രണ്ടാം മോദി സര്‍ക്കാരെന്ന ബിജെപി മോഹങ്ങള്‍ക്ക് തിരിച്ചടിയായി ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍; ഒന്നിച്ചു നില്‍ക്കുന്ന മതേതര പാര്‍ട്ടികള്‍ക്ക് മുമ്പില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്ന തിരിച്ചറിവില്‍ ബിജെപി

രണ്ടാം മോദി സര്‍ക്കാരെന്ന ബിജെപിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പുകളിലെ ഫലം.

ഒരുമിച്ച് നില്‍ക്കുന്ന മതേതര പാര്‍ടികള്‍ക്ക് മുമ്പില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്ന തിരിച്ചറിവാണ് ബിജെപിയ്ക്ക് ഉത്തര്‍പ്രദേശിലെ കയ്‌റാന, നൂര്‍പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്.

ആര്‍.എല്‍.ഡി-സമാജവാദി- ബി.എസ്.പി സഖ്യത്തിന് പിന്നില്‍ ജാട്ട്, മുസ്ലീം സമുദായങ്ങള്‍ അടിയുറച്ച് നിന്നപ്പോള്‍ തീവ്ര ഹിന്ദുവോട്ടുകളിലും ചോര്‍ച്ചയുണ്ടായത് മോദി-അമിത് ഷാ കേന്ദ്രങ്ങളെ ഞെട്ടിച്ചു.

2013 ആഗസ്റ്റില്‍ ഉണ്ടായ മുസാഫിര്‍ കലാപം പശ്ചിമ യുപിയിലെ സീറ്റുകള്‍ നേടി കേന്ദ്ര ഭരണം പിടിച്ചടുക്കാന്‍ കാവിപാര്‍ടിയ്ക്ക് സഹായകരമായി.

ആര്‍എസ്എസും- സംഘപരിവാരും വിതച്ച് ,നൂറ് മേനി കൊയ്ത ആ വര്‍ഗിയ കാലം പിന്നിട്ട ഉത്തര്‍പ്രദേശിനെയാണ് മുസാഫിറിന് സമീപമുള്ള നൂര്‍പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കണ്ടത്.വര്‍ഗിയ സംഘര്‍ഷങ്ങള്‍ പണിത വിഭജനമതിലുകള്‍ പൊളിച്ച് ജാട്ട്,മുസ്ലീം,ദളിത് വിഭാഗങ്ങള്‍ കൈകോര്‍ത്തിരിക്കുന്നു.

ജാട്ട് വിഭാഗത്തിന് ഭൂരിപക്ഷമുള്ള കയ്‌റാനയില്‍ 30 ശതമാനത്തിലേറെ മുസ്ലീം വോട്ടുകള്‍ ഉണ്ട്.ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥിയെ നിറുത്തിയപ്പോള്‍ സമാജവാദിയും,ബി.എസ്.പിയും പിന്തുണച്ചു. ഗോരഖ്പൂര്‍ മുതല്‍ യുപിയില്‍ കണ്ട് വരുന്ന സഖ്യത്തിലേയ്ക്ക് ആര്‍.എല്‍.ഡി കൂടി എത്തി.

പക്ഷെ ന്യൂനപക്ഷ വോട്ടുകള്‍ക്കെതിരെ ഹിന്ദുവോട്ടുകള്‍ ഏകീകരിക്കപ്പെടുന്ന മുസാഫിര്‍ കാലപാനന്തര സ്ഥിതി വിശേഷം ഇത്തവണയും കണക്ക് കൂട്ടിയ ബിജെപി വിജയം പ്രതീക്ഷിച്ചു.

ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാത്ത പ്രധാനമന്ത്രി മണ്ഡലത്തിന് സമീപം റോഡ് ഷോ നടത്തിയും രംഗം കൊഴുപ്പിച്ചു. എന്നാല്‍ അതൊന്നും വിജയം കണ്ടില്ല.

2014ല്‍ 50 ശതമാനം വോട്ട് നേടി രണ്ടര ലക്ഷത്തിന് വിജയിച്ച കയ്‌റാനയില്‍, ഇത്തവണ രൂപപ്പെട്ട പ്രതിപക്ഷ ഐക്യത്തിന് മുന്നില്‍ ബിജെപി പരാജയമേറ്റുവാങ്ങി.

പ്രതിപക്ഷ സഖ്യത്തിന് മുന്നില്‍ തളര്‍ന്ന് പോകുന്ന ഭരണകക്ഷിയ്ക്ക് 2019ല്‍ യുപിയില്‍ വിജയിക്കുക എളുപ്പമാകില്ല. നിയമസഭയിലെ സ്ഥിതി വിശേഷവും മറിച്ചല്ലെന്ന് നൂര്‍പൂറിലെ സമാജവാദി വിജയം തെളിയിക്കുന്നു.

അന്തരിച്ച എം.എല്‍.എ ലോകേന്ദ്ര സിങ്ങ് ചൗഹാന്റെ ഭാര്യ അര്‍ണിഷ് സിങ്ങിന് സ്ഥാനാര്‍ത്ഥിത്വം നല്‍കി സീറ്റ് നിലനിറുത്താനാണ് ബിജെപി ശ്രമിച്ചത്.

സഹതാപ വോട്ടുകള്‍ തുണയാകുമെന്ന് കരുതി.പക്ഷെ സമാജവാദി-ബി.എസ്.പി സഖ്യം വീണ്ടും അത്ഭുതം സൃഷ്ട്ടിച്ചു.

പന്ത്രണ്ടായിരം വോട്ടുകള്‍ക്ക് ബിജെപി പരാജയപ്പെട്ടു.ഒരു വര്‍ഷം മുമ്പ് ഭരണത്തിലെത്തിയ യോഗി ആദിത്യനാഥ് സര്‍ക്കാരിനോടുള്ള എതിര്‍പ്പും പരാജയ കാരണമായി. രാജ്യത്ത് മൂബൈ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന ഇന്ധന വിലയുള്ളതും യുപിയിലാണ്.

ജനങ്ങളെ കൈയ്യിലെടുക്കാനും വിശ്വാസ്യതയുള്ള ഭരണസംവിധാനം ഉണ്ടാക്കാന്‍ കഴിയാത്തതും യോഗിയുടെ പോരായ്മയായി. 80ല്‍ 71 സീറ്റ് യുപിയില്‍ നേടിയത് 2014ല്‍ മോദിയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തുണയായി.

എന്നാല്‍ നിലവിലെ പ്രതിപക്ഷ ഐക്യം തുടരുകയാണങ്കില്‍ അടുത്ത വര്‍ഷം യുപിയില്‍ വാരണാസിയിലെ സീറ്റെങ്കിലും നിലനിറുത്തുക എളുപ്പമാകില്ലെന്ന് വ്യക്തമാക്കുകയാണ് ഉപതിരഞ്ഞെടുപ്പ് ഫലം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News