സ്ത്രീകളുടെ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ പൊലീസ് പലപ്പോഴും ഉദാസീനത കാട്ടുന്നു; എം സി ജോസഫൈന്‍

സ്ത്രീകളുടെ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ പൊലീസ് പലപ്പോഴും ഉദാസീനത കാട്ടുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. പൊലീസിന്റെ വികലമായ ഇത്തരം സമീപനത്തിനെതിരെ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു.

കോട്ടയം നട്ടാശേരിയില്‍ കെവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ബുധനാഴ്ച കെവിന്റെ വീട്ടിലേക്ക് വരും വഴി വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിതാ കമ്മീഷൻ അധ്യക്ഷ MC ജോസഫൈൻ, ആശുപത്രി വിട്ടശേഷം വ്യാഴാഴ്ച്ച ഉച്ചയോടെയാണ് കെവിന്റെ വീട്ടിലെത്തിയത്.

കെവിന്റെ ഭാര്യ നീനുവിനെയും മറ്റ് കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച ജോസഫൈന്‍ കേസ് അന്വേഷണം അടക്കം എല്ലാ കാര്യങ്ങളിലും വനിതാ കമ്മീഷന്‍ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കി.

നീതി നിര്‍വഹണത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ച ഗൗരവമുള്ളതാണ്. സ്ത്രീകളുടെ പരാതികള്‍ പലപ്പോഴും അവഗണിക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു.

പൊലീസിന്റെ ഇത്തരം സമീപനം ചര്‍ച്ചചെയ്യപ്പെടണമെന്നും സ്ത്രീകളുടെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സംവിധാനം രൂപപ്പെടുത്തുമെന്നും അവർ വ്യക്തതമാക്കി. ദുരഭിമാന കൊലപാതകം ലജ്ജിപ്പിക്കുന്ന സംഭവമാണ്.

മുഴുവന്‍ പ്രതികളേയും എത്രയും വേഗം പിടികൂടണമെന്നും ആവശ്യപ്പെട്ട വനിത കമ്മീഷന്‍ അധ്യക്ഷ, കെവിന്റെ കുടുംബത്തിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News