്‍ത്താക്കളെന്നും ആ വിധി എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയനിലപാടുകള്‍ക്കുള്ള അതിഗംഭീര പിന്തുണയുടെ വിളംബരമായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ജാതിമത വേര്‍തിരിവുകള്‍ക്കെല്ലാം അതീതമായി എല്ലാ വിഭാഗങ്ങളുടേയും പിന്തുണ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ എല്‍ഡിഎഫിനും സര്‍ക്കാരിനും ലഭിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടിയതിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി മത വേര്‍തിരിവുകള്‍ക്കപ്പുറം, വികസന കാഴ്ചപ്പാടുകള്‍ ജനങ്ങളെയാകെ ഒന്നിപ്പിക്കുന്നു എന്നതും ഈ ജനവിധി തെളിയിക്കുന്നു. ജാതിമത കള്ളികളില്‍ ആളുകെ വേര്‍തിരിച്ചു നിര്‍ത്തുകയും അത്തരം കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലുള്ള വിലപേശലുകള്‍ക്കും യാതൊരു പ്രസക്തിയില്ലാത്ത കാലം കേരളത്തില്‍ പിറക്കുന്നു എന്നി വിജയം തെളിയിക്കുകയാണ്.

നന്മയുടെ, ക്ഷേമത്തിന്റെ, വികസനത്തിന്റെ, മതനിരപേക്ഷതയുടെ ഒക്കെ കാര്യം വരുമ്പോള്‍ അതിനൊപ്പം നില്‍ക്കാന്‍ ജാതിയോ മതമോ മറ്റെന്തെങ്കിലുമോ തടസമല്ല എന്നുള്ള പുതിയ സംസ്‌കാരം രൂപപ്പെട്ട് വന്നിരിക്കുന്നു.

ഇടതുപക്ഷ ജനാധിപത്യ മതേതരത്വ രാഷ്ട്രീയ സംസ്‌കാരം മാത്രമാണ് നാടിന്റെ സമാധാനത്തിനും വികസനത്തിനും ഒരുപോലെ വഴിതെളിയിക്കുന്നതെന്ന വസ്തുത ജനങ്ങളാകെ ഒരുപോലെ ആംഗീകരിക്കുന്നു എന്ന് ഈ വിജയം വ്യക്തമാക്കുന്നു.

എല്‍ഡിഎഫിന്റെ ഭൂരിപക്ഷത്തില്‍ വന്ന വര്‍ധന എല്‍ഡിഎഫിന്റെ രാഷ്ട്രീയ അടിത്തറയിലുള്ള വ്യാപ്തിയും ശക്തിയുമാണ് വിളംബരം ചെയ്യുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമില്ലാതിരുന്ന ഒരു വലിയ സമൂഹം എല്‍ഡിഎഫിനൊപ്പം വരുന്നു. സര്‍ക്കാര്‍ നടപടികളെ പിന്തുണക്കുന്നു എന്നാണ് തെളിഞ്ഞിരിക്കുന്നത്.

അത്തരത്തില്‍ പുതുതായി എല്‍ഡിഎഫിനൊപ്പം അണിനിരന്ന ജനങ്ങളെ പ്രത്യേകം അഭിവാദ്യം ചെയ്യുന്നു. നിരവധി വിവാദങ്ങള്‍ ഈ ഘട്ടത്തില്‍ ഉയര്‍ന്നുവന്നിരുന്നു.

എന്നാല്‍ വിവാദങ്ങള്‍ക്ക് പിറകെ പോകാതെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരം കൂടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫാസിസ്റ്റ് സ്വഭാവത്തിലൂടെ ജനങ്ങളുടെ ഒരുമയെ ശിഥിലീകരിക്കുകയും രാഷ്ട്രീയ ലാഭമുണ്ടാക്കുകയും ചെയ്യുന്ന ബിജെപിയേയും അതിന്റെ മുന്നണിയേയും പ്രബുദ്ധരായ കേരള ജനത ഒരിക്കലും അംഗീകരിക്കില്ല എന്നതും ഈ തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുകയാണ്.

വികസനപ്രവര്‍ത്തനങ്ങളോട് രാഷ്ട്രീയ നിരപേക്ഷമായ സമീപനമായിരുന്നു യുഡിഎഫ് ഭരണകാലത്ത് എല്‍ഡിഎഫ് സ്വീകരിച്ചിരുന്നത്.

എന്നാല്‍ എല്‍ഡിഎഫ് ഭരണകാലത്ത് വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News