ദേശീയതലത്തിലും തകര്‍ന്നടിഞ്ഞ് ബിജെപി; രണ്ടു ലോക്‌സഭാ സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ടു; പതിനൊന്ന് നിയമസഭാ സീറ്റുകളില്‍ ലഭിച്ചത് ഒന്നു മാത്രം

ദില്ലി: നാലു ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകളിലും പതിനൊന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിയ്ക്ക് വന്‍ പരാജയം.

ലോക്‌സഭാ സിറ്റിങ്ങ് സീറ്റുകളായ ഉത്തര്‍പ്രദേശിലെ കയ്‌റാനയും മഹാരാഷ്ട്രയിലെ ഭണ്ഡാരഗോണ്ടിയ മണ്ഡലവും ബിജെപിയെ കൈവിട്ടു. പതിനൊന്ന് നിയമസഭാ സീറ്റുകളില്‍ കേന്ദ്ര ഭരണപാര്‍ടിയ്ക്ക് ലഭിച്ചത് ഒരു സീറ്റ് മാത്രം.

പഞ്ചാബില്‍ ശിരോമണി അകാലിദളിന്റെ കോട്ടയായി അറിയപ്പെടുന്ന ശാഹ്‌ഘോട്ട് മണ്ഡത്തില്‍ 20 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചു. ബീഹാറില്‍ ബിജെപി സിറ്റിങ്ങ് സീറ്റായ ജോഘിഹട്ട് ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡി പിടിച്ചെടുത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ പതിനൊന്ന് സംസ്ഥാനങ്ങളിലായി നടന്ന ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ ഫലം സംഘപരിവാറിനും ബിജെപിയ്ക്കും കനത്ത തിരിച്ചടി. ഉത്തര്‍പ്രദേശിലെ കയ്‌റാന സിറ്റിങ്ങ് സീറ്റ് അരലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തില്‍ ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥി തബുസും ഹസന്‍ പിടിച്ചെടുത്തു.

ഗോരഖ്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങള്‍ക്ക് പിന്നാലെയാണ് കയ്‌റാനയും കൈവിട്ടത് യോഗി ആദിത്യനാഥിനും സംഘത്തിനും വലിയ പ്രഹരമായി. ഉപതിരഞ്ഞെടുപ്പ് നടന്ന നൂര്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ആറായിരത്തിലേറെ വോട്ടിന് സമാജവാദി സ്ഥാനാര്‍ത്ഥി വിജയച്ചു.

ശിവസേന-ബിജെപി പോരാട്ടത്തിലൂടെ ശ്രദ്ധേയമായ മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഭൂരിപക്ഷം കുറഞ്ഞെങ്കിലും സീറ്റ് നിലനിറുത്താനായത് ബിജെപിയ്ക്ക് ആശ്വാസമായി. എന്നാല്‍ മറ്റൊരു സിറ്റിങ്ങ് സീറ്റായ ഭണ്ഡാരഗോണ്ടിയ മണ്ഡലത്തില്‍ എന്‍.സിപി വിജയകൊടി പാറിച്ചു.

നാഗാലാന്റില്‍ എന്‍ഡിഎ സഖ്യകക്ഷിയായ എന്‍.ഡിപിപി സീറ്റ് നിലനിറുത്തി.പത്ത് നിയമസഭാ സീറ്റുകളിലും ബിജെപിയ്ക്ക് കൈപൊള്ളി. പതിനൊന്ന് സീറ്റുകളില്‍ ഉത്തരാഖണ്ഡിലെ തരാളി മണ്ഡലം ഒഴികെ പത്തിടത്തും പരാജയം.

ബീഹാറില്‍ നിധീഷ്‌ലാലു പോരാട്ടമായി വിലയിരുത്തിയ ജോഘിഹട്ട് ഉപതിരഞ്ഞെടുപ്പില്‍ ലാലുപ്രസാദ് യാദവിന്റ ആര്‍ജെഡി നാല്‍പത്തിനായിരത്തിലേറെ വോട്ടിന് വിജയിച്ചു. ബിജെപിയുടെ സിറ്റിങ്ങ് സീറ്റാണിത്.

പഞ്ചാബില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലിദളിന്റെ കോട്ടയായി അറിയപ്പെടുന്ന ഷാഹ്‌ഘോട്ടില്‍ 20 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് അട്ടിമറി വിജയം നേടി.

എംഎല്‍എമാര്‍ അഴിമതി കേസില്‍ ജയിലിലായതിനാല്‍ തിരഞ്ഞെടുപ്പ് വേണ്ടി വന്ന ജാര്‍ഖണ്ഡിലെ ഗോമിയ,സിറ്റി മണ്ഡലങ്ങള്‍ ജെ.എം.എം നിലനിറുത്തി.

പശ്ചിമബംഗാളിലെ മഹേശ്ത്താലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. മേഘാലയിലെ അമപാട്ട് മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി മുഗള്‍ സാഗ്മയുടെ മകന്‍ മിയാനി ഡി ശര്‍മ്മ വിജയിച്ചു.

ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസ് 22 സീറ്റോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. കര്‍ണ്ണാടകയിലെ ആര്‍.ആര്‍ നഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നാല്‍പത്തിനാലായിരത്തിലേറെ വോട്ടിന് വിജയിച്ചു.

ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഭരണകക്ഷിയായ ജെഡിഎസ് ഇരുപതിനായിരം വോട്ടിന് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here